‘വാഹനം അമിതവേഗത്തിൽ’: പാലക്കാട് അപകടത്തിൽ ലോറി ഡ്രൈവർമാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കേസ്

Mail This Article
പാലക്കാട്∙ പാലക്കാട് പനയമ്പാടത്ത് നാല് വിദ്യാർഥികളുടെ ജീവനെടുത്ത അപകടം വരുത്തിയ ലോറി ഡ്രൈവർമാർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് കല്ലടിക്കോട് പൊലീസ്. അമിത വേഗതയിൽ വാഹനം ഓടിച്ച് അപകടം വരുത്തിയതിനാണ് 2 ലോറി ഡ്രൈവർമാർക്കെതിരെയും കേസെടുത്തതെന്ന് കല്ലടിക്കോട് സിഐ എം.ഷഹീർ പറഞ്ഞു. പ്രജീഷ്, വർഗീസ് എന്നിവർക്കെതിരെയാണ് കേസ്. വഴിക്കടവ് സ്വദേശിയായ പ്രജീഷാണ് എതിർദിശയിൽ വന്നിരുന്ന ലോറി ഓടിച്ചിരുന്നത്. ഈ ലോറിയാണ് വിദ്യാർഥികൾ നടന്നുവന്നിരുന്ന വശത്തു കൂടി സഞ്ചരിച്ചിരുന്ന സിമന്റ് ലോറിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വർഗീസ് ഓടിച്ചിരുന്ന സിമന്റ് ലോറി വിദ്യാർഥിനികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയമ്പാടത്ത് ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ റിദ (13), ഇര്‍ഫാന ഷെറിന്‍ (13), നിത ഫാത്തിമ (13), ആയിഷ (13) എന്നിവരാണ് മരിച്ചത്. വിദ്യാർഥികളുടെ ഒപ്പമുണ്ടായിരുന്ന അജ്ന എന്ന വിദ്യാർഥിനി അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അതേസമയം പരുക്കേറ്റ സിമന്റ് ലോറി ഡ്രൈവര്‍ വര്‍ഗീസ് (51), ക്ലീനര്‍ മഹേന്ദ്രപ്രസാദ് (28) എന്നിവര്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടസമയത്ത് മേഖലയിൽ ചെറിയ ചാറ്റല്‍മഴയുണ്ടായിരുന്നു.