സോളാർ കമ്പനി ഡീലർഷിപ്പ് നൽകാമെന്ന് പറഞ്ഞ് 12 ലക്ഷം തട്ടിയ കേസ്; സരിത ഉൾപ്പെടെ 3 പേരെ കോടതി വെറുതെവിട്ടു

Mail This Article
കോഴിക്കോട്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് എലത്തൂർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ സരിത എസ്. നായർ ഉൾപ്പെടെ മൂന്നുപേരെ കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. 2014 ൽ എരഞ്ഞിക്കൽ മൊകവൂർ സ്വദേശി വിൻസൺ സൈമൺ നൽകിയ കേസിലാണ് സരിത, ബിജു രാധാകൃഷ്ണൻ, മണി മോൻ എന്നിവരെ കോടതി വെറുതെ വിട്ടത്.
ടീം സോളാർ കമ്പനിയുടെ പാലക്കാട്, തൃശൂർ ജില്ലകളുടെ ഡീലർഷിപ്പ് നൽകാമെന്ന് വിശ്വസിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തു. ഡീലർഷിപ്പ് അനുവദിക്കാതെയും നൽകിയ പണം തിരിച്ചുനൽകാതെയും പണമില്ലാത്ത അക്കൗണ്ടിലെ ചെക്കുകൾ നൽകി വിശ്വാസ വഞ്ചന കാണിച്ചു എന്നായിരുന്നു കേസ്. 10 വർഷത്തിനു ശേഷമാണ് കുറ്റകാരല്ലെന്ന് കണ്ടെത്തി കോടതി 3 പ്രതികളെയും വെറുതെ വിട്ടത്. അതേസമയം വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനം.