സൂര്യനെല്ലിയേക്കാൾ ക്രൂരമായ പത്തനംതിട്ട പീഡന കേസ്; രാജി പ്രഖ്യാപിച്ച് അൻവർ – പ്രധാനവാർത്തകൾ
Mail This Article
പത്തനംതിട്ട പീഡന കേസിൽ കൂടുതൽ അറസ്റ്റിലേക്ക് പത്തനംതിട്ട പൊലീസ് കടന്നതാണ് ഇന്നത്തെ പ്രധാന വാർത്ത. പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ അറുപതിലേറെ പേർ പീഡനത്തിനു വിധേയമാക്കിയ സംഭവത്തിൽ 29 കേസുകളിലായി 42 അറസ്റ്റ് ആണ് ഇതുവരെ നടന്നത്. കുട്ടിയുടെ ഇതുവരെയുള്ള മൊഴിയനുസരിച്ച് ഇനി 14 പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രതികളുള്ള പീഡനക്കേസായി പത്തനംതിട്ടയിലെ കൂട്ടബലാത്സംഗക്കേസ് മാറി. കേസിൽ 58 പ്രതികളുണ്ടെന്നും എല്ലാവരെയും തിരിച്ചറിഞ്ഞെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ അറിയിച്ചു.
അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ പി.വി.അൻവർ രാജി പ്രഖ്യാപിച്ചതായിരുന്നു മറ്റൊരു പ്രധാന തലക്കെട്ട്. മലയോര മേഖലയിലെ ജനങ്ങൾക്കായി തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായിനിന്നു പ്രവർത്തിക്കുമെന്നും അൻവർ ഇന്ന് പ്രഖ്യാപിച്ചു. കേരളം നേരിടുന്ന പ്രധാന പ്രശ്നമാണ് വന്യജീവി ആക്രമണം. ഇക്കാര്യത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കാമെന്നു തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഉറപ്പുനൽകിയെന്നും അൻവർ വ്യക്തമാക്കി. മമതയാണു രാജി വയ്ക്കാൻ നിർദേശിച്ചത്.
നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധിസ്ഥലം തൽക്കാലം തുറക്കേണ്ടെന്നു തീരുമാനമായി. കല്ലറ തൽക്കാലം തുറക്കില്ലെന്നും കുടുംബത്തിന്റെ ഭാഗം കേൾക്കുമെന്നും സബ് കലക്ടർ അറിയിച്ചു. കല്ലറ തുറക്കുന്നതിനെതിരെ കടുത്ത എതിർപ്പുമായി കുടുംബം രംഗത്തെത്തിയിരുന്നു. കല്ലറ തുറന്നു പരിശോധിക്കാൻ കലക്ടർ അനുകുമാരി തിങ്കളാഴ്ച രാവിലെയാണ് ഉത്തരവിട്ടത്.
റഷ്യൻ കൂലിപ്പട്ടാളത്തിൽ അംഗമായ തൃശൂർ കുട്ടനെല്ലൂർ സ്വദേശി യുക്രെയ്നിൽ യുദ്ധമുഖത്തു കൊല്ലപ്പെട്ടു. ബിനിൽ ബാബു എന്ന യുവാവാണു കൊല്ലപ്പെട്ടത്. ബിനിലിന്റെ സുഹൃത്തായ ജെയിൻ കുര്യൻ വെടിയേറ്റു ഗുരുതര പരുക്കോടെ ആശുപത്രിയിൽ കഴിയുകയാണ്. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ബിനിലിന്റെ ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.