സ്ഥായിയായി ശ്വാസനാളങ്ങള്‍ക്കും ശ്വാസകോശങ്ങള്‍ക്കും ഉണ്ടാകുന്ന ചുരുക്കമാണ് സിഒപിഡിക്ക് കാരണം. ദീര്‍ഘനാളുകളായി നില്‍ക്കുന്ന പ്രേരക ഘടകങ്ങളുടെ സമ്പര്‍ക്കം കൊണ്ട് ഉണ്ടാകുന്ന രോഗമാണിത്. പ്രത്യക്ഷമായ പുകവലിയും പരോക്ഷമായ വലിയും വിറകടുപ്പിന്റെ പുക ശ്വസിക്കല്‍, അന്തരീക്ഷ മലിനീകരണം, പുകപടലങ്ങളും പൊടിയും ശ്വസിക്കേണ്ട തൊഴിലുകള്‍ എന്നിവയാണ് സാധാരണമായി കണ്ടുവരുന്ന പ്രേരക ഘടകങ്ങള്‍. പുക ശ്വാസനാളങ്ങളുടെ ഉള്ളിലെ നേര്‍മയുള്ള പാളികളുടെ പ്രവര്‍ത്തനക്ഷമതയില്‍ ഗണ്യമായി കുറവു വരുത്തുകയും വായു സഞ്ചാരത്തിന് തടസ്സം വരുത്തുകയും ചെയ്യുമ്പോഴാണ് COPDയുടെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ശ്വാസതടസ്സമാണ് ആദ്യം അനുഭവപ്പെടുക. പ്രത്യേകിച്ച് ആയാസകരമായ ജോലികള്‍ ചെയ്യുമ്പോള്‍. കൂടാതെ ചുമ കഫത്തോടുകൂടിയുള്ളതും അല്ലാതെയും, അമിതക്ഷീണം എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.