മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജി; ഉത്തരവിൽ ഒപ്പുവച്ച് രാഷ്ട്രപതി
Mail This Article
ന്യൂഡൽഹി ∙ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്.
സുപ്രീംകോടതി ജഡ്ജിമാരിൽ കേരളത്തിൽനിന്നുള്ളവർ ഇല്ലാത്ത സാഹചര്യം കൊളീജിയം പരിഗണിച്ചു. മലയാളിയായ ജഡ്ജി സി.ടി.രവികുമാർ കഴിഞ്ഞയാഴ്ച വിരമിച്ചിരുന്നു. വിനോദ് ചന്ദ്രൻ 2011 മുതൽ 2023വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. 2023ൽ പട്ന ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി. നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ.