‘ടീമിലെടുത്തപ്പോൾ ത്രില്ലടിച്ചു’ – ഇന്ത്യൻ ടീമിലെ അസ്സൽ സഹൽ!
Mail This Article
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എമർജിങ് പ്ലെയർ ഓഫ് ദി ഇയർ, കഴിഞ്ഞ സീസൺ ഐഎസ്എല്ലിലും സമാന നേട്ടം. പ്രതിഭയുടെ തിളക്കത്തിലാണ് മലയാളി താരം സഹൽ അബ്ദുൽ സമദ്. തായ്‌ലൻഡിൽ നടന്ന കിങ്സ് കപ്പും അഹമ്മദാബാദിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പും ഇന്ത്യൻ ഫുട്ബോളിന്റെ മധ്യനിര, ഇരുപത്തിരണ്ടുകാരൻ സഹലിന്റെ നേതൃത്വത്തിൽ ഭദ്രമായിരിക്കുമെന്ന് ഉറപ്പാക്കുന്നു. കണ്ണൂർ സ്വദേശിയായ സഹൽ സംസാരിക്കുന്നു
ഇന്ത്യൻ ജഴ്സി
ടീമിലെടുത്തപ്പോൾ ത്രില്ലടിച്ചുപോയി. അതൊരു വലിയ സ്വപ്നമായിരുന്നു. കളിയിലും ജീവിതത്തിലും പുതിയ അനുഭവങ്ങളാണ് ക്യാംപ് തന്നത്. രാജ്യത്തിനായി കളിക്കുകയെന്നത് എത്ര വലിയ ഉത്തവാദിത്തമാണെന്ന് തിരിച്ചറിഞ്ഞു. നന്നായി കളിക്കാൻ കഴിഞ്ഞെന്നാണ് വിശ്വാസം.
പരിശീലകൻ
പരിശീലകൻ ഇഗോർ സ്റ്റിമാച്ച് വളരെ സപ്പോർട്ടീവ് ആണ്. യുവ താരങ്ങൾക്ക് നല്ല പ്രോത്സാഹനം നൽകുന്നു. പുതിയ കോച്ചിന്റെ കീഴിൽ ടീം പതിയെ പൊസഷൻ, പാസിങ് ഗെയിമിലേക്ക് മാറുകയാണ്. ഇതു കളിയിൽ മാറ്റമുണ്ടാക്കും. ആസ്വദിച്ചാണ് എല്ലാവരും കളിക്കുന്നത്.
പുരസ്കാരങ്ങൾ
പുരസ്കാരങ്ങൾക്കു വേണ്ടി ഒരിക്കലും കളിച്ചിട്ടില്ല. കഠിനാധ്വാനത്തിന്റെ ഫലം കിട്ടിയെന്നു വിശ്വസിക്കുന്നു. കളിയെക്കുറിച്ച് സുനിൽ ഛേത്രി ഉൾപ്പെടെ പല മുതിർന്ന കളിക്കാരും നല്ല അഭിപ്രായം പറഞ്ഞു.
ബ്ലാസ്റ്റേഴ്സ്
കഴിഞ്ഞ സീസൺ മറക്കാനാണ് ഇഷ്ടം. എല്ലാവരും നന്നായി അധ്വാനിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം കിട്ടിയില്ല. ഇത്തവണ കൂടുതൽ മികച്ച വിദേശ കളിക്കാരെയാണ് ടീമിലെത്തിച്ചിരിക്കുന്നത്. പുതിയ കോച്ചിന്റെ കീഴിൽ മികച്ച കളി പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷ. ക്യാംപ് തുടങ്ങാൻ കാത്തിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മികച്ച സീസൺ ഉറപ്പുതരുന്നു.