‘അജ്ഞാത’ ഒൻപതാം ഗ്രഹം സഞ്ചരിക്കുന്നത് അണ്ഡാകൃതിയിലുള്ള ഭ്രമണപഥത്തിലോ?

Mail This Article
ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്ന ഒൻപതാമത്തെ ഗ്രഹം ഉണ്ടെങ്കില്‍ തന്നെ അത് നേരത്തെ കരുതിയ പ്രദേശത്തായിരിക്കില്ലെന്ന് കണ്ടെത്തല്‍. സൂര്യന്‍ കേന്ദ്രമായുള്ള സൗരയൂഥത്തിന്റെ വിദൂരതയിലൂടെ മനുഷ്യരാല്‍ ശ്രദ്ധിക്കപ്പെടാതെ ഒരു ഗ്രഹം ഉണ്ടെന്നാണ് പല ശാസ്ത്രജ്ഞരും കരുതുന്നത്. നേരത്തെ കരുതിയതിനേക്കാളും അണ്ഡാകൃതിയിലുള്ള ഭ്രമണപഥമായിരിക്കും ഈ അജ്ഞാത ഗ്രഹത്തിനെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.
മനുഷ്യരെ ഇപ്പോഴും പറ്റിച്ചുകൊണ്ട് നമ്മുടെ സൗരയൂഥത്തില്‍ ഒരു ഒൻപതാമത്തെ ഗ്രഹം ഉണ്ടെന്ന് 2016ലാണ് ജ്യോതിശാസ്ത്രജ്ഞരായ കോണ്‍സ്റ്റന്റിന്‍ ബാറ്റിജിനും മിക്കായേല്‍ ബ്രൗണും പ്രഖ്യാപിക്കുന്നത്. ദ അസ്‌ട്രോണമിക്കല്‍ ജേണലിലായിരുന്നു ഇവരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു വന്നത്. സൗരയൂഥത്തിന്റെ വിദൂര അതിരുകളില്‍ ഒരു ഒൻപതാമത്തെ ഗ്രഹം ഉണ്ടെന്നതിന്റെ തെളിവുകളാണ് ഇവര്‍ അക്കമിട്ടു നിരത്തിയത്. നെപ്റ്റിയൂണിനും അപ്പുറത്തുള്ള വസ്തുക്കളില്‍ നിന്നാണ് ഈ ഒൻപതാം ഗ്രഹ സാന്നിധ്യത്തിന്റെ തെളിവുകള്‍ ഇവര്‍ സ്വരൂപിച്ചത്.
എക്‌സ്ട്രീം ട്രാന്‍സ് നെപ്റ്റിയൂണിയന്‍ ഒബ്‌ജെക്ട്‌സ് അഥവാ ETNOs എന്നാണ് നെപ്റ്റിയൂണ്‍ ഗ്രഹത്തിന് അപ്പുറത്തായി സൂര്യനെ ഭ്രമണം ചെയ്യുന്ന വസ്തുക്കളെ വിശേഷിപ്പിക്കുന്നത്. മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് വളരെ നീണ്ട ഭ്രമണപഥമാണ് ഈ വിദൂര വസ്തുക്കള്‍ക്കുള്ളത്. ഇവ ഒരിക്കലും നെപ്റ്റിയൂണിന്റെ ഭ്രമണപഥത്തിന് അപ്പുറത്തേക്ക് സൂര്യന് അടുത്തേക്ക് എത്താറില്ല. സൂര്യനില്‍ നിന്നും ഏതാണ്ട് 30 അസ്‌ട്രോണമിക്കല്‍ യൂണിറ്റിനും 150 അസ്‌ട്രോണമിക്കല്‍ യൂണിറ്റിനും ഇടക്കാണ് ഇവ സഞ്ചരിക്കുക. ഭൂമിയില്‍ നിന്നും സൂര്യനിലേക്കുള്ള ദൂരമാണ് ഒരു അസ്‌ട്രോണമിക്കല്‍ യൂണിറ്റെന്ന് മനസ്സിലാക്കിയാല്‍ ഇവ എത്രമാത്രം ദൂരത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഊഹിക്കാനാകും.
നെപ്റ്റിയൂണിന് അപ്പുറത്തുള്ള വസ്തുക്കളുടെ സൂര്യനോട് ഏറ്റവും അടുത്ത ഭ്രമണപഥം ഏതാണ്ട് സമാനമാണെന്ന് ബാറ്റിജിനും ബ്രൗണും കണ്ടെത്തി. പല മാതൃകകള്‍ മുന്‍ നിര്‍ത്തിയുള്ള പഠനത്തിലൂടെ വലിയൊരു ഗ്രഹത്തിന്റെ സാന്നിധ്യമാണ് ഈയൊരു പ്രത്യേകതക്ക് കാരണമായി ഇവര്‍ മുന്നോട്ടുവെച്ചത്. ഈ കണ്ടെത്തല്‍ അവതരിപ്പിച്ചതിനു പിന്നാലെ സ്വാഭാവികമായും പല വിവാദങ്ങളും വാദ പ്രതിവാദങ്ങളുമുണ്ടായി. എങ്കിലും ഇന്നു വരെ ഈ ഉണ്ടെന്ന് കരുതപ്പെടുന്ന ഒൻപതാം ഗ്രഹത്തെ ഉറപ്പിക്കാന്‍ തക്ക തെളിവുകള്‍ ശാസ്ത്രലോകത്തിന് ലഭിച്ചിട്ടില്ല.
ഇതേ ജ്യോതിശാസ്ത്രജ്ഞര്‍ തന്നെയാണ് ഇപ്പോള്‍ തങ്ങളുടെ പഠനത്തിന് ഒരു പുതിയ ഭാഷ്യവുമായി എത്തിയിരിക്കുന്നത്. ദ അസ്‌ട്രോണമിക്കല്‍ ജേണല്‍ ലെറ്റേഴ്‌സിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2016ല്‍ ആകെ നെപ്റ്റിയൂണിന് അപ്പുറത്തുള്ള ആറ് ETNO കളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ പഠനം നടത്തിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ നെപ്റ്റിയൂണിന് അപ്പുറത്തുള്ള കൂടുതല്‍ വസ്തുക്കളെ ശാസ്ത്രലോകം തിരിച്ചറിഞ്ഞു. ഇതോടെ ഒൻപതാം ഗ്രഹത്തെക്കുറിച്ച് കൂടുതല്‍ കണക്കുകൂട്ടലുകള്‍ നടത്താന്‍ വേണ്ട വിവരങ്ങള്‍ നമുക്ക് ലഭ്യമാണെന്നാണ് ബാറ്റിജും ബ്രൗണും പറയുന്നത്.
നേരത്തെ 2019ല്‍ തങ്ങളുടെ നിരീക്ഷണങ്ങളില്‍ ഇവര്‍ ചില തിരുത്തലുകള്‍ വരുത്തിയിരുന്നു. പ്രത്യേകിച്ചും ഒൻപതാം ഗ്രഹത്തിന്റെ ഭാരം സംബന്ധിച്ച്. നേരത്തെ ഭൂമിയുടെ പത്തിരട്ടിയുള്ള ഗ്രഹമാണിതെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ 2019ല്‍ അത് ഭൂമിയുടെ അഞ്ചിരട്ടി ഭാരമാക്കി കുറച്ചു. ഏതാണ്ട് 10000 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് സൂര്യനില്‍ നിന്നും അകലെയുള്ള വസ്തുക്കള്‍ നമ്മുടെ സൗരയൂഥത്തിന് പുറത്ത് പോകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പുതിയ പഠനത്തില്‍ ഇവര്‍ സൂര്യന്‍ ഒറ്റക്ക് പിറന്നുവെന്ന് കരുതാനാവില്ലെന്ന് കൂടി ഓര്‍മിപ്പിക്കുന്നു. നക്ഷത്രങ്ങള്‍ പിറന്നു വീഴുന്ന നെബുലയില്‍ സൂര്യനൊപ്പം മറ്റു കുട്ടി നക്ഷത്രങ്ങള്‍ കൂടി ഉണ്ടായിരുന്നിരിക്കണം. അങ്ങനെയെങ്കില്‍ ഏതെങ്കിലുമൊരു ചെറു നക്ഷത്രത്തെ ചുറ്റി മറ്റൊരു സൗരയൂഥത്തിനുള്ള സാധ്യതയും തള്ളാനാവില്ല. സൗരയൂഥത്തിന്റെ അതിര്‍ത്തിയായി കരുതപ്പെടുന്ന ഊര്‍ട്ട് മേഘങ്ങള്‍ നിറഞ്ഞ പ്രദേശത്തായിരിക്കണം ഇതെന്നും ഇവര്‍ കണക്കുകൂട്ടുന്നു. സൂര്യനില്‍ നിന്നും 2000 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് മുതല്‍ 100000 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് വരെ ദൂരത്താണ് അതിശൈത്യ ഊര്‍ട്ട് മേഘങ്ങള്‍ കാണപ്പെടുന്നത്.
ഊര്‍ട്ട് മേഘങ്ങള്‍ക്കുള്ളിലായിരിക്കണം നമ്മള്‍ കണ്ടെത്തിയ പല നെപ്റ്റിയൂണിനും അപ്പുറത്തെ വസ്തുക്കള്‍ പിറവിയെടുത്തതെന്നാണ് ഈ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഉണ്ടെന്ന് കരുതപ്പെടുന്ന ഒൻപതാം ഗ്രഹത്തിന്റെ സ്ഥാനം ഭൂമിയില്‍ നിന്നും വളരെ അകലെയായതിനാലും തെളിച്ചം വളരെ കുറവായതിനാലും ഇതിനെ കണ്ടെത്തുക എളുപ്പമുള്ള ഒന്നല്ല. പ്രത്യേകിച്ചും അത് ഊര്‍ട്ട് മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുകയാണെങ്കില്‍. ഒൻപതാം ഗ്രഹം ഒരിക്കലും കണ്ടെത്തിയില്ലെങ്കില്‍ പോലും ഈ ഗ്രഹത്തെ തേടിപോയി പ്രപഞ്ച ശാസ്ത്രജ്ഞര്‍ പല നിര്‍ണായക കണ്ടെത്തലുകളും നടത്തിക്കഴിഞ്ഞു. ജോവിയന്‍ ഗ്രഹങ്ങളായ ജൂപിറ്റര്‍, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നിവയില്‍ പലതിന്റേയും ഉപഗ്രഹങ്ങളും ചില വിദൂര കുള്ളന്‍ ഗ്രഹങ്ങളും ഇതുവഴി പോയാണ് പ്രപഞ്ച ശാസ്ത്രജ്ഞന്‍ കണ്ടെത്തിയിട്ടുള്ളത്.
English Summary: If Planet Nine Is Out There, It May Not Be Where We Think