വിശ്രമമില്ലാതെ മോദി, മാരത്തൺ പ്രചാരണം; ദക്ഷിണേന്ത്യയിൽ വോട്ടുറപ്പിക്കാൻ ബിജെപി
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ദക്ഷിണേന്ത്യയിൽ വോട്ടുറപ്പിക്കാൻ ലക്ഷ്യമിട്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് രംഗത്തിറക്കിയാണു പ്രചാരണം. കേരളം, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ മോദി ഇന്നു മാരത്തൺ പ്രചാരണമാണു നടത്തുക. പരമാവധി സീറ്റുകളിൽ വിജയിക്കുകയും വോട്ടുവിഹിതം വർധിപ്പിക്കുകയുമാണു ലക്ഷ്യം.
കേരളത്തിൽ ഹിന്ദു വോട്ടുകൾക്കൊപ്പം ക്രിസ്ത്യൻ വോട്ടുകൾ കൂടി നേടാനായാൽ വിജയിക്കാനാകും എന്ന കണക്കുകൂട്ടലിലാണു ബിജെപി. രാവിലെ 10.30നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്കു പോകും. അവിടെനിന്നു പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഉച്ചയ്ക്കു നടക്കുന്ന ബിജെപി പൊതുസമ്മേളനത്തിനെത്തും. പത്തനംതിട്ട, മാവേലിക്കര പാർലമെന്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തിനുശേഷം കൊച്ചിയിലേക്കു പോകും.
Read Also: സഹായം ചോദിച്ചെത്തിയ 17കാരിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്‌ക്കെതിരെ പോക്സോ കേസ്
പത്തനംതിട്ടയിലെ പൊതുസമ്മേളനത്തിൽ ഒരു ലക്ഷം പേരെ അണിനിരത്താനാണു പാർട്ടി ശ്രമിക്കുന്നത്. എൻഡിഎ സ്ഥാനാർഥികളായ കേന്ദ്രമമന്ത്രി വി.മുരളീധരൻ, അനിൽ കെ.ആന്റണി, ശോഭാ സുരേന്ദ്രൻ, ബൈജു കലാശാല, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കർ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും. കോൺഗ്രസിൽനിന്നെത്തിയ പത്മജ വേണുഗോപാലും മോദിക്കൊപ്പം വേദിയിലുണ്ടാകും.
തമിഴ്നാട്ടിൽ, എഐഎഡിഎംകെ പോയതിനുശേഷം പ്രധാന സഖ്യകക്ഷികളില്ലാതെ ബിജെപി പ്രയാസപ്പെടുമ്പോഴാണു മോദി എത്തുന്നത്. പിഎംകെ, നടൻ വിജയകാന്തിന്റെ ഡിഎംഡികെ എന്നിവരുടെ കൂടെ തിരഞ്ഞെടുപ്പിനെ നേരിടാനാണു ബിജെപിയുടെ നീക്കം. ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ കുടുംബാധിപത്യം, അഴിമതി ആരോപണങ്ങൾ പ്രധാനമന്ത്രി ഉന്നയിക്കുമെന്നാണു കരുതുന്നത്. ബിജെപിക്കു സ്വാധീനമുള്ള കന്യാകുമാരിയിൽ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ വിജയധരണിയെ പാർട്ടിയിൽ എത്തിക്കാനായതു നേട്ടമാണ്.
തെലങ്കാനയിലെ ബീഗംപേട്ടിലേക്കാണു മോദി പിന്നീട് എത്തുക. വൈകിട്ട് ഇവിടെ റോഡ് ഷോ നടക്കും. രാത്രിയിൽ രാജ്ഭവനിലാണു പ്രധാനമന്ത്രിക്കു താമസം ഒരുക്കിയിട്ടുള്ളത്. ശനിയാഴ്ച നാഗർകുർണൂലിലെ പൊതുസമ്മേളനത്തിൽ സംസാരിക്കും. ഞായറാഴ്ച ബിജെപി– ടിഡിപി– ജനസേനയുടെ സംയുക്ത സമ്മേളനത്തിലും പങ്കെടുത്ത ശേഷമാണു മോദി ഡൽഹിയിലേക്കു മടങ്ങുക.