ADVERTISEMENT

2024 ൽ ഇന്ത്യയിൽ അത്യാഡംബര ഭവനങ്ങളുടെ വിൽപന വർധിച്ചതായി കണക്കുകൾ. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പരിശോധിച്ചതിലാണ് അത്യാഡംബര ഭവനങ്ങൾക്ക് ആവശ്യക്കാർ ഏറിയതായി കണ്ടെത്തിയിരിക്കുന്നത്. 40 കോടിക്ക് മുകളിൽ വില വരുന്ന വീടുകളുടെ വിൽപനയാണ് കണക്കിലെടുത്തിരിക്കുന്നത്. ഏഴു നഗരങ്ങളിലുമായി ഒറ്റ വർഷം കൊണ്ട് ഇത്തരത്തിലുള്ള 59 ഹൗസിങ് യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

ഡൽഹി - എൻസിആർ, മുംബൈ മെട്രോപോളിറ്റൻ മേഖല, ബെംഗളൂരു, ഹൈദരാബാദ്, പുണെ, ചെന്നൈ കൊൽക്കത്ത എന്നീ നഗരങ്ങളിലെ വിൽപന സംബന്ധിച്ച കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ വീടുകളുടെ എല്ലാം ചേർത്തുള്ള ആകെ വിൽപനമൂല്യം 4754 കോടി രൂപയാണ്. 2023നെ അപേക്ഷിച്ച് 17 ശതമാനം അധിക തുകയാണ് ഇത്. 2023 ൽ ആകെ 58 അത്യാഡംബര വീടുകളാണ് വിറ്റഴിക്കപ്പെട്ടത്. എന്നാൽ ഇവയുടെ വിൽപനമൂല്യം 4063 കോടി രൂപയായിരുന്നു. പോയ വർഷം വിൽപന നടന്ന 59 വീടുകളിൽ 53 എണ്ണം അപ്പാർട്ട്മെന്റുകളും ആറെണ്ണം അത്യാഡംബര ബംഗ്ലാവുകളുമാണ്. റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് സ്ഥാപനമായ അനരോകാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. 

ഈ ഏഴു നഗരങ്ങളിൽ തന്നെ ഏറ്റവും അധികം വീടുകളുടെ വിൽപന നടന്നിരിക്കുന്നത് മുംബൈയിലാണ്. 52 അത്യാഡംബര വീടുകൾ മുംബൈയിൽ മാത്രം വിറ്റുപോയി. മൂന്ന് വീടുകളുമായി ഡൽഹി- എൻസിആർ ആണ് രണ്ടാംസ്ഥാനത്തുള്ളത്. കൈമാറ്റം ചെയ്യപ്പെട്ട 59 വീടുകളിൽ 17 എണ്ണത്തിനും 100 കോടിക്ക് മുകളിലാണ് വിലമതിപ്പ്. ഇതിൽ 16 എണ്ണവും മുംബൈയിൽ തന്നെയാണ്. ഈ 17 വീടുകളുടെ മാത്രം വിൽപ്പന മൂല്യം 2344 കോടി രൂപയാണെന്നും അനരോക് വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ മുൻനിര നഗരങ്ങളുടെ ആഡംബര റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നത് ലാഭകരമായി സമ്പന്നർ കാണുന്നു എന്നതാണ് ഈ ട്രെൻഡ് സൂചിപ്പിക്കുന്നത്.

അനുദിനം വികസനം കൈവരിക്കുന്ന ഈ മേഖലകളിൽ ഒരു ആഡംബര വീട് സ്വന്തമാക്കുക എന്നത് അത്യാവശ്യമായി സമ്പന്നരും അതിസമ്പന്നരും കണക്കാക്കുന്നുണ്ട്. സ്വന്തം ഉപയോഗത്തിനായി വീടുവാങ്ങിയവരും നിക്ഷേപം എന്ന നിലയിൽ ഇടപാടിനെ കാണുന്നവരും ഇവരിൽ ഉൾപ്പെടുന്നു. അത്യാഡംബര വീടുകളുടെ ഡിമാന്റിലെ ഈ വർദ്ധനവിന് അനുസരിച്ച് എ ഗ്രേഡ് ഡെവലപ്പർമാർ ഇത്തരം വീടുകളുടെ നിർമാണത്തിൽ കൂടുതൽ താല്പര്യം കാണിക്കുന്ന സാഹചര്യവുമുണ്ട്. 

കോവിഡ് വ്യാപനത്തിനുശേഷം ആഡംബര ഭവനങ്ങളുടെയും അത്യാഡംബര ഭവനങ്ങളുടെയും ഡിമാൻഡ് ഗണ്യമായി വർദ്ധിച്ചിരുന്നു. പിന്നീടിങ്ങോട്ടുള്ള അഞ്ചുവർഷങ്ങളിൽ ഒരിക്കലും ഈ ഡിമാന്റിന് കുറവ് വന്നിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022, 2023, 2024 എന്നീ മൂന്നു വർഷങ്ങളിലെ ആകെ കണക്കെടുത്താൽ  ഇന്ത്യയിലെ ഏഴ് നഗരങ്ങളിലായി 130 അത്യാഡംബര ഭവന ഇടപാടുകൾ നടന്നിട്ടുണ്ട്. 9,987 കോടി രൂപയാണ് ഇവയുടെ ആകെ വിൽപന മൂല്യം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com