നാട്ടുകാരി വീട്ടുകാരി ആയപ്പോൾ

Mail This Article
അജയ് തോമസ് എന്ന നടൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ബാലേട്ടനും ജയകൃഷണനുമാണ്. അജയ് തോമസിന്റെ ഏറ്റവും മികച്ച നായക കഥാപാത്രങ്ങൾ ആയിരുന്നു ബാലനും ജയകൃഷ്ണനും. ‘മൂന്നു മണി’ എന്ന മെഗാഹിറ്റ് സീരിയലിലെ ബാലേട്ടൻ എന്ന കഥാപാത്രത്തിലൂടെയാണ് അജയ് തോമസ് മുൻനിര നായകന്മാരുടെ നിരയിലേക്ക് എത്തിയത്.
കണ്ണു നനയിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഉള്ളുരുക്കിയ ബാലേട്ടൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. അതിനു പിന്നാലെ വന്ന ‘അരുന്ധതി’ യും സൂപ്പർ ഹിറ്റ് ആയി. പ്രവാസി മലയാളി ആയ ജയകൃഷ്ണൻ എന്ന കഥാപാത്രം ആയിരുന്നു അജയ് തോമസിന്റേത്. ജയകൃഷ്ണനെയും കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു.

കല്യാണത്തെക്കുറിച്ച് അജയ് തോമസ്: ‘‘തൊടുപുഴയാണ് എന്റെ വീട്. അഭിനയരംഗത്തേക്ക് വരുന്നതിനു മുമ്പ് ഞാൻ തൊടുപുഴ എച്ച്.ഡി.എഫ്.സി ലൈഫിൽ സെയിൽസ് മാനേജർ ആയിരുന്നു. ഭാര്യ അനുവിന്റെ വീട് എന്റെ വീടിന് കഷ്ടിച്ച് പത്തു കിലോമീറ്റർ അകലെയും. അനു എയർ ഇന്ത്യയിൽ എയർഹോസ്റ്റസ് ആയിരുന്നു. അന്ന് കരിപ്പൂർ കേന്ദ്രീകരിച്ചാണ് അനു ജോലി ചെയ്തിരുന്നത്. നാട്ടുകാർ എന്ന നിലയിൽ പരസ്പരം കണ്ടിട്ടുണ്ടെങ്കിലും പ്രണയ വിവാഹം എന്ന് പറയാമോ എന്നറിയില്ല. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച് ആശീർവദിച്ച കല്യാണം ആയിരുന്നു.

2014 സെപ്തംബർ 16ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഫൊറോന ചർച്ചിൽ വച്ച് ആയിരുന്നു വിവാഹം. അനു ഇപ്പോൾ നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് എയർ ഇന്ത്യയിൽ തുടരുന്നു. ഞങ്ങൾക്ക് ഒരു മകനാണ്. രണ്ടര വയസ്സുള്ള അഭിഷേക്.