പങ്കാളി പിണങ്ങാതിരിക്കാൻ കള്ളം പറയാറുണ്ടോ? ബന്ധം തകരാൻ വേറെ കാരണം വേണ്ട

Mail This Article
ഇഷ്ടപ്പെടുന്നവരുടെ മനസ്സു വേദനിക്കുന്നതു കാണാൻ ആരും ആഗ്രഹിക്കാറില്ല. പക്ഷേ അവരുടെ മനസ്സു വേദനിക്കുമെന്നതു കൊണ്ടു മാത്രം സത്യം പറയാതിരിക്കുന്നതു ശരിയാണോ. അല്ലെന്നു പറയുകയാണ് റിലേഷൻഷിപ് വിദഗ്ധർ. ബന്ധങ്ങൾ ദീർഘകാലം നിലനിൽക്കണമെങ്കിൽ മൂന്ന് കാര്യങ്ങൾ നിർബന്ധമായി പാലിക്കണമെന്നാണ് അവർ പറയുന്നത്. ഇംഗ്ലീഷ് അക്ഷരം ടി (T ) യെ കൂട്ടുപിടിച്ചാൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിൽ മനസ്സിലാകും. ഇംഗ്ലിഷ് അക്ഷരം ടിയിൽ തുടങ്ങുന്ന മൂന്നുകാര്യങ്ങൾ ഒരു ബന്ധം നിലനിർത്താൻ വളരെ അത്യാവശ്യമാണ്.
വിശ്വാസം അതല്ലേ എല്ലാം
ബന്ധങ്ങളിൽ ആദ്യം വേണ്ടത് പരസ്പര വിശ്വാസമാണ്. അതുകൊണ്ടു തന്നെ ട്രസ്റ്റ് ( Trust) എന്ന വാക്കിന് ബന്ധങ്ങളിൽ വളരെയധികം പ്രാധാന്യമാണുള്ളത്. ഏതൊരു ബന്ധത്തിന്റെയും അടിത്തറ നന്നാകണമെങ്കിൽ അവിടെ വിശ്വാസം ഉണ്ടാവണം. പരസ്പര വിശ്വാസം ഉള്ള ഒരു ബന്ധത്തിൽ പങ്കാളികൾക്ക് സുരക്ഷിതത്വബോധം തീർച്ചയായും അനുഭവിക്കാൻ സാധിക്കും. തങ്ങൾ തിരഞ്ഞെടുത്ത പങ്കാളികൾ സത്യസന്ധരും വിശ്വസ്തരും ആണെന്ന ബോധം ബന്ധങ്ങളെ കൂടുതൽ മനോഹരമാക്കും.
മറച്ചു വയ്ക്കാൻ ഒന്നുമുണ്ടാവരുത്
വെള്ളം പോലെ സുതാര്യമായിരിക്കണം പങ്കാളികൾ തമ്മിലുള്ള ബന്ധം. ട്രാൻസ്പരസി ( Transparency) എന്ന വാക്കിനും ബന്ധങ്ങളിൽ വളരെ പ്രധാനമായ പങ്കു വഹിക്കാനുണ്ട്. ഏതു കാര്യത്തെക്കുറിച്ചും തുറന്നു സംസാരിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു ബന്ധം തിരഞ്ഞെടുക്കാൻ തീർച്ചയായും ശ്രദ്ധിക്കണം. മനസ്സിൽ തോന്നുന്ന കാര്യങ്ങളും വികാരങ്ങളും ഒക്കെ ഒളിയും മറിയും ഇല്ലാതെ സ്വതന്ത്രമായി പങ്കുവയ്ക്കാൻ സാധിക്കുകയും അതിലൂടെ പരസ്പരം കൂടുതൽ മനസ്സിലാക്കാനുള്ള അവസരം ഉണ്ടാക്കിയെടുക്കുകയും വേണം. അങ്ങനെ മാത്രമേ ബന്ധങ്ങളിൽ ഇഴയടുപ്പം സൃഷ്ടിക്കാൻ സാധിക്കൂ. അങ്ങനെയുള്ള ബന്ധങ്ങൾ ദീർഘകാലം നിലനിൽക്കുകയും ചെയ്യും.
ഒന്നിനു വേണ്ടിയും കള്ളം പറയരുത്
ട്രൂത്ത്ഫുൾനെസ്സ് (Truthfulness) എന്ന വാക്കിനും ജീവിതത്തിൽ പ്രസക്തിയുണ്ട്. സത്യസന്ധമായ ചില കാര്യങ്ങൾ പറയുമ്പോൾ ചിലപ്പോൾ അപ്പുറത്ത് നിൽക്കുന്ന ആൾക്ക് വല്ലാതെ വിഷമമാകും. അവർ വിഷമിക്കും എന്ന ഒറ്റക്കാരണം കൊണ്ട് ഒരിക്കലും സത്യം പറയാതിരിക്കരുത്. കാരണം സത്യസന്ധമായ കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരും. അപ്പുറത്ത് നിൽക്കുന്ന ആളിന്റെ സന്തോഷം മാത്രം കണക്കിലെടുത്ത് സത്യം മറച്ചുവെച്ച് താൽക്കാലിക നേട്ടത്തിനു വേണ്ടി നുണ പറയുകയാണെങ്കിൽ, നിങ്ങൾ പറഞ്ഞത് നുണയായിരുന്നുവെന്ന് എന്നെങ്കിലും അവർ മനസ്സിലാക്കിയാൽ പിന്നീട് ഒരിക്കലും നിങ്ങൾ പറയുന്ന ഒരു കാര്യം പോലും അവർ വിശ്വസിക്കില്ല. അതുകൊണ്ട് സത്യങ്ങൾ അപ്രിയം ആണെങ്കിലും അത് തുറന്നു പറയാൻ എപ്പോഴും തയാറാവണം. ഈ മൂന്നു കാര്യങ്ങൾ ബന്ധങ്ങളിൽ കൃത്യമായി പാലിച്ചാൽ ബന്ധങ്ങൾ ദീർഘകാലം നിലനിൽക്കുകയും കൂടുതൽ സുന്ദരമാവുകയും ചെയ്യും.