ഇത് ‘ചൈന ഡ്യൂപ്ലിക്കേറ്റ്’ അല്ല, ഓരോ നീക്കവും ലൈവ്! അമേരിക്കയെ ഞെട്ടിച്ച് ചൈനീസ് സാറ്റലൈറ്റ്

Mail This Article
നിര്‍ദേശം ലഭിച്ച് വെറും 42 സെക്കൻഡിനകം അമേരിക്കന്‍ നഗരത്തിന്റെ പ്രധാന ഭാഗത്തെ ചിത്രങ്ങളെടുക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ചെറു ചൈനീസ് സാറ്റലൈറ്റ്. തെരുവിലെ വാഹനങ്ങളുടെ മോഡല്‍ വരെ തിരിച്ചറിയാന്‍ സാധിക്കുന്നവയാണ് ഇത്തരത്തിലെടുത്ത ചിത്രങ്ങള്‍. നിലവിലെ കൊമേഴ്‌സ്യല്‍ സാറ്റലൈറ്റുകളേക്കാള്‍ അതിവേഗം മികച്ച ഫലമാണ് ബെയ്ജിങ് 3 എന്ന ഈ ചെറു സാറ്റലൈറ്റ് നല്‍കുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ജൂണിലാണ് ചൈന തങ്ങളുടെ നിരീക്ഷണ സാറ്റലൈറ്റായ ബെയ്ജിങ് 3 വിക്ഷേപിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയുടെ തീരത്തിന്റെ 3,800 ചതുരശ്ര മൈല്‍ വരുന്ന പ്രദേശത്തിന്റെ സാറ്റലൈറ്റ് സര്‍വേ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ബെയ്ജിങ് 3ക്ക് സാധിച്ചുവെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ എസ്‌സിഎംപി റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയില്‍ നിന്നും ഏതാണ്ട് 500 കിലോമീറ്റര്‍ ഉയരത്തില്‍ വച്ചെടുത്ത ചിത്രത്തിന് ഒരു പിക്‌സലില്‍ 50 സെന്റിമീറ്റര്‍ റെസലൂഷനുണ്ട്. പ്രതിസെക്കൻഡില്‍ 10 ഡിഗ്രി വരെ ചരിവില്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോഴും വ്യക്തതയുള്ള ചിത്രങ്ങളെടുക്കാനും ബെയ്ജിങ് 3ന് സാധിക്കുന്നുണ്ട്.
ഈയൊരു വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഏതെങ്കിലും സാറ്റലൈറ്റുകള്‍ക്ക് വ്യക്തതയുള്ള ചിത്രങ്ങളെടുക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ടുകള്‍ നേരത്തെയില്ലെന്ന് ചൈനീസ് ജേണലായ സ്‌പേസ്‌ക്രാഫ്റ്റ് എൻജിനീയറിങ്ങില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും പറയുന്നു.
ചെലവു കുറഞ്ഞതും വലുപ്പം കൊണ്ട് ചെറുതുമാണെങ്കിലും ഭൗമ നിരീക്ഷണ സാറ്റലൈറ്റുകളില്‍ ഏറ്റവും ചുറുചുറുക്കുള്ളവയാണ് ബെയ്ജിങ് 3 എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സാധാരണ നിരീക്ഷണ സാറ്റലൈറ്റുകള്‍ക്ക് ഭൂമിയിലെ നിശ്ചിത പ്രദേശത്തിന്റെ താരതമ്യേന കുറഞ്ഞ ഭാഗം മാത്രമാണ് നിരീക്ഷണ വിധേയമാക്കാനാവുക. കൂടുതല്‍ പ്രദേശങ്ങള്‍ നിരീക്ഷിക്കണമെങ്കില്‍ മറ്റു സാറ്റലൈറ്റുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയോ ഭൂമിയെ പല തവണ വലം വച്ച് വരികയോ വേണം. എന്നാല്‍ ബെയ്ജിങ് 3 ടിബറ്റന്‍ പീഠഭൂമി മുതല്‍ കിഴക്കന്‍ ചൈനാ കടല്‍ വരെ നീണ്ടു കിടക്കുന്ന യാങ്‌സീ നദിയുടെ 6,300 കിലോമീറ്റര്‍ വരുന്ന പ്രദേശം ചൈനക്ക് മുകളില്‍ വടക്കു നിന്നും തെക്കോട്ടേക്ക് ഒരൊറ്റ പറക്കലില്‍ പകര്‍ത്തിയെടുത്തു. സാധാരണ നിരീക്ഷക സാറ്റലൈറ്റുകള്‍ക്ക് സാങ്കേതികമായി അസാധ്യമായ ദൗത്യമാണിത്.
ഇത്തരത്തില്‍ ഒരൊറ്റ ദിവസം ഭൂമിയുടെ 500 വ്യത്യസ്ത പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ ഈ കുഞ്ഞന്‍ ചൈനീസ് സാറ്റലൈറ്റിന് സാധിക്കും. ഇതിന് നിര്‍മിത ബുദ്ധിയുടെ സഹായവും ബെയ്ജിങ് 3 ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചൊരു ലക്ഷ്യസ്ഥാനം തിരഞ്ഞെടുത്ത് അതിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ഈ ചൈനീസ് സാറ്റലൈറ്റിന് സാധിക്കും. അമേരിക്കന്‍ സാറ്റലൈറ്റായ വേള്‍ഡ്‌വ്യൂ-4 നെ അപേക്ഷിച്ച് മൂന്നിരട്ടി വേഗത്തില്‍ പ്രതികരിക്കാന്‍ ബെയ്ജിങ് 3ക്ക് സാധിക്കുന്നുണ്ട്. സമാനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അമേരിക്കയുടെ അത്യാധുനിക സാറ്റലൈറ്റാണ് വേള്‍ഡ് വ്യൂ 4.
ഒരേസമയം ഭൂമിയിലെ 13 കിലോമീറ്റര്‍ പ്രദേശമാണ് അമേരിക്കന്‍ സാറ്റലൈറ്റിന്റെ നിരീക്ഷണ പരിധിയെങ്കില്‍ ചൈനീസ് സാറ്റലൈറ്റിന്റേത് ഇത് 23 കിലോമീറ്ററാണ്. ചിത്രങ്ങളുടെ വ്യക്തതയുടെ കാര്യത്തില്‍ അമേരിക്കന്‍ സാറ്റലൈറ്റ് മുന്നിലാണെങ്കിലും ഇതിന്റെ പകുതി മാത്രം ഭാരമേ ചൈനീസ് സാറ്റലൈറ്റിനുള്ളൂ. മാത്രമല്ല ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ നിലവാരത്തിലുള്ള ചിത്രങ്ങള്‍ മാത്രമാണ് വേള്‍ഡ് വ്യൂ- 4 നല്‍കുകയെങ്കില്‍ ഈ പരിമിതിയെ മറികടക്കാന്‍ ബെയ്ജിങ് 3ക്ക് സാധിച്ചിട്ടുണ്ട്.
വളരെ വൈകിയാണ് ചൈന ഉപഗ്രഹ സാങ്കേതികവിദ്യയിലേക്ക് എത്തിയതെങ്കിലും കുറഞ്ഞ സമയംകൊണ്ട് അതിവേഗം ചൈനക്ക് പുരോഗതി നേടാന്‍ സാധിച്ചിട്ടുണ്ടെന്ന് ഡിഎഫ്എച്ച് സാറ്റലൈറ്റ് കമ്പനിയിലെ മുഖ്യ ഗവേഷകനായ യാങ് ഫാങ് പറയുന്നു. ഇത്തരം സാങ്കേതികവിദ്യകളില്‍ ലോകത്തിലെ തന്നെ മുന്‍നിര സ്ഥാനം ചൈനക്ക് നേടിയെടുക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് മുന്‍തൂക്കമുള്ള വ്യാവസായിക സാറ്റലൈറ്റ് മേഖലയിലേക്കുള്ള ചൈനയുടെ ശക്തമായ വെല്ലുവിളിയായി മാറിയിരിക്കുകയാണ് ബെയ്ജിങ് 3 എന്ന പുത്തന്‍ സാറ്റലൈറ്റ്.
English Summary: Chinese AI Satellite Takes Sharper, Better Pics Of Earth Than US Satellites