നവൽനിയുടെ മരണകാരണം ‘സഡൻ ഡെത്ത് സിൻഡ്രോം’; മൃതദേഹം എവിടെയെന്ന് വ്യക്തമാക്കാതെ റഷ്യ

Mail This Article
മോസ്കോ∙ റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവൽനി (47) മരിച്ചത് ‘സഡൻ ഡെത്ത് സിൻഡ്രോം’ ബാധിച്ചാണെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ മൃതദേഹം കുടുംബത്തിനു കൈമാറില്ലെന്നും അദ്ദേഹത്തിന്റെ അമ്മയോടു ജയിൽ അധികൃതർ പറഞ്ഞതായി നവൽനിയുടെ ഓഫിസ്. അതിശൈത്യമേഖലയായ റഷ്യയിലെ യമോല നെനറ്റ്സ് പ്രവിശ്യയിലെ ജയിലിൽ പ്രഭാതനടത്തത്തിനുശേഷം കുഴഞ്ഞുവീണാണ് നവൽനി മരിച്ചതെന്നാണ് അറിയിച്ചത്.
മൈനസ് 30 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള സ്ഥലത്ത് നവൽനിയുടെ അമ്മ ല്യൂഡ്‌മില (69) എത്തിയതായും മരണം സ്ഥിരീകരിച്ച ഔദ്യോഗിക അറിയിപ്പ് അവർക്കു ലഭിച്ചെന്നും നവൽനിയുടെ ഓഫിസ് വ്യക്തമാക്കി. ‘സഡൻ ഡെത്ത് സിൻഡ്രോം’ ആണ് മരണകാരണമെന്നാണ് ഔദ്യോഗിക അറിയിപ്പിലുള്ളത്.
പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും മരണത്തിനും കാരണമാകുന്ന കാർഡിയാക് സിൻഡ്രോമിനാണ് ‘സഡൻ ഡെത്ത് സിൻഡ്രോം’ എന്നു പറയുന്നത്. നവൽനിയുടെ മൃതദേഹം എവിടെയാണെന്നു വ്യക്തമല്ലെന്നും അദ്ദേഹത്തിന്റെ സംഘം പറഞ്ഞു. ജയിൽ സമുച്ചയത്തിനു സമീപമുള്ള നഗരമായ സലേഖർഡിലേക്കു മൃതദേഹം കൊണ്ടുപോയതായി അമ്മയോടു പറഞ്ഞിരുന്നുവെങ്കിലും മോർച്ചറിയിൽ എത്തിയപ്പോൾ അത് അടച്ചിരിക്കുകയായിരുന്നെന്ന് അവർ വ്യക്തമാക്കി. .
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള ലോകനേതാക്കൾ നവൽനിയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ചു. മരണത്തിന് ഉത്തരവാദി പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനാണെന്നു പരോക്ഷമായി ആരോപിക്കുകയും ചെയ്തു. നവൽനിയുടെ മരണത്തിൽ റഷ്യയ്ക്ക് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ബ്രിട്ടൻ പറഞ്ഞു. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ പ്രതികരണം അസ്വീകാര്യവും തികച്ചും വെറുപ്പുള്ളവാക്കുന്നതുമാണെന്ന് റഷ്യ മറുപടി നൽകി. അതേസമയം, നവൽനിയുടെ മരണത്തെക്കുറിച്ച് പുട്ടിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.