ചൈനയിൽ ശ്വാസകോശരോഗം; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യ സംഘടന

Mail This Article
ന്യൂഡൽഹി ∙ വടക്കൻ ചൈനയിൽ വ്യാപകമായി ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ, കടുത്ത ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യ സംഘടന. മുൻകരുതൽ നടപടികളെടുക്കാനും രോഗവ്യാപനത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാനും ഡബ്ല്യുഎച്ച്ഒ ചൈനയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ചയാണ് ശ്വാസകോശ രോഗം കൂടുന്നെന്ന് ചൈനീസ് ആരോഗ്യ കമ്മിഷൻ സ്ഥിരീകരിച്ചത്. ഇതിനിടെ, വടക്കൻ ചൈനയിൽ കുട്ടികൾക്കു കൂട്ടത്തോടെ ന്യുമോണിയ പിടിച്ചത് ആശങ്കയ്ക്കിടയാക്കി. ശ്വാസകോശ രോഗങ്ങളിലുള്ള പൊതുവിലെ വർധനയ്ക്ക് ഈ ന്യുമോണിയയുമായി ബന്ധമുണ്ടോയെന്നാണ് ആശങ്ക. ഇക്കാര്യത്തിൽ വ്യക്തത തേടിയാണ് ഡബ്ല്യുഎച്ച്ഒ വിവരങ്ങൾ ആവശ്യപ്പെട്ടത്. കോവിഡിന്റെ യഥാർഥ വിവരങ്ങൾ കൈമാറുന്നില്ലെന്ന് ചൈന മുൻപ് പഴി കേട്ടിരുന്നു. വാക്സീൻ കുത്തിവയ്പ്, സാമൂഹിക അകലം, വീട്ടിലിരിപ്പ്, ശുചിത്വം, മാസ്ക് തുടങ്ങിയ മുൻകരുതൽ നിർദേശങ്ങളാണ് ഡബ്ല്യുഎച്ച്ഒ ഇപ്പോൾ നൽകിയിരിക്കുന്നത്.