സൂപ്പർ കപ്പ് ഫുട്ബോൾ മറന്നേക്കു: ആരാധകരോട് ഇവാൻ വുക്കോമനോവിച്
Mail This Article
സൂപ്പർ കപ്പ് ഫുട്ബോളിലെ നിരാശ ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നു മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്. ഐഎസ്എൽ ഇടവേളയ്ക്കു മുൻപായി മികച്ച ഫോമിൽ കളിച്ച ബ്ലാസ്റ്റേഴ്സിന്റെ വിജയവേഗത്തെ ബാധിച്ചുവെന്നത് ഒഴിച്ചാൽ സൂപ്പർ കപ്പിലെ പ്രകടനം ഒരു തരത്തിലും ബ്ലാസ്റ്റേഴ്സിനെ ആശങ്കപ്പെടുത്തുന്നില്ല. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാംപ് പുനരാരംഭിക്കുന്നതിനു മുന്നോടിയായായി പരിശീലകൻ ‘മനോരമ’യോടു പറഞ്ഞു.
സൂപ്പർ കപ്പിൽ സംഭവിച്ചത്?
അര ഡസനിലേറെ താരങ്ങളുടെ പരുക്കും മൂന്നു താരങ്ങൾ ദേശീയ ടീമിലേക്കു പോയതും മറികടന്നാണു ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ കളിച്ചത്. ടൂർണമെന്റിനിടയിലും ചില താരങ്ങൾ പരുക്കിന്റെ പിടിയിലായി. സ്റ്റാർട്ടിങ് ഇലവനിലെ ഒട്ടേറെ താരങ്ങളെ നഷ്ടമായ ടീമിനു കാര്യമായൊന്നും ചെയ്യാനാകില്ല.
പരുക്കിന്റെ വെല്ലുവിളി?
അഡ്രിയൻ ലൂണയും ജീക്സൺ സിങ്ങും വിബിൻ മോഹനനും ഉൾപ്പെടെ ചിലർ സൂപ്പർ കപ്പിനു മുൻപേ പരുക്കിന്റെ പിടിയിലായി. മുഹമ്മദ് അയ്മനും ക്വാമേ പെപ്രയ്ക്കും പരുക്കിനെത്തുടർന്നു സൂപ്പർ കപ്പിലെ ചില മത്സരങ്ങൾ നഷ്ടമായി.
ആരാധകർക്കും നിരാശ?
ആരാധകരുടെ നിരാശ എനിക്കു മനസ്സിലാകും. പ്രതീക്ഷകളേറുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണത്. സൂപ്പർ കപ്പുമായി ബന്ധപ്പെട്ട് എല്ലാ കാര്യത്തിലും ടീമിനും നിരാശയാണുള്ളത്. പ്രധാന താരങ്ങളുടെ അഭാവം മാത്രമല്ല, കൂടുതൽ പരുക്കിനുള്ള സാധ്യത കൂടി നേരിട്ടാണു ടീം കളിച്ചത്. ഒഡീഷയിലെ ടൂർണമെന്റിൽ പങ്കെടുത്ത് 3 മത്സരങ്ങളും കളിച്ച് കൊച്ചിയിൽ തിരിച്ചെത്തണമെന്ന നിലയ്ക്കാണു ബ്ലാസ്റ്റേഴ്സ് പോയത്. അതിനപ്പുറം ഒന്നുമില്ല.
ഐഎസ്എൽ ഫെബ്രുവരി ആദ്യം
കൊച്ചി∙ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഫെബ്രുവരി ആദ്യവാരം പുനരാരംഭിക്കും. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടുന്ന കൊൽക്കത്ത ഡാർബിയോടെയാകും ഐഎസ്എൽ പത്താം പതിപ്പിന്റെ ‘ക്ലൈമാക്സ്’ ഘട്ടത്തിനു തുടക്കമാകുകയെന്നാണു സൂചനകൾ. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം എവേ മത്സരമാകും. ഫെബ്രുവരി ആദ്യവാരം ഒഡീഷയ്ക്കെതിരെയാകും മത്സരം.