വിവാഹിതർ കറുത്ത പൊട്ട് തൊടുന്നത് അശുഭകരമോ?
Mail This Article
സുമംഗലികളായ സ്ത്രീകൾ സിന്ദൂരരേഖയിൽ സിന്ദൂരമണിയുന്നതു പോലെ തന്നെ പ്രാധാന്യമുണ്ട് നെറ്റിയിൽ ചാർത്തുന്ന പൊട്ടിനും. നിസ്സാരമെന്നു തോന്നുമെങ്കിലും ഭാരതീയർ തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായി കരുതിപ്പോരുന്ന ഒന്നാണ് നെറ്റിയിലെ പൊട്ട്. ചുവന്ന നിറത്തിലുള്ള കുങ്കുമം കൊണ്ട് വട്ടത്തിൽ അഥവാ ബിന്ദു രൂപത്തിൽ ആണ് പൊട്ടു തൊടേണ്ടത് എന്നാണ് ആചാരം. എന്നാൽ ഇന്ന് ഫാഷന്റെ ഭാഗമായി പലനിറത്തിലും രൂപത്തിലും ഉള്ള സ്റ്റിക്കർ പൊട്ടുകൾ അണിയുന്നവരാണ് ഭൂരിഭാഗവും.
കറുത്ത പൊട്ട് തൊടുന്നത് ഭർത്താവിന് ദോഷമെന്നു പറഞ്ഞു കേൾക്കാറുണ്ട് . ഈ വിശ്വാസത്തിനു പിന്നിൽ യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് സത്യം . 'വിളക്കിലെ കരി നാണം കെടുത്തും ' എന്നൊരു പഴമൊഴിയുണ്ട്. വിളക്കിലെ കരി തൊട്ടാൽ നാണക്കേട് ഉണ്ടാവും എന്നാണ് പണ്ട് മുതലേ ഉള്ള വിശ്വാസം. അതു ശരി വയ്ക്കുന്ന രീതിയിൽ കുന്തീദേവിയുടെ കഥ പുരാണങ്ങളിൽ പറയുന്നു. ഇതിൽ നിന്നാവും കറുത്ത പൊട്ട് ധരിക്കരുത് എന്ന് പറഞ്ഞു വന്നത്.
കൊട്ടാര സന്ദർശനത്തിനെത്തുന്ന ബ്രാഹ്മണ ശ്രേഷ്ഠരെ പൂജാകാര്യങ്ങളിലും മറ്റും സഹായിക്കുക എന്നതായിരുന്നു കുന്തീ ദേവിയുടെ കടമ . ഒരിക്കൽ ബ്രാഹ്മണശാലയിൽ ചെന്നപ്പോൾ ബാലകന്മാർ കിടന്നുറങ്ങുന്നത് കണ്ടു ബാലികയായ കുന്തീദേവിക്ക് ഒരു കുസൃതി തോന്നി. വിളക്കിൽ പിടിച്ചിരുന്ന കരിയെടുത്തു ബാലകന്മാരുടെ മുഖത്തു മീശയും മറ്റും വരച്ചു. ഉറക്കമുണർന്ന ബാലകന്മാർ തങ്ങൾക്ക് ഈ ഗതി വരുത്തിയത് ആരാണോ അവരുടെ ജീവിതവും കരി പുരണ്ടതാകട്ടെ എന്ന് ശപിച്ചു. പിന്നീട് കുന്തീദേവിക്കു ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന വിഷമതകൾ ഏറെയാണ്.
എന്നാൽ കറുത്ത പൊട്ട് തൊടുന്നതിൽ തെറ്റില്ല . ഗണപതി ഹോമത്തിനു ശേഷം ലഭിക്കുന്ന കരിപ്രസാദം തിലകമായാണ് ധരിക്കേണ്ടത് . കൂടാതെ ദേവീക്ഷേത്രത്തിലെ ചാന്താട്ടത്തിനു ശേഷം ലഭിക്കുന്ന പ്രസാദത്തിനു കറുപ്പുനിറമാണ് . ഇതു നിത്യവും തൊടുന്നതു ദേവീപ്രീതിക്ക് ഉത്തമമാണ്. പക്ഷേ വിളക്കിലെ കരി നെറ്റിയിൽ പ്രസാദമായി തൊടുന്നത് ഒഴിവാക്കുക.
English Summary : Believes Behind Black Bindi Wearing After Marriage