13 വർഷത്തിനു ശേഷം ഡൽഹിക്കായി രഞ്ജി കളിക്കാനെത്തിയ കോലി 6 റൺസെടുത്ത് പുറത്ത്; പിന്നാലെ ഗാലറി കാലി!

Mail This Article
ന്യൂഡൽഹി ∙ 13 വർഷത്തെ ഇടവേളയ്ക്കുശേഷം രഞ്ജി ട്രോഫി ക്രിക്കറ്റ് കളിച്ച വിരാട് കോലിയുടെ ഇന്നിങ്സിനു ദൈർഘ്യം വെറും 15 പന്തുകൾ മാത്രം! റെയിൽവേസിനെതിരായ മത്സരത്തിൽ ഡൽഹിക്കായി ബാറ്റിങ്ങിനിറങ്ങിയ കോലി 15 പന്തിൽ 6 റൺസെടുത്തു പുറത്തായതോടെ, നിരാശരായ കാണികൾ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽനിന്ന് ഇറങ്ങിപ്പോയി. ഫോമിലേക്കു തിരിച്ചെത്താൻ കഷ്ടപ്പെടുന്ന വിരാട് കോലി, റെയിൽവേസ് പേസർ ഹിമാൻശു സാങ്‌വാന്റെ ഗുഡ്‌ലെങ്ത് പന്തിൽ അൽപമൊരു സാഹസികതയ്ക്കു മുതിർന്നു. ഡ്രൈവിനു ശ്രമിച്ച കോലിയെ ബീറ്റ് ചെയ്ത പന്ത് ഓഫ് സ്റ്റംപുമായി പറന്നു!
ക്രീസിനു പുറത്തായിരുന്ന കോലി ഒരു നിമിഷം സ്റ്റംപിലേക്കു തിരിഞ്ഞുനോക്കി. ഇരുപത്തൊമ്പതുകാരൻ സാങ്‌വാന്റെ ആഘോഷങ്ങൾക്ക് ഇടം നൽകി പതിയെ ഡ്രസിങ് റൂമിലേക്കു തിരികെ നടന്നു. അതുവരെ ഗാലറിയിൽ മുഴങ്ങിയ ‘ആർസിബി, കോലി’ മുദ്രാവാക്യങ്ങൾ തണുത്തുറഞ്ഞു നിശ്ശബ്ദമായി. കോലി ഡ്രസിങ് റൂമിലെത്തും മുൻപു തന്നെ, ഗാലറിയിലുണ്ടായിരുന്ന അയ്യായിരത്തോളം പേർ സ്റ്റേഡിയത്തിനു പുറത്തെത്തിയിരുന്നു.
2012 നവംബറിനു ശേഷം ആദ്യമായി രഞ്ജി മത്സരം കളിച്ച കോലിയുടെ ഒരുക്കങ്ങളെല്ലാം പാഴായ കാഴ്ചയായിരുന്നു ഇന്നലത്തേത്. രാവിലെ പത്തരയോടെ, യഷ് ദൂൽ പുറത്തായപ്പോഴാണു കോലി ക്രീസിലെത്തിയത്. ഗാലറിയിൽ ആവേശം അതോടെ ഉച്ചസ്ഥായിലായി. ഇടംകൈ പേസർ രാഹുൽ ശർമയായിരുന്നു ആദ്യ ബോളർ. അടുത്ത ഓവറിൽ മീഡിയം പേസർ കുനാൽ യാദവ്. കുനാലിന്റെ 2 പന്തുകൾ ഓഫ്സൈഡിൽ വന്നതു കോലിക്കു തൊടാനായില്ല. ഓഫ് സൈഡിലെ ദൗർബല്യത്തിന് മാറ്റമില്ലെന്നു വ്യക്തം. 2 സിംഗിളുകൾ നേടിയ കോലി അടുത്ത ഓവറിൽ ആക്രമണത്തിനു മനസ്സുവച്ചതാണു വിനയായത്. സാങ്‌വാന്റെ ആദ്യ പന്തു ക്രീസിനു പുറത്തിറങ്ങി നേരിട്ട കോലി നേടിയതു സ്ട്രെയ്റ്റ് ബൗണ്ടറി. തൊട്ടടുത്ത പന്തിലായിരുന്നു പുറത്താകൽ.
റെയിൽവേസിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 241 റൺസിനെതിരെ 7 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തിട്ടുണ്ട് ഡൽഹി. സെഞ്ചറിക്ക് ഒരു റൺ അരികെ പുറത്തായ ആയുഷ് ബദോനിയാണ് (99) കോലി പോയതിനു ശേഷം ഡൽഹിയുടെ ഇന്നിങ്സ് ബലപ്പെടുത്തിയത്. സുമിത് മാഥൂറിന്റെ (78 നോട്ടൗട്ട്) ഇന്നിങ്സും നിർണായകമായി.