ആറ് മത്സരം, 444 റൺസ്, സ്മൃതിക്കൊപ്പം 4 സെഞ്ചറി കൂട്ടുകെട്ടും; പ്രതീക്ഷയായി പ്രതിക, വനിതാ ക്രിക്കറ്റിൽ പുതിയ ‘സൂപ്പർ’ താരോദയം?– വിഡിയോ
Mail This Article
രാജ്കോട്ട്∙ അയർലൻഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിനു പുറമേ, വനിതാ ഏകദിന ലോകകപ്പ് ഈ വർഷം നടക്കാനിരിക്കെ സ്മൃതി മന്ഥനയ്ക്ക് മികച്ചൊരു ഓപ്പണിങ് പങ്കാളിയെ കണ്ടെത്തിയെന്നതാണ് ഈ പരമ്പരയിൽ ഇന്ത്യയുടെ വലിയ മികച്ച നേട്ടം. ഷെഫാലി വർമയ്ക്കു പകരം ഇന്ത്യൻ ഓപ്പണറായെത്തിയ പ്രതികയാണ് പരമ്പരയുടെ താരം. 3 മത്സരങ്ങളിൽ ഒരു സെഞ്ചറിയും 2 അർധ സെഞ്ചറിയുമടക്കം 310 റൺസാണ് ഇരുപത്തിനാലുകാരി പ്രതികയുടെ നേട്ടം.
ഇതുവരെ 6 ഏകദിനങ്ങൾ മാത്രം കളിച്ചിട്ടുള്ള ഡൽഹി സ്വദേശിനി ഇതിനകം 444 റൺസ് സ്വന്തമാക്കി. വനിതാ ഏകദിനത്തിൽ ആദ്യ 6 മത്സരങ്ങളിൽനിന്ന് കൂടുതൽ റൺസ് നേടിയതിന്റെ ലോക റെക്കോർഡും പ്രതികയ്ക്കാണ്. ഇതുവരെ 6 മത്സരങ്ങളിൽ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്ത സ്മൃതിയും പ്രതികയും 4 തവണ സെഞ്ചറി കൂട്ടുകെട്ട് സൃഷ്ടിച്ചു. ഈ പരമ്പരയിൽ 459 റൺസാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. ഏകദിനത്തിൽ 150 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയാണ് പ്രതിക റാവൽ. ദീപ്തി ശർമയും (188) ഹർമൻപ്രീത് കൗറുമാണ് (171 നോട്ടൗട്ട്) മുൻപ് ഈ നേട്ടം കൈവരിച്ചത്.
പരമ്പരയിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത് 435 റൺസിന്റെ യമണ്ടൻ സ്കോറുയർത്തിയ ഇന്ത്യൻ ടീം കുറിച്ചത് ഏകദിന ക്രിക്കറ്റിൽ പുരുഷ, വനിതാ ഭേദമന്യെ ഇന്ത്യയുടെ ഉയർന്ന സ്കോർ. 2011ൽ വെസ്റ്റിൻഡീസിനെതിരെ 418 റൺസ് നേടിയ പുരുഷ ടീമിന്റെ റെക്കോർഡാണ് ഓപ്പണർമാരായ സ്മൃതി മന്ഥനയുടെയും (80 പന്തിൽ 135) പ്രതിക റാവലിന്റെയും (129 പന്തിൽ 154) സെഞ്ചറികളുടെ കരുത്തിൽ വനിതാ ടീം തിരുത്തിയത്. മറുപടി ബാറ്റിങ്ങിൽ അയർലൻഡിനെ 131 റൺസിന് ഓൾഔട്ടാക്കിയതോടെ ഏകദിനത്തിൽ റൺസ് അടിസ്ഥാനത്തിലുള്ള തങ്ങളുടെ വലിയ വിജയവും (304 റൺസ്) ഇന്ത്യൻ വനിതകൾ ഇന്നലെ സ്വന്തമാക്കി. 3 മത്സര പരമ്പരയും ഇന്ത്യ നേടി (3–0).
∙ വിമൻസ് ഡേ !
ആദ്യ മത്സരത്തിൽ 6 വിക്കറ്റിന്റെയും രണ്ടാം മത്സരത്തിൽ 116 റൺസിന്റെയും വലിയ തോൽവികൾ വഴങ്ങിയ അയർലൻഡ് ടീം അൽപം ആശ്വാസം തേടിയാണ് ഇന്നലെ അവസാന മത്സരത്തിനിറങ്ങിയത്. എന്നാൽ കരിയറിലെ പത്താം ഏകദിന സെഞ്ചറിയുമായി ക്യാപ്റ്റൻ സ്മൃതിയും കന്നി സെഞ്ചറിയുമായി പ്രതിക റാവലും തകർത്താടിയപ്പോൾ തുടക്കം മുതൽ ഒടുക്കം വരെ അയർലൻഡ് ബോളർമാർ അടികൊണ്ട് വലഞ്ഞു. 160 പന്തിൽ 233 റൺസ് നേടിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനുശേഷമായിരുന്നു സ്മൃതിയുടെ പുറത്താകൽ.
പിന്നീട് ബാറ്റിങ് ഓർഡറിൽ പ്രമോഷൻ കിട്ടിയെത്തിയ റിച്ച ഘോഷിനൊപ്പം (42 പന്തിൽ 59) ചേർന്ന് പ്രതിക ഇന്ത്യയെ റെക്കോർഡ് സ്കോറിലേക്കു നയിച്ചു. 48 ഫോറുകളും 9 സിക്സുമാണ് ഇന്നലെ ഇന്ത്യൻ താരങ്ങളുടെ ബാറ്റിൽനിന്നു പറന്നത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ സ്പിന്നർമാരായ ദീപ്തി ശർമയ്ക്കും (3 വിക്കറ്റ്) തനുജ കാൻവാറിനും മുന്നിൽ അടിപതറിയ അയർലൻഡ് 31.4 ഓവറിൽ 131 റൺസിൽ ഓൾഔട്ടായതോടെ ഇന്ത്യയ്ക്ക് റെക്കോർഡ് ജയവും സ്വന്തം. മലയാളി താരം മിന്നു മണി ഒരു വിക്കറ്റ് നേടി.
∙ റെക്കോർഡ് ഡേ
∙ 304 റൺസ് അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിന്റെ ഉയർന്ന ജയം. 2017ൽ അയർലൻഡിനെതിരായ 249 റൺസ് ജയത്തിന്റെ റെക്കോർഡ് മറികടന്നു.
∙ 70 രാജ്യാന്തര വനിതാ ഏകദിനത്തിൽ കൂടുതൽ സെഞ്ചറി നേടുന്ന ഏഷ്യൻ താരമായി സ്മൃതി (10). ഓസീസ് താരം മെഗ് ലാന്നിങ്ങിന്റെ പേരിലാണ് ലോക റെക്കോർഡ് (15 സെഞ്ചറികൾ)
∙ രാജ്യാന്തര ഏകദിനത്തിൽ ഒരു ഇന്ത്യൻ ടീമിന്റെ ഉയർന്ന സ്കോർ. വനിതാ ടീം സ്കോർ 400 കടക്കുന്നത് ഇതാദ്യം. 2011ൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 418 റൺസാണ് പുരുഷ ടീമിന്റെ മികച്ച സ്കോർ.
∙ വനിതാ ഏകദിനത്തിലെ അതിവേഗ ഇന്ത്യൻ സെഞ്ചറിയുടെ (70 പന്ത്) റെക്കോർഡ് കുറിച്ച സ്മൃതി മന്ഥന മറികടന്നത് ഹർമൻപ്രീത് കൗറിന്റെ (87 പന്ത്) റെക്കോർഡ്.
∙ ഇന്നലെ 7 സിക്സുകൾ പറത്തിയ സ്മൃതി ഏകദിന ഇന്നിങ്സിൽ കൂടുതൽ സിക്സുകളുടെ എണ്ണത്തിൽ ഹർമൻപ്രീത് കൗറിന്റെ (7) ഇന്ത്യൻ റെക്കോർഡിന് ഒപ്പമെത്തി.
∙ സ്മൃതിയും പ്രതികയും ചേർന്നുള്ള 233 റൺസ് കൂട്ടുകെട്ട് വനിതാ ഏകദിനത്തിൽ ഇന്ത്യയുടെ മികച്ച മൂന്നാമത്തെ ബാറ്റിങ് കൂട്ടുകെട്ടാണ്. 2017ൽ അയർലൻഡിനെതിരെ ദീപ്തി ശർമയും പൂനം റൗത്തും ചേർന്ന് നേടിയ 320 റൺസാണ് റെക്കോർഡ്