തർമൻ ഷൺമുഖരത‍്നം: തകർക്കാൻ പറ്റാത്ത ജനപ്രീതി

Mail This Article
സിംഗപ്പൂർ ∙ ചൈനീസ് വംശജർ ഭൂരിപക്ഷമുള്ള സിംഗപ്പൂരിൽ തമിഴ് കുടുംബവേരുകളുള്ള ഇന്ത്യൻ വംശജൻ പ്രസിഡന്റാകുന്ന ചരിത്രനിമിഷം. 70.4% വോട്ടു നേടി തർമൻ ഷൺമുഖരത‍്നം ചൈനീസ് വംശജരായ എതിർസ്ഥാനാർഥികളെ പരാജയപ്പെടുത്തിയതോടെ ഭരണനേതൃത്വത്തിലെ ഇന്ത്യൻ പെരുമ ഇനി സിംഗപ്പൂരിലും. ചൈനീസ് വംശജരല്ലാത്ത പ്രസിഡന്റുമാർ നേരത്തേയും ഉണ്ടെങ്കിലും തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ആദ്യത്തെയാളാണ് മുൻ ഉപപ്രധാനമന്ത്രിയായ ഷൺമുഖരത‍്നം. തലശ്ശേരിയിൽ കുടുംബവേരുകളുള്ള ദേവൻ നായർ (1981–85), തമിഴ് വംശജനായ എസ്.ആർ.നാഥൻ (1999– 2011) എന്നിവർക്കു ശേഷം സിംഗപ്പൂർ പ്രസിഡന്റാകുന്ന ഇന്ത്യൻ വംശജനാണ്.
ലോകരാജ്യങ്ങളിലെ ഭരണനേതൃത്വത്തിൽ ഇന്ത്യൻ വംശജരുടെ സാന്നിധ്യം ഏറിയിട്ടുണ്ട്. യുഎസിൽ 2020ലെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ കൂടാതെ ഇന്ത്യൻ വംശജരായ പ്രമുഖ ജനപ്രതിനിധികളും രാഷ്ട്രീയത്തിലെ സജീവസാന്നിധ്യമാണ്. ബ്രിട്ടനിൽ കഴിഞ്ഞ വർഷം പ്രധാനമന്ത്രിയായ ഋഷി സുനക് രാജ്യത്തിന്റെ 210 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ്. ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാൻ ഗോവയിൽ കുടുംബവേരുകളുള്ള ഇന്ത്യക്കാരിയാണ്.
അയർലൻഡ് പ്രധാനമന്ത്രി ലിയോ വരാഡ്കർ, പോർച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ, ന്യൂസീലൻഡ് മന്ത്രി പ്രിയങ്ക രാധാകൃഷ്ണൻ, ഗിനി പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി, മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നോഥ്, മൊറീഷ്യസ് പ്രസിഡന്റ് പൃഥിരാജ്സിങ് രൂപൻ തുടങ്ങിയവർക്കും ഇന്ത്യയുമായി പൂർവികബന്ധമുണ്ട്.
ലോകത്തെ 15 രാജ്യങ്ങളിലായി 200 ഇന്ത്യൻ വംശജർ ഭരണരംഗത്തെ ഉന്നതപദവികൾ വഹിക്കുന്നതായാണ് 2021ലെ ‘ഇന്ത്യസ്പോറ ഗവൺമെന്റ് ലീഡേഴ്സ് ലിസ്റ്റ്’ വ്യക്തമാക്കുന്നത്.
∙ രാഷ്ട്രീയത്തിനപ്പുറം വ്യക്തിപ്രഭാവം
രാഷ്ട്രീയത്തിനപ്പുറം വ്യാപിച്ച വ്യക്തിപ്രഭാവം കൂടിയാണ് സാമ്പത്തികശാസ്ത്രജ്ഞനായ തർമൻ ഷൺമുഖരത‍്ന(66)ത്തിന്റെ വിജയം ഉറപ്പാക്കിയത്. സിംഗപ്പൂർ കാൻസർ റജിസ്ട്രി സ്ഥാപിച്ച പ്രശസ്ത പതോളജിസ്റ്റ് പ്രഫ.ഷൺമുഖരത‍്നത്തിന്റെ 3 മക്കളിലൊരാളായി 1957 ഫെബ്രുവരി 25ന് സിംഗപ്പൂരിലാണു ജനനം. ചൈനീസ്–ജാപ്പനീസ് വംശജയായ അഭിഭാഷക ജെയ്ൻ യുമികോ ഇറ്റോഗിയാണ് ഭാര്യ. 4 മക്കൾക്കും ചൈനീസ് ഭാഷയറിയാം. സിംഗപ്പൂരിൽ പ്രധാനമന്ത്രിയെ അപേക്ഷിച്ച് പ്രസിഡന്റ് പദവി ആലങ്കാരികമാണെങ്കിലും സുപ്രധാന വിഷയങ്ങളിലെ അവസാന വാക്ക് പ്രസിഡന്റാണ്. പ്രധാനമന്ത്രി ലീ ഷിയൻ ലൂങ്ങിന്റെ പീപ്പിൾസ് ആക്‌ഷൻ പാർട്ടിയുടെ (പിഎപി) പ്രമുഖനായ തർമൻ, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിഷ്പക്ഷനായി മത്സരിക്കാൻ പാർട്ടി വിട്ടിരുന്നു.
English Summary : Tharman Shanmugaratnam an indian origin becomes singapore president