ADVERTISEMENT

ഏകദേശം ഒരു മീറ്റര്‍ മാത്രം വ്യാസമുള്ള ഛിന്നഗ്രഹം ഇന്നലെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നതായി കണ്ടെത്തിയത് നാസയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കാറ്റലീന സ്കൈ സർവേയാണ്. ഫിലിപ്പീൻ ദ്വീപസമൂഹത്തിന്റെ വടക്കേ അറ്റത്തുള്ള ദ്വീപിന് മുകളിൽ സെക്കൻഡിൽ 17.6 കിലോമീറ്റർ അല്ലെങ്കിൽ മണിക്കൂറിൽ 63,360 കിലോമീറ്റർ വേഗതയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന CAQTDL2 എന്നറിയപ്പെട്ടിരുന്ന ഛിന്നഗ്രഹത്തിന് 2024 RW1 എന്നാണ് പിന്നീട് പേരു നല്‍കിയിരിക്കുന്നത്. ഈ ഛിന്നഗ്രഹം ഫിലിപ്പീൻസിന് മുകളിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ നിരുപദ്രവകരമായി കത്തി നശിച്ചു. പ്രദേശത്തെ തെളിഞ്ഞ ആകാശമുള്ള സ്ഥലങ്ങളിൽ നിരവധിപ്പേർ ഇത് ഒരു മിന്നല്‍ പ്രവാഹം പോലെ കാണുകയും ചിത്രീകരിക്കുകയും ചെയ്തു. 

2024 RW1 എന്ന ഛിന്നഗ്രഹത്തിന്റെ വിജയകരമായ കണ്ടെത്തൽ ഇത്തരം ഛിന്നഗ്രഹപ്രതിരോധത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികൾ ഭൂമിക്ക് സമീപമുള്ള വസ്തുക്കളുടെ തിരയലിനും ട്രാക്കിങിനും മുൻഗണന നൽകിയിട്ടുണ്ട്.

അതിനാൽ വലുപ്പവും വേഗതയും ഉള്ള ഛിന്നഗ്രഹങ്ങളെത്തുമ്പോഴും, ശാസ്ത്രജ്ഞർപരിഭ്രാന്തരാകുന്നില്ല. കാരണം ഉൽക്ക, ഛിന്നഗ്രഹം എന്നിവ ഭൂമിയുടെ സമീപത്ത്കൂടി പോകുന്നതിനു വർഷങ്ങൾക്കു മുൻപ് അവയെപ്പറ്റിയുള്ള അപഗ്രഥനം നടക്കാറുണ്ടെന്നതാണ് കാരണം.

6.6 കോടി വർഷം മുൻപ് ദിനോസറുകളെ ഇല്ലാതാക്കിയ, 116 വർഷം മുൻപ് റഷ്യയിൽ 8 കോടി മരങ്ങൾ ചുട്ടെരിച്ച അത്തരമൊരു ഛിന്നഗ്രഹം ഭൂമിക്കു നേരെ എന്നെങ്കിലും പാഞ്ഞടുക്കും എന്ന ഭീതിയിൽ നിന്നും ഇപ്പോൾ നാം മുക്തരാണ്. വിവിധ ബഹിരാകാശ ഏജൻസികളെല്ലാം ഇത്തരം അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളെയെല്ലാം ട്രാക് ചെയ്യുന്നുണ്ട് എന്നതുതന്നെ.2024 JB2 ഛിന്നഗ്രഹവും ഭൂമിയും തമ്മിലുള്ള അകലം ഏകദേശം 2.75 ദശലക്ഷം മൈൽ ആയിരിക്കുമെന്ന് നാസ ഉറപ്പുനൽകുന്നു. അതോപോലെ 2 പതിറ്റാണ്ട് മുൻപ് ട്രാക് ചെയ്യുന്നതിൽനിന്നു നഷ്ടപ്പെട്ട മറ്റൊരു ഛിന്നഗ്രഹമായ 2007 എഫ്‌ടി 3 ഈ വർഷം ഒക്ടോബറിൽ ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും തള്ളിക്കളയുകയാണ് നാസ.

2007ൽ പുറത്തുവന്ന ചില റിപ്പോർട്ടുകളിലായിരുന്നു 2007 എഫ്‌ടി 3 മാർച്ച് 3, 2030 ഓടെ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 10 ദശലക്ഷത്തിൽ 1 ഉണ്ടെന്നും അല്ലെങ്കിൽ 2024 ഒക്ടോബർ 5ന് ഭൂമിയിൽ പതിക്കാനുള്ള സാധ്യത 11.5 ദശലക്ഷത്തിൽ 1 ആണെന്നും പ്രസ്താവിച്ചത്.

ഭൂമിക്ക് സമീപമുള്ള എല്ലാ വസ്തുക്കളിലും നാസയുടെ സെന്റർ ഫോർ നിയർ ഏർത്ത് ഒബ്ജക്ട് സ്റ്റഡീസ് നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ട്. ബഹിരാകാശത്തെ ഛിന്നഗ്രഹങ്ങൾ നമുക്ക് വലിയ സുരക്ഷാഭീഷണി ഇപ്പോൾ സൃഷ്ടിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.അഥവാ ഛിന്നഗ്രഹം ഇടിച്ചാൽഛിന്നഗ്രഹങ്ങൾ സെക്കൻഡിൽ 40 മുതൽ 50 കിലോമീറ്റർ എന്നുള്ള ഉയർന്ന വേഗത്തിലാണ് ഭൂമിയിലേക്ക് ഇടിച്ചിറങ്ങുന്നത്.ഇത്തരം ഇടികൾ പാറകളെ വരെ ഉരുക്കിക്കളയാവുന്ന അത്ര താപനില ഉയർത്താൻ കരുത്തുറ്റതാണ്. ഇത്തരം ഇടികൾക്ക് പടുകുഴികൾ സൃഷ്ടിക്കാനും നിരവധി നാശനഷ്ടങ്ങളുണ്ടാക്കാനുമുള്ള കഴിവുകളുണ്ട്.

English Summary:

Asteroid discovered hours before it hit Earth, crashes over the Philippines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com