എതിരാളികൾ അടുത്തുപോലുമില്ല, ഡിസ്കസ് ത്രോയിലും ഷോട്ട് പുട്ടിലും ‘സർവാധിപത്യം’ തുടരുന്നു; റെക്കോർഡ് പ്രകടനം
Mail This Article
കൊച്ചി∙ കരിയറിലെ അവസാനത്തെ സംസ്ഥാന സ്കൂൾ കായിക മേളയിലും റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയെന്ന ശീലം തുടർന്ന് കാസർകോടിന്റെ കെ.സി. സർവൻ. പിതാവ് ഗിരീഷ് നടത്തുന്ന കെ.സി. ത്രോസ് അക്കാദമിയിൽ പരിശീലിക്കുന്ന സർവൻ ഞായറാഴ്ച നടന്ന സീനിയർ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ മത്സരങ്ങളിൽ സ്വന്തം റെക്കോർഡുകൾ തന്നെയാണു തിരുത്തിയെഴുതിയത്. ഡിസ്കസ് ത്രോയിൽ ദേശീയ റെക്കോർഡ് ദൂരവും മറികടന്നായിരുന്നു ‘സർവാധിപത്യം’.
17.74 മീറ്ററെന്ന പുതിയ ദൂരം കണ്ടെത്തിയ സർവൻ ഞായറാഴ്ച ഷോട്ട്പുട്ടിലാണ് ആദ്യ വിജയം സ്വന്തമാക്കിയത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു കാസർകോട് ചെറുവത്തൂരിലെ കുട്ടമത്ത് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ സർവന്റെ നേട്ടം. രണ്ടാം സ്ഥാനത്തെത്തിയ കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് എച്ച്എസ്എസിലെ ജോൺ സ്റ്റീഫൻ 14.25 മീറ്ററെന്ന ദൂരമാണു സ്വന്തമാക്കിയത്. കൊല്ലം ക്രിസ്തുരാജ് എച്ച്എസ്എസിലെ ജോൺ സ്റ്റീഫനാണ് സീനിയർ ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനം. ദൂരം 14.20 മീറ്റർ.
കഴിഞ്ഞ വർഷം കുന്നംകുളത്തു നടന്ന കായികമേളയിലും ഇരട്ട മീറ്റ് റെക്കോർഡോടെയാണ് ഡിസ്കസ് ത്രോയിലും ഷോട്ട് പുട്ടിലും സർവൻ ഒന്നാം സ്ഥാനത്തെത്തിയത്. അന്ന് 17.58 മീറ്റർ ദൂരമെറിഞ്ഞാണ് ഷോട്ട് പുട്ടിൽ താരം സ്വർണം നേടിയത്. 16.53 മീറ്ററെന്ന നിലവിലെ മീറ്റ് റെക്കോർഡും അന്നു പഴങ്കഥയായി. 2024 ലും ഷോട്ട്പുട്ടിൽ സ്വന്തം റെക്കോർഡ് തകർക്കുന്നതു തുടർന്ന സർവൻ 17.74 മീറ്റര്‍ എറിഞ്ഞു. ഉച്ചയ്ക്കു ശേഷം നടന്ന സീനിയർ ഡിസ്കസ് ത്രോയിലും സര്‍വന് ഭീഷണികളുണ്ടായിരുന്നില്ല. മൂന്നാം അവസരത്തിൽ 60.24 മീറ്റർ ദൂരമാണു സർവൻ പിന്നിട്ടത്. ഡിസ്കസ് ത്രോയിലെ ദേശീയ റെക്കോർഡ് 59.39 മീറ്ററാണ്.
സീനിയർ ഡിസ്കസ് ത്രോയിൽ കഴിഞ്ഞ വർഷം 57.71 മീറ്റർ ദൂരം സർവൻ എറിഞ്ഞിരുന്നു. അതു തുടക്കത്തിൽ തന്നെ താരം പിന്നിട്ടു. ആദ്യ ശ്രമത്തിൽ 58.20 മീറ്ററായിരുന്നു സർവന്റെ ദൂരം. രണ്ടാം ഏറിൽ 56.80 മീറ്റർ. മൂന്നാം ശ്രമത്തിലായിരുന്നു സർവന്റെ റെക്കോർഡ് പ്രകടനം. കൂടുതൽ മികച്ച ദൂരം കണ്ടെത്താൻ ശ്രമിച്ച സർവന്റെ അവസാന മൂന്നു ശ്രമങ്ങൾ ഫൗളായിരുന്നു. ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനം നേടിയ മലപ്പുറം ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരിയിലെ കെ. അജിത് 47.67 മീറ്റർ ദൂരമാണ് എറിഞ്ഞത്. കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് എച്ച്എസ്എസിലെ ജോണ്‍ സ്റ്റീഫൻ വെങ്കല മെഡലും നേടി.
‘‘എന്റെ പേരിൽ നിലവിലുള്ള റെക്കോർഡുകൾ തിരുത്താൻ ഉറച്ചാണ് കൊച്ചിയിലേക്കു വണ്ടി കയറിയത്. ഷോട്ട്പുട്ടിൽ അതു സാധിച്ചതിൽ സന്തോഷമുണ്ട്.’’– മത്സരശേഷം സർവൻ പ്രതികരിച്ചു. ചെറുവത്തൂർ മയ്യിച്ചയിലാണ് കെ.സി. ത്രോസ് അക്കാദമിയെന്ന കിഴക്കേ ചിറയിൽ അക്കാദമി പ്രവർത്തിക്കുന്നത്. സർവൻ ഉൾപ്പടെ 14 കുട്ടികളാണ് ഇവിടെ ഈ വർഷം പരിശീലിക്കുന്നത്.