ADVERTISEMENT

സമുദ്രനിരപ്പിൽനിന്ന് 8000 അടിയോളം ഉയരത്തിലാണ് കൊളുക്കുമല. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള  തേയിലത്തോട്ടം. ഉയരം കൂടുന്തോറും ചായയ്ക്ക് രുചി കൂടും എന്നു പറയുന്നതുപോലെ ഈ ഉയരത്തിൽ കാഴ്ചയും അതിമനോഹരമാണ്. തമിഴ്നാടിന്റെ ഭാഗമായ കൊളുക്കുമലയിലേക്ക് മൂന്നാർ പട്ടണത്തിൽനിന്ന് ഏകദേശം 35 കിലോമീറ്റർ ദൂരമുണ്ട്. വർഷങ്ങൾ പഴക്കമുള്ള ഒരു തേയില ഫാക്ടറി ഇവിടെയുണ്ട്. സൂര്യനെല്ലിയിൽനിന്ന് ഓഫ് റോഡ് ജീപ്പുകളാണ് കൊളുക്കുമലയിലേക്ക് സർവീസ് നടത്തുന്നത്.

സൂര്യോദയം കാണാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. ഇപ്പോൾ മലമുകളിൽ താമസസൗകര്യങ്ങൾ വന്നതോടെ സഞ്ചാരികളുടെ വരവും വർധിച്ചു. കൊളുക്കുമലയുടെ മഞ്ഞിൽ പൊതിഞ്ഞ രാത്രിക്കാഴ്ചയും സൂര്യോദയകാഴ്ചയുമൊക്കെ കാണേണ്ടതു തന്നെയാണ്. സ്വര്‍ഗതുല്യമാണ് കൊളുക്കുമല. 

Kolukkumalai1
Sarath maroli/shutterstock

സ്വർഗമാണിവിടം

കിഴക്ക് മലനിരകൾക്കിടയിലൂടെ സൂര്യന്റെ ആദ്യകിരണങ്ങൾ വന്നു തുടങ്ങുമ്പോൾത്തന്നെ ആകാശം ചുവന്നു തുടങ്ങും. സൂര്യൻ ഉയർന്നു വരുന്നതിനനുസരിച്ച് അകലെ മലനിരകൾ തെളി‍ഞ്ഞു വരും. തുടർന്ന് ചുവപ്പിൽനിന്നു പച്ചയിലേക്ക് മാറും. പുലിപ്പാറയുടെ പിന്നിലാണു സൂര്യോദയം കാണാൻ നിൽക്കുന്നതെങ്കിൽ പുലിയുടെ വായിൽനിന്നു പ്രകാശം വരുന്നതുപോലുള്ള അനുഭവമാണ്. 

Kolukkumalai2
Krunal Jajal/shutterstock

കാഴ്ചകളുടെ നീലവസന്തം തീർക്കുന്ന നീലക്കുറിഞ്ഞിയും കോടമഞ്ഞിൽ പൊതിഞ്ഞ മലനിരകളുടെ അഭൗമ സൗന്ദര്യവും സൂര്യോദയകാഴ്ചയുമൊക്കെയായി സഞ്ചാരികളുടെ ഇടയിൽ കൊളുക്കുമല പ്രസിദ്ധമാണ്.  സൂര്യോദയവും അസ്തമയകാഴ്ചയും ആസ്വദിക്കുവാനായി കടൽത്തീരത്ത് പോകുന്നവർ ഒരിക്കലെങ്കിലും കൊളുക്കുമലയുടെ സൗന്ദര്യത്തിൽ അലിഞ്ഞുചേരണം. മേഘങ്ങള്‍ക്ക് മുകളില്‍കൂടി മഞ്ഞിലുറങ്ങുന്ന മലനിരകളെ തട്ടിയുണര്‍ത്തി സൂര്യന്റെ പൊന്‍കിരണങ്ങള്‍ ഉദിച്ചുയരുന്ന ദൃശ്യത്തില്‍ നിങ്ങളും അറിയാതെ പറഞ്ഞുപോകും ഇത് ഭൂമിയിലെ സ്വര്‍ഗം തന്നെയാണെന്ന്. വെള്ള പുതച്ച മേഘങ്ങളുടെ കാഴ്ചയും മഞ്ഞും വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. 

English Summary: Trip to Kolukkumalai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com