ഇതെന്താ പച്ചിലപ്പാമ്പോ? ടൂത്ത്പിക് ഫ്രൈ ട്രെന്‍ഡിനെതിരെ മുന്നറിയിപ്പ്

Mail This Article
ഭക്ഷണം കഴിച്ചാല്‍, പല്ലിനിടയില്‍ പറ്റിയിരിക്കുന്ന അവശിഷ്ടങ്ങള്‍ കളയുക എന്നതാണ് ടൂത്ത്പിക്കിന്‍റെ പ്രഥമ ദൗത്യം. ഫോര്‍ക്കിനു പകരം, ഭക്ഷണസാധനങ്ങള്‍ കുത്തിയെടുത്ത് കഴിക്കാനും ഇത് ഉപയോഗിക്കാം. എന്നാല്‍ ടൂത്ത്പിക് ഫ്രൈ ചെയ്താല്‍ അത് നിങ്ങള്‍ കഴിക്കുമോ? ദക്ഷിണകൊറിയയിലെ ആളുകള്‍ക്കിടയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇങ്ങനെ ഉണ്ടാക്കുന്ന ടൂത്ത്പിക് ഫ്രൈ!
വറുത്ത ടൂത്ത്പിക് കഴിക്കുന്ന പ്രവണതയെക്കുറിച്ച് ആശങ്കയിലാണ് ദക്ഷിണ കൊറിയൻ അധികൃതർ. യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായ ഈ വfഡിയോകളില്‍, ടൂത്ത്പിക്കുകള്‍ ചുരുണ്ട ഫ്രൈകളായി പാചകം ചെയ്തത് കാണിക്കുന്നു. ഫ്രൈ ചെയ്ത ശേഷം ചീസ് മുതലായവ ഉപയോഗിച്ച് ഇത് അലങ്കരിക്കുന്നതും കാണാം. ഈ പ്രവണതയ്ക്കെതിരെ, ദക്ഷിണ കൊറിയയിലെ ഭക്ഷ്യ സുരക്ഷാ മന്ത്രാലയം കർശനമായ മുന്നറിയിപ്പു നൽകി. ഈ ടൂത്ത്പിക്കുകള്‍ കഴിക്കുന്നതു സുരക്ഷിതമല്ലെന്നും ആരും കഴിക്കരുതെന്നും മന്ത്രാലയം പറഞ്ഞു.
ഈ ടൂത്ത്പിക്കുകൾ ധാന്യമോ അല്ലെങ്കിൽ മധുരക്കിഴങ്ങിലെ അന്നജമോ ഉപയോഗിച്ചു നിർമിച്ചതാണ്. ഇവയ്ക്ക് പച്ച നിറമുള്ള ഫുഡ് കളറും നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും ഇവ കഴിക്കാന്‍ വേണ്ടി ഉണ്ടാക്കിയതല്ല.
അമിതമായ അളവില്‍ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന സോഷ്യല്‍മീഡിയ വീഡിയോകള്‍ക്ക് 'മക്ബാങ്സ്' എന്നാണ് കൊറിയയില്‍ പറയുന്നത്. ഇത്തരം വിഡിയോകള്‍ ചെയ്യുന്ന വ്ലോഗര്‍മാര്‍ക്ക് ടിക്ടോക്, യുട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ വളരെയധികം ജനപ്രീതിയുണ്ട്. ഇങ്ങനെയുള്ള വിഡിയോകളില്‍ ടൂത്ത്പിക് ഫ്രൈയും ഈയിടെ ഇടംനേടിയിട്ടുണ്ട്. ഇത്തരം വിഡിയോകള്‍ അനാവശ്യ ജങ്ക് ഫുഡ് കഴിക്കാന്‍ ആളുകള്‍ക്ക് ത്വരയുണ്ടാക്കുമെന്നും അതിനാല്‍ അവ കാണുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വിഡിയോകളില്‍ വിചിത്രമായ ഫുഡ് കോംബിനേഷനുകള്‍ ആളുകള്‍ പരീക്ഷിക്കുന്നത് കാണാം.
എന്നാല്‍ ഇവ വിഡിയോയ്ക്ക് വേണ്ടി മാത്രം ചെയ്യുന്നതാവാമെന്നും ഷൂട്ട് ചെയ്ത ശേഷം അവര്‍ ഈ ഭക്ഷണം തുപ്പിക്കളഞ്ഞിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. പക്ഷേ വിഡിയോ കാണുന്ന ആളുകള്‍ അവ കഴിച്ചാല്‍ അത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും.