സ്വിങ് ചെയ്യാനാകാതെ ഇന്ത്യൻ പേസർമാർ, വിക്കറ്റ് ലൈനിൽ എറിഞ്ഞത് 40 ശതമാനം പന്തുകൾ മാത്രം; ഇന്ത്യയ്ക്കു വേണം ഒരു പേസ് മേക്കർ!
Mail This Article
അഡ്‌ലെയ്ഡ്∙ ‘ജസ്പ്രീത് ബുമ്രയ്ക്ക് രണ്ടു വശത്തുനിന്നും ബോൾ ചെയ്യാൻ സാധിക്കില്ലല്ലോ’– ബോർഡർ ഗാവസ്കർ ട്രോഫി രണ്ടാം ടെസ്റ്റിലെ തോൽവിയുടെ കാരണം ചോദിച്ചപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ മറുപടി. പേസർമാർക്ക് അളവറ്റ പിന്തുണ ലഭിക്കുന്ന പിങ്ക് ബോളിൽ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിട്ടും ഇന്ത്യ തോൽക്കാനുള്ള പ്രധാന കാരണം പേസ് ബോളർമാർ നിറംമങ്ങിയതായിരുന്നു. മറുവശത്ത് സ്വന്തം മണ്ണിൽ, പിങ്ക് ബോളിന്റെ ആനുകൂല്യം പരമാവധി മുതലെടുത്ത ഓസീസ് പേസർമാർ 10 വിക്കറ്റിന്റെ ആധികാരിക വിജയം നേടുകയും ചെയ്തു.
ബുമ്ര മാത്രം
പരമ്പരയിൽ 2 മത്സരങ്ങളിൽ 11.25 ബോളിങ് ശരാശരിയിൽ 12 വിക്കറ്റാണ് ഇതുവരെ ബുമ്രയുടെ നേട്ടം. എന്നാൽ ബുമ്രയ്ക്കൊപ്പം പന്തെറിയുന്ന മുഹമ്മദ് സിറാജിന്റെ ബോളിങ് ശരാശരി 19.77ഉം ഹർഷിത് റാണയുടെ ബോളിങ് ശരാശരി 50.75ഉം ആണ്. ഓസ്ട്രേലിയൻ നിരയിൽ പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്സൽവുഡ് എന്നീ 3 പേസർമാരുടെയും ബോളിങ് ശരാശരി 20ൽ താഴെയാണ്. ബുമ്ര ഒഴികെയുള്ള ഇന്ത്യൻ പേസ് ബോളർമാരുടെ നിലവാരത്തകർച്ചയാണ് ഇതു സൂചിപ്പിക്കുന്നത്.
സ്വിങ് ക്ഷാമം
പേസർമാർക്ക് മികച്ച സ്വിങ് നൽകുന്ന പിങ്ക് ബോൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിലും ഇന്ത്യൻ പേസർമാർ വീഴ്ചവരുത്തി. 13 പിങ്ക് ടെസ്റ്റുകളിൽ നിന്നായി 17.81 ശരാശരിയിൽ 72 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കായിരുന്നു അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസീസിന്റെ കുന്തമുന. പിങ്ക് ബോളിനെ സ്വിങ് ചെയ്യിക്കാനുള്ള സ്റ്റാർക്കിന്റെ കഴിവാണ് ഇതിനു കാരണം. ഒന്നാം ഇന്നിങ്സിൽ പിങ്ക് ബോളിന്റെ ആനുകൂല്യം മുതലെടുത്ത് 6 വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്കിന്റെ സ്പെല്ലാണ് മത്സരം ഓസീസിന് അനുകൂലമാക്കിയത്. മറുവശത്ത് ന്യൂബോളിൽ ആവശ്യത്തിനു സ്വിങ് കണ്ടെത്താൻ ഇന്ത്യൻ പേസർമാർക്ക് കഴിഞ്ഞില്ല. ബുമ്ര– സിറാജ് എന്നിവർ സീം ബോളിങ്ങിലൂടെ ഓസ്ട്രേലിയയെ പരീക്ഷിച്ചപ്പോൾ പന്ത് സ്വിങ് ചെയ്യിക്കാൻ ചുമതലയുണ്ടായിരുന്ന ഹർഷിത് റാണ അതിൽ പരാജയപ്പെട്ടു.
ലൈനും ലെങ്തും
രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയൻ പേസർമാർ എറിഞ്ഞ പന്തുകളിൽ 75 ശതമാനത്തിൽ അധികവും വിക്കറ്റ് ടു വിക്കറ്റ്, നാലാം സ്റ്റംപ് (സാങ്കൽപിക സ്റ്റംപ്) ലൈനിലായിരുന്നു. ഇതുമൂലം പന്തുകൾ ലീവ് ചെയ്തു കളിക്കുന്നതിനു പകരം എല്ലാ പന്തിലും ഷോട്ടിനു ശ്രമിക്കാൻ ഇന്ത്യൻ ബാറ്റർമാർ നിർബന്ധിതരായി. വിരാട് കോലി, കെ.എൽ.രാഹുൽ, രോഹിത് ശർമ തുടങ്ങിയ താരങ്ങളുടെ പുറത്താകൽ ഉദാഹരണം. മറുവശത്ത് രണ്ട് ഇന്നിങ്സിലുമായി വിക്കറ്റ് ലൈനിൽ ഇന്ത്യൻ പേസർമാർ എറിഞ്ഞത് 40 ശതമാനം പന്തുകൾ മാത്രം.
രോഹിത് ഓപ്പണറാകണം: രവി ശാസ്ത്രി, ഗാവസ്കർ
അഡ്‌ലെയ്ഡ്∙ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഓപ്പണറായി തന്നെ ബാറ്റ് ചെയ്യണമെന്ന് മുൻ താരങ്ങളായ സുനിൽ ഗാവസ്കറും രവി ശാസ്ത്രിയും. രോഹിത്തിന്റെ ആക്രമണ ബാറ്റിങ് ശൈലിയും അനുഭവസമ്പത്തും ഓപ്പണിങ്ങിൽ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് ഇരുവരും പറഞ്ഞു. രണ്ടാം ടെസ്റ്റിൽ കെ.എൽ.രാഹുലിനായി ഓപ്പണർ സ്ഥാനം വിട്ടുനൽകിയ രോഹിത്, ആറാം നമ്പറിലാണ് ബാറ്റിങ്ങിന് ഇറങ്ങിയത്.
രോഹിത്തിന് പിന്തുണയുമായി കപിൽ ദേവ്
ന്യൂഡൽഹി∙ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ തോൽവിക്കു പിന്നാലെ വിമർശനങ്ങൾ നേരിടുന്ന രോഹിത് ശർമയ്ക്ക് പിന്തുണയുമായി മുൻ താരം കപിൽ ദേവ്. ‘രോഹിത് ശർമയ്ക്ക് ഇനി പ്രത്യേകിച്ചൊന്നും തെളിയിക്കാനില്ല. കഴിഞ്ഞ എത്രയോ വർഷങ്ങളായി ഇന്ത്യൻ ടീമിലെ പ്രധാന താരമാണ് അദ്ദേഹം. വീഴ്ചകളിൽ നിന്ന് എങ്ങനെ തിരിച്ചുവരണമെന്ന് രോഹിത്തിന് അറിയാം. ’– കപിൽ ദേവ് പറഞ്ഞു.
ഷമി വരുമോ?
രണ്ടാം ടെസ്റ്റിലും ബുമ്ര ഒഴികെയുള്ള ഇന്ത്യൻ പേസർമാർ നിറംമങ്ങിയതോടെ മുഹമ്മദ് ഷമിയെ ടീമിലേക്കു തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമായി. ഒരു വർഷത്തോളം പരുക്കിന്റെ പിടിയിലായിരുന്ന ഷമി, രഞ്ജി ട്രോഫിയിലൂടെയാണ് ക്രിക്കറ്റ് ഫീൽഡിലേക്ക് മടങ്ങിയെത്തിയത്. നിലവിൽ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ബംഗാളിനു വേണ്ടി കളിക്കുന്ന താരം ഇന്നലെ ചണ്ഡിഗഡിനെതിരെ 4 ഓവറിൽ 13 ഡോട് ബോളുകൾ എറിയുകയും ബാറ്റിങ്ങിൽ 17 പന്തിൽ 32 റൺസുമായി ബംഗാളിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. എന്നാൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുള്ള ശരീരക്ഷമത ഷമിക്കുണ്ടോ എന്ന കാര്യത്തിൽ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്.