‘തമിഴ്നാട്, കർണാടക സ്വദേശികളുടെ മൃതദേഹവും കേരള സർക്കാർ ഏറ്റുവാങ്ങും; അതിർത്തി വരെ അകമ്പടി’
Mail This Article
കൊച്ചി∙ ലോകത്തെ തന്നെ നടുക്കിയ ദുരന്തമാണ് കുവൈത്തിൽ നടന്നതെന്ന് റവന്യു മന്ത്രി കെ.രാജൻ. സമീപകാലത്ത് എല്ലാവരുടെയും മനസിനെ ഇത്രമാത്രം പിടിച്ചുലച്ച സംഭവമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നെടുമ്പശേരി വിമാനത്താവളത്തിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘‘ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുന്നവരിൽ ഗുരുതരാവസ്ഥയിൽ ഉള്ളവരുണ്ട്. വിവരം അറിഞ്ഞയുടൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഇടപെട്ടു. ഇന്ത്യൻ സമയം 6.20നാണ് അവിടെ നിന്നും വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്തു മണി കഴിഞ്ഞ് മൃതദേഹം കൊച്ചിയിലെത്തും. വിമാനം ഡൽഹിയിലേക്കാണ് വരാനിരുന്നത്.
എന്നാൽ ഇന്നലെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് വിമാനം കൊച്ചിയിലേക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. മലയാളികൾക്ക് പുറമെ 7 തമിഴ്നാട്ടുകാരുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹം കൊച്ചിയിൽ എത്തിക്കും. അവരുടെ മൃതദേഹങ്ങളും സംസ്ഥാന സർക്കാർ ഏറ്റുവാങ്ങും. കേരള അതിർത്തി കഴിയുന്നത് വരെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള മൃതദേഹങ്ങളെ സംസ്ഥാന പൊലീസ് അകമ്പടി കൊടുക്കും.’’– കെ.രാജൻ പറഞ്ഞു.