ഭയന്നോടുന്ന ജനം... അന്ന് കാബൂളിൽ സംഭവിച്ചതെന്ത്? ഭീകരതയുടെ ആകാശ ദൃശ്യങ്ങൾ

Mail This Article
ലോകം ഒന്നടങ്കം ഇപ്പോൾ താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനെയും അവിടത്തെ ജനങ്ങളെയും കുറിച്ചാണ് ചർച്ച ചെയ്യുന്നത്. അഫ്ഗാനിൽ നിന്ന് പുറത്തുവരുന്ന ഓരോ ദൃശ്യങ്ങളും ഞെട്ടിക്കുന്നതാണ്. താലിബാനെ ഭയന്ന് രക്ഷപ്പെടാനുള്ള ആൾക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ ലോകമെമ്പാടും വലിയ ചർച്ചയായിട്ടുണ്ട്. കാബൂളിലെ നഗരവും റോഡുകളും വിമാനത്താവളവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.
തിങ്കളാഴ്ച രാവിലെ 10.30 ന് (പ്രാദേശിക സമയം) മാക്സർ ടെക്നോളജീസ് പകർത്തിയ സാറ്റലൈറ്റ് ചിത്രങ്ങളിലെല്ലാം ഇക്കാര്യങ്ങൾ വ്യക്തമാണ്. വിമാനത്താവളത്തിലെ ആൾക്കൂട്ടത്തിന്റെ ദൃശ്യങ്ങളും സാറ്റലൈറ്റുകളിലെ ക്യാമറകൾ പകർത്തിയിട്ടുണ്ട്.
റൺവേയിലൂടെ ജനങ്ങൾ രക്ഷപ്പെടാനുള്ള വഴിതേടി നീങ്ങുന്നത് കാണാം. ഒരു ഭാഗത്ത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും കാണുന്നുണ്ട്. മറ്റുചില സാറ്റലൈറ്റ് ചിത്രങ്ങളിൽ നഗരത്തിലെ റോഡുകളിലെ തിരക്കും കാണാം. കാബൂളിൽ നിന്നുള്ള നിരവധി സാറ്റലൈറ്റ് ചിത്രങ്ങൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.
സാറ്റലൈറ്റ് വഴിയുള്ള ചിത്രങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ ദശാബ്ദത്തില്‍ വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ വികസിച്ചതോടെ ഭൂമിയുടെ മുക്കും മൂലയുടേയും ആകാശത്തുനിന്നുള്ള ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ ഫോണില്‍ പോലും പ്രയാസമില്ലാതെ ലഭിക്കാന്‍ തുടങ്ങി. ഇത്തരത്തിലുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിൽ മുൻനിരയിലുള്ള അമേരിക്കന്‍ കമ്പനിയാണ് മാക്‌സര്‍ ടെക്‌നോളജീസ്. ഈ കമ്പനി കഴിഞ്ഞ ദശാബ്ദത്തിലെ പ്രധാന സംഭവങ്ങളുടെ ആകാശദൃശ്യങ്ങളെല്ലാം പുറത്തുവിട്ടിരുന്നു.
English Summary: Crowds surge on Afghanistan airport in satellite photos