ബാച്ചിലേഴ്സിനായി രുചികരമായ മുട്ടച്ചോറ്
Mail This Article
വീടുവിട്ട് ദൂരെ പഠിക്കുന്നവർക്കോ ജോലിയെടുക്കുന്നവർക്കോ പശിയടക്കാനുള്ള എളുപ്പ ഭക്ഷണമാണ് മുട്ടച്ചോറ്. ചോറ് ഉണ്ടാക്കാനുള്ള ജ്‌ഞാനം മതി ഈ ഐറ്റം വിജയിപ്പിച്ചെടുക്കാൻ. ഒരു നേരത്തേക്കുള്ള ചോറ്, രണ്ടു മുട്ട, ആവശ്യത്തിനു വെളിച്ചെണ്ണ, ഒരു തക്കാളി, ഒരു കൊച്ചു സവാള, ഉപ്പ്, കുരുമുളക് പൊടി ഇത്രയുംകൊണ്ട് മുട്ടച്ചോറ് ഉണ്ടാക്കാം. ചീനചട്ടി അടുപ്പിൽവച്ച് ഉണ്ടാക്കിത്തുടങ്ങാം. അരിഞ്ഞുവെച്ച തക്കാളിയും സവാളയും വെളിച്ചെണ്ണ ചൂടാകുമ്പോൾ ചട്ടിയിലേക്ക് ഇട്ടു മൂപ്പിക്കുക.
കുറച്ച് ഉപ്പും ചേർക്കാം. മൂത്തുകഴിഞ്ഞാൽ ഒരു നേരത്തേക്കുവേണ്ട ചോറ് അതിലേക്കിടുക. ഉടനെതന്നെ മുട്ട പൊട്ടിച്ച് ഒഴിക്കണം. ഉപ്പും കുരുമുളകും ചേർത്ത് നന്നായി ഇളക്കികൊണ്ടിരിക്കുക. ഇളക്കമൊന്ന് തെറ്റിയാൽ കരിയും. ചോറും മുട്ടയും തക്കാളിയുമൊക്കെ ചേർന്ന് നല്ല മണം അടിക്കാൻ തുടങ്ങുമ്പോൾ മുട്ടച്ചോറ് റെഡിയായെന്നു മനസ്സിലാക്കാം. ചൂടാറുന്നതിനു മുൻപേ കഴിച്ചു തീർക്കണം. തണുത്താൽ ടേസ്‌റ്റ് പോയി. കറിയുണ്ടാക്കാൻ ശ്രമിച്ച് എന്നും രസമുണ്ടാക്കിച്ചോറു തിന്നുന്നവർക്ക് ഒന്നു ശ്രമിച്ചുനോക്കാവുന്നതാണ്.
English Summary: Easy Egg Rice Recipe