സെബി വടിയെടുക്കുന്നു, നിക്ഷേപ ഉപദേശകരുടെ ഗതി എന്താകും?
Mail This Article
ലഘുസമ്പാദ്യത്തെ നിക്ഷേപത്തിലൂടെ ഭാവി ജീവിതത്തിനുള്ള സമ്പത്ത് സ്വരുക്കൂട്ടാന്‍ സഹായിക്കുന്ന പെഴ്‌സണല്‍ ഫിനാന്‍സ് മേഖല പലവിധ കാരണങ്ങളാല്‍ കിതച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യയില്‍. ഫിനാന്‍ഷ്യല്‍ പ്രോഡക്ട്‌സ് വില്‍ക്കുന്നവരുടെ ശക്തമായ വിപണന കാമ്പയിന്‍ ഒരുവശത്ത്. നിഷ്പക്ഷരെന്ന് വിശ്വസിപ്പിച്ച് ഇത്തരം കമ്പനികളുടെ പ്രമോഷന്‍ നടത്തുന്ന ഫിന്‍ഫ്‌ളുവന്‍സേഴ്‌സും നിക്ഷേപ ഉപദേശകരും മറുവശത്ത്. ഇതിനിടയില്‍ ഈ മേഖലയെ ഒരു പാഷനായി കണ്ട് ക്രഡിബിള്‍ ആയി നിക്ഷേപ ഉപദേശം നല്‍കുന്ന ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകള്‍. അരെ തള്ളണം, ആരെ കൊള്ളണം എന്ന കാര്യത്തില്‍ ആകെ ആശയക്കുഴപ്പത്തിലാകുന്ന നിക്ഷേപകര്‍..
ഈ അവസ്ഥയില്‍ നിന്ന് നിക്ഷേപകരെ രക്ഷപെടുത്താന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ നിക്ഷേപ ഉപദേശക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് സെബി. ഇന്ത്യയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ 35 ശതമാനം പേരും ഇപ്പോഴും റജിസ്റ്റര്‍ ചെയ്യാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ് സെബി. നിക്ഷേപ ഉപദേശകര്‍ക്കും യൂട്യൂബ് , ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലോറ്റ് ഫോമുകളിലൂടെ നിക്ഷേപ, സ്റ്റോക് ടിപ്പുകള്‍ നല്‍കന്ന ഫിന്‍ഫ്ലുവന്‍സേഴ്സിനും പരസ്യ, പ്രമോഷണല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ സെബി നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തടയാനാണിത്. മാത്രമല്ല അംഗീകൃത സ്ഥാപനങ്ങള്‍ തെറ്റായ രീതിയില്‍ ഇവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും നിയന്ത്രണങ്ങളുണ്ട്.
ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന്‍റെ വളര്‍ച്ചയ്ക്ക് നിക്ഷേപ ഉപദേശകരുടെ സ്ഥാനം വളരെ വലുതാണ് എന്നും ഈ രംഗത്ത് ഇത്തരം പ്രഫഷണലുകള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതയുണ്ടെന്നും സെബി വിലയിരുത്തുന്നുണ്ട്. ലളിതമായ റജിസ്ട്രേഷന്‍ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടും ഈ രംഗത്തുള്ള മുഴുവന്‍ ആളുകളും നിയമ നടപടികള്‍ പിന്തുടരാന്‍ മടികാട്ടുന്നതാണ് സെബിയെ ആശങ്കപ്പെടുത്തുന്നത്.
എന്‍പിഎസ് വല വിപുലമാക്കുന്നു
ന്യൂ പെന്‍ഷന്‍ സിസ്റ്റം എന്ന എന്‍.പി.എസ് കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കാനായി വല വിപുലമായ രീതിയില്‍ വീശാനൊരുങ്ങുകയാണ്. എന്‍.ആര്‍.ഐകളെയും ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് പ്രത്യക്ഷത്തില്‍ പുതിയ നീക്കം. ലക്ഷ്യം കൈകാര്യം ചെയ്യുന്ന മൊത്തം ഫണ്ട് ( അസറ്റ് അണ്ടര്‍ മാനേജ്മെന്‍റ് ) വലുതാക്കുക. ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ഫണ്ട് 10.22 ലക്ഷം കോടി രൂപയാണ്. അത് ഈ സാമ്പപത്തിക വര്‍ഷം അവസാനത്തോടെ 12 ലക്ഷം കോടി രൂപയില്‍ എത്തിക്കുകയാണ് ലക്ഷ്യം. എന്‍.പി എസ് കൈകാര്യം ചെയ്യുന്ന മൊത്തം ഫണ്ടില്‍ വളര്‍ച്ച ഉണ്ടാകുന്നത് ഈ പെന്‍ഷന്‍ ഫണ്ടില്‍ ചേര്‍ന്നിട്ടുള്ളവരില്‍ എല്ലാം ആഹ്ളാദം ജനിപ്പിക്കുന്നതാണ്. മൊത്തം ഫണ്ടില്‍ വളര്‍ച്ചയുണ്ടാകുന്നത് പരിപാലന ചിലവ് കുറയ്ക്കാന്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റിയെ സഹായിക്കും. ഇപ്പോള്‍ രാജ്യത്ത് പരിപാലന ചിലവ് ഏറ്റവും കുറവ് ഈടാക്കുന്ന നിക്ഷേപ ഫണ്ടാണ് എന്‍.പി എസ്. ഈ സാമ്പത്തിക വര്‍ഷം 13 ലക്ഷം പുതിയ വരിക്കാര്‍ ചേരുമെന്നാണ് പി.എഫ്.ആര്‍.ഡി എ പ്രതീക്ഷിക്കുന്നത്. വ്യക്തിഗത വരിക്കാര്‍ക്ക് ഒപ്പം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ ഫണ്ടില്‍ ചേരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം 10 ലക്ഷം പേരാണ് പുതുതായി ചേര്‍ന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സഹകരണം കൂടുതല്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഏകദേശം 14,000 സ്ഥാപനങ്ങളാണ് അവരുടെ ജീവനക്കാരെ എന്‍.പി.എസില്‍ ചേര്‍ത്തിരിക്കുന്നത്. രാജ്യത്തെ എല്ലാ പ്രമുഖ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവരുടെ ജീവനക്കാരെ എന്‍.പി.എസില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പി.എഫ്.ആര്‍.ഡി.എ കത്തയച്ചിരിക്കുകയാണ്. എന്‍.ആര്‍.ഐ കളെ കൂടുതലായി ആകര്‍ഷിക്കാനും പരിപാടിയുണ്ട്. ഇതിന്‍റെ ഭാഗമായി എന്‍.ആര്‍.ഐ കസ്റ്റമേഴ്സ് വന്‍തോതിലുള്ള എസ്.ബി.ഐ യുടെ സഹായവും തേടിയിട്ടുണ്ട്. ലഘു സമ്പാദ്യം തവണകളായി നിക്ഷേപിച്ച് വാര്‍ധക്യത്തില്‍ സ്ഥിര വരുമാനം പോലെ പെന്‍ഷനായി ലഭ്യമാക്കാനുള്ള ഫണ്ട് സ്വരുക്കൂട്ടുന്ന പെന്‍ഷന്‍ ഫണ്ടാണ് എന്‍.പി.എസ്.