തുടർച്ചയായി എംപിയായിട്ടില്ല, രണ്ടു തവണ പരാജയപ്പെട്ടു: കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കിരൺ റിജിജു
Mail This Article
ന്യൂഡൽഹി∙ കൊടിക്കുന്നിൽ സുരേഷ് എംപിയെ തഴഞ്ഞ് ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ പ്രോ ടെം സ്പീക്കറാക്കിയതിൽ പ്രതികരണവുമായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. എട്ടു തവണ എംപിയായ ആളാണ് കൊടിക്കുന്നിലെങ്കിലും അദ്ദേഹം 1998ലും 2004ലും രണ്ടുതവണ തോറ്റിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തുടർച്ചയായി അദ്ദേഹം എംപിയായി ഇരുന്നിട്ടില്ലെന്നും എന്നാൽ മഹ്താബ് തുടർച്ചയായി എംപി സ്ഥാനത്തുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസ് ഈ രീതിയിൽ പ്രതികരിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ലോക്സഭാ സമ്മേളനം നല്ല രീതിയിൽ തുടങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇന്നലെ മുതൽ പ്രോടെം സ്പീക്കർ വിഷയത്തിൽ കോൺഗ്രസ് വിവാദമുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമങ്ങൾ പാലിച്ചുതന്നെയാണ് പ്രോടെം സ്പീക്കർ നിയമനം. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം എംപിയായ ആളെയാണ് പ്രോ ടെം സ്പീക്കറാക്കുക.
‘‘പ്രോ ടെം സ്പീക്കർ താൽക്കാലികമാണ്. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ മാത്രമാണ് അദ്ദേഹത്തിന് ചുമതല. അവർക്ക് കാര്യമായൊന്നും ചെയ്യാനില്ല.’’– റിജിജു പറഞ്ഞു.