ബിഎസ്എൻഎൽ ഇനി ‘കണക്ടിങ് ഭാരത് ’; മൊബൈൽ നിരക്ക് ഉടൻ ഉയർത്തില്ല
Mail This Article
ന്യൂഡൽഹി∙ അടുത്ത വർഷത്തെ 4ജി ലോഞ്ചിനു മുന്നോടിയായി മുഖം മിനുക്കി ബിഎസ്എൻഎൽ. കമ്പനിയുടെ പുതിയ ലോഗോയും പുതിയ 7 സേവനങ്ങളും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അനാവരണം ചെയ്തു.
പുതിയ ലോഗോയിൽ ‘കണക്ടിങ് ഇന്ത്യ’ എന്ന ബിഎസ്എൻഎലിന്റെ പ്രശസ്തമായ ടാഗ്‍ലൈൻ ‘കണക്ടിങ് ഭാരത്’ എന്നാക്കി മാറ്റി. ഇന്ത്യൻ ഭൂപടം ലോഗോയിൽ ഉൾപ്പെടുത്തുകയും നിറം മാറ്റുകയും ചെയ്തു. പുതിയ 7 പുതിയ പദ്ധതികളും ബിഎസ്എൻഎൽ ഔദ്യോഗികമായി ആരംഭിച്ചു.
ബിഎസ്എൻഎൽ മൊബൈൽ നിരക്ക് ഉയർത്തുന്നത് സമീപകാലത്ത് പരിഗണിക്കുന്നില്ലെന്ന് സിഎംഡി റോബർട്ട് ജെ. രവി പറഞ്ഞു. മറ്റ് കമ്പനികളെ പിന്തുടരുന്നതിനു പകരം ഈ മേഖലയിൽ ലീഡർ ആയി മാറണമെന്ന് മന്ത്രി സിന്ധ്യ പറഞ്ഞു.
പുതിയ പദ്ധതികൾ
∙ നോ സ്പാം നെറ്റ്‍വർക്: എഐ ഉപയോഗിച്ച് തട്ടിപ്പ് എസ്എംഎസുകൾ ബ്ലോക് ചെയ്യുന്ന സംവിധാനം. നിലവിൽ ബിഎസ്എൻഎൽ ശൃംഖലയിലേക്കോ പുറത്തേക്കോ തട്ടിപ്പ് ലിങ്കുകൾ അടങ്ങിയ എസ്എംഎസുകൾ ഡെലിവർ ആകില്ല.
ഒരു ദിവസം 15 ലക്ഷത്തിലേറെ തട്ടിപ്പ് എസ്എംഎസുകൾ ബ്ലോക് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 99.8% കൃത്യത, ഭാവിയിൽ കോളുകളിലേക്കും.
∙ ഐഎഫ്ടിവി: ബിഎസ്എൻഎൽ ഫൈബർ ടു ഹോം (എഫ്ടിടിഎച്ച്) കണക‍്ഷനുള്ളവർക്ക് അവരുടെ ഇന്റർനെറ്റ് ഡേറ്റ ഉപയോഗിക്കാതെ അഞ്ഞൂറിലേറെ ടിവി ചാനലുകൾ സൗജന്യമായി കാണാനുള്ള സംവിധാനം. ഇന്റർനെറ്റിനു പകരം ഇൻട്രാനെറ്റ് ഉപയോഗിക്കുന്നു. ഇതിനു പ്രത്യേക ആപ് ഇൻസ്റ്റാൾ ചെയ്യണം.
∙ വൈഫൈ റോമിങ്: വീട്ടിലെ ബിഎസ്എൻഎൽ വൈഫൈ സൗകര്യം രാജ്യമാകെ യാത്ര ചെയ്യുമ്പോൾ ലഭിക്കുന്ന സൗകര്യമാണ് ‘സർവത്ര’. portal.bsnl.in/ftth/wifiroaming എന്ന സൈറ്റിൽ ഡിവൈസ് റജിസ്റ്റർ ചെയ്യണം. ഡേറ്റ യൂസേജ് വീട്ടിലെ കണക‍്ഷനിൽ നിന്നായിരിക്കും കുറയ്ക്കുന്നത്.വീട്ടിലെ വൈഫൈ അനുഭവം വീടിനു പുറത്തും ലഭ്യമാകും.
∙ സിം കിയോസ്ക്: 24 മണിക്കൂറും സിം കാർഡ് ലഭ്യമാക്കുന്ന വെൻഡിങ് മെഷീൻ. ആരുടെയും സഹായമില്ലാതെ ഈ മെഷീനിൽ തന്നെ കെവൈസി നടപടിക്രമം പൂർത്തിയാക്കി യുപിഐ വഴി പണമടച്ചാൽ പുതിയ സിം മിനിറ്റുകൾക്കുള്ളിൽ ലഭിക്കും.ബയോമെട്രിക് ഓതന്റിക്കേഷനായി ക്യാമറയും ഫിംഗർപ്രിന്റ് റീഡറുമുണ്ട്. പരീക്ഷഘട്ടത്തിലാണ്.
∙ ഡി2ഡി സർവീസ്: മൊബൈൽ കവേറജ് ഇല്ലാത്ത സ്ഥലങ്ങളിൽ വയാസാറ്റ് എന്ന യുഎസ് കമ്പനിയുടെ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് കോളും എസ്എംഎസ് സൗകര്യവും നൽകുന്നതാണ് ഡയറക്ട് ടു ഡിവൈസ് സേവനം. ആദ്യഘട്ടത്തിൽ എസ്എംഎസ്, എസ്ഒഎസ് മെസേജ് മാത്രം.
∙ ദുരിതാശ്വാസം: പ്രകൃതി ദുരന്തങ്ങൾ അടക്കമുള്ള അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാൻ ഡ്രോൺ, ബലൂൺ അധിഷ്ഠിത കവറേജ്.
∙ പ്രൈവറ്റ് 5ജി: ഖനികളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി പ്രൈവറ്റ് 5ജി നെറ്റ്‍വർക്ക്.
വിവിധ സെൻസറുകൾ അടക്കം കൃത്യതയോടെ പ്രവർത്തിപ്പിക്കാൻ ഇത് സഹായിക്കും.