വെള്ളത്തിന് തീ പിടിക്കും, കെട്ടുകഥയല്ല ശാസ്ത്ര ലോകത്തെ അദ്ഭുതപ്പെടുത്തിയ സത്യം
Mail This Article
എങ്ങും വൈവിധ്യമാര്‍ന്ന മുഖഭാവങ്ങള്‍ വിരിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഒരു കരീബിയന്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ജമൈക്ക. പാല്‍ പോലെ വെളുത്ത മണല്‍ നിറഞ്ഞ ബീച്ചുകളും കാറ്റില്‍ തലയാട്ടുന്ന ഈന്തപ്പനകളും സമൃദ്ധമായ മഴക്കാടുകളും ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന പർവതശിഖരങ്ങളും മനംമയക്കുന്ന വെള്ളച്ചാട്ടങ്ങളുമെല്ലാം ചേര്‍ന്ന് അതിമനോഹരമാണ് ഈ നാട്. സാഹസിക സഞ്ചാരികള്‍ക്കും വേണ്ടതെല്ലാം ഇവിടെയുണ്ട്. ഓഫ് റോഡ് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച ഇടങ്ങളിലൊന്നാണ് ഇവിടം.
ജമൈക്കയിലെ അദ്ഭുതക്കാഴ്ചകളില്‍ ഒന്നാണ് വിൻഡ്‌സർ മിനറൽ സ്പ്രിങ് എന്ന് പേരുള്ള കുളം. സെന്‍റ് ആന്‍സ് ബേയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ കുളത്തിലെ വെള്ളത്തിന് ഒരു പ്രത്യേകതയുണ്ട്, തീ പിടിക്കുന്ന വെള്ളമാണ് ഇവിടെയുള്ളത്! ജലത്തിലെ ഉയര്‍ന്ന അളവിലുള്ള കത്തുന്ന പ്രകൃതിവാതകങ്ങള്‍ ആണ് ഈ അദ്ഭുത പ്രതിഭാസത്തിനു കാരണം. ഈ കാഴ്ച നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഔഷധഗുണമുള്ള വെള്ളം
ഓഫ്റോഡ് യാത്ര ചെയ്താണ് ഈ കുളത്തിലേക്ക് എത്തുന്നത്. സഞ്ചാരികള്‍ക്ക് ഇവിടേക്ക് വഴികാട്ടാനായി നിരവധി ഗൈഡുകള്‍ ജമൈക്കയിലെങ്ങുമുണ്ട്. കുളത്തിന് മുകളില്‍ കുമിളകള്‍ പൊങ്ങി വരുന്നത് എപ്പോഴും കാണാം. ഇടയ്ക്ക് വെള്ളത്തിന് മുകളില്‍ തീ കത്തുന്നതും കാണാം. വെള്ളത്തിന് തീ പിടിച്ച പോലെയാണ് ഈ കാഴ്ച അനുഭവപ്പെടുക.
ഈ കാഴ്ച കാണുക മാത്രമല്ല, വെള്ളത്തില്‍ ഇറങ്ങാനും സന്ദര്‍ശകര്‍ക്ക് അനുവാദമുണ്ട്. ധാതുക്കളുടെ ഉയർന്ന സാന്ദ്രതയുള്ള ഈ വെള്ളത്തിന് രോഗശാന്തിക്കുള്ള കഴിവുണ്ടെന്ന് കുറേപ്പേര്‍ വിശ്വസിക്കുന്നു. സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ ഈ വെള്ളത്തില്‍ മസാജ് ചെയ്യാം. ഇതിനായി ആളുകള്‍ വെള്ളത്തില്‍ കിടക്കുന്നു. തടാകത്തിലെ വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് ഇവരെ ഉഴിയുകയാണ് ചെയ്യുന്നത്. ഇതിനു പ്രത്യേകം ചാര്‍ജ് നല്‍കണം.
വെള്ളത്തിലെ പ്രേതം!
നൂറ്റാണ്ടുകളായി, അടുത്തുള്ള തോട്ടങ്ങളിൽ നിന്നുള്ള ജോലിക്കാര്‍ കുളിക്കാനുള്ള സ്ഥലമായി ഈ തടാകം ഉപയോഗിക്കുന്നു. 80 വർഷങ്ങൾക്ക് മുമ്പ് മെഹാല സ്മിത്ത് എന്നൊരു സ്ത്രീയാണ് കുളത്തിലെ വെള്ളത്തിന്‍റെ പ്രത്യേകത ആദ്യമായി തിരിച്ചറിഞ്ഞത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചുറ്റുമുള്ള മരത്തില്‍ നിന്നും കടന്നലുകള്‍ അവരെ കുത്താന്‍ വന്നു. അവര്‍ ഒരു പന്തം ഉപയോഗിച്ച് കടന്നല്‍ക്കൂട് നശിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ആ പന്തം താഴെ വീണു. പന്തം വീണ വെള്ളം, മണ്ണെണ്ണയില്‍ തീ വീണാലെന്ന പോലെ കത്താന്‍ തുടങ്ങി. വെള്ളത്തില്‍ പ്രേതമുണ്ടെന്ന് ആര്‍ത്തുവിളിച്ചു കൊണ്ട് അവര്‍ വീട്ടിലേക്ക് ഓടിപ്പോയി. പിന്നീട് വെള്ളത്തിന്‍റെ പ്രത്യേകത കൂടുതല്‍ ആളുകള്‍ അറിയുകയും കാലക്രമേണ ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറുകയും ചെയ്തു.
അടുത്തുള്ള മറ്റ് ആകര്‍ഷണങ്ങള്‍
തീവെള്ളമുള്ള കുളത്തിനടുത്ത് തന്നെ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ വേറെയും നിരവധി കാഴ്ചകളും അനുഭവങ്ങളുമുണ്ട്. മൂന്നര മണിക്കൂര്‍ നീളുന്ന ഡണ്‍സ് റിവര്‍ ഫാള്‍സ് പാര്‍ട്ടി ക്രൂയിസ് യാത്രയും ശാന്തസുന്ദരമായ ബ്ലൂ ഹോള്‍ വെള്ളച്ചാട്ടവും പൂന്തോട്ടവും വെള്ളച്ചാട്ടവും ഒന്നുചേരുന്ന ടര്‍ട്ടില്‍ റിവര്‍ ഫാള്‍സുമെല്ലാം ഇവിടെ സഞ്ചാരികളുടെ മനംമയക്കുന്ന മറ്റു കാഴ്ചകളാണ്.
English Summary: Firewater Windsor Mineral Spring in Jamaica