കെട്ടിടങ്ങളുടെ പരിസ്ഥിതി, പിസിബി അനുമതികൾക്ക് കാലതാമസം
Mail This Article
കൊച്ചി∙ സംരംഭക സൗഹൃദത്തിൽ കേരളം മുന്നേറുമ്പോഴും കെട്ടിട നിർമാണത്തിനുള്ള പരിസ്ഥിതി അനുമതിയും മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) അനുമതിയും ലഭിക്കാൻ മാസങ്ങളുടെ കാലതാമസം. വലിയ കെട്ടിട പദ്ധതികൾക്കാണ് പരിസ്ഥിതി അനുമതി (ഇസി) വേണ്ടത്. 20000 ചതുരശ്ര മീറ്ററിലേറെ വിസ്തീർണമുള്ള പദ്ധതികൾക്ക് സംസ്ഥാന പരിസ്ഥിതി അവലോകന സമിതി ശുപാർശയനുസരിച്ച് പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയാണ് അനുമതി നൽകേണ്ടത്. അനുമതി 8 മാസത്തിലേറെ വൈകുന്നു. കാലതാമസം കാരണം പലരും ഇസി ഒഴിവാക്കാനാവും വിധം പ്രോജക്ടുകൾ മുറിച്ച് ചെറുതാക്കേണ്ട സ്ഥിതിയാണ്.
ഏറ്റവും കൂടുതൽ ഹോട്ടൽ–ഫാക്ടറി–പാർപ്പിട സമുച്ചയങ്ങളുള്ള മഹാരാഷ്ട്രയിൽ പോലും ഇത്തരം അനുമതിക്ക് 2 മാസം മതിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കെ–സ്വിഫ്റ്റിൽ അപേക്ഷിച്ചാൽ ഒരു മാസത്തിനകം കെട്ടിട നിർമാണ അനുമതി കിട്ടുമെന്നു പറയുമ്പോഴും പിസിബി അനുമതിക്കു രക്ഷയില്ല.
വിസ്തീർണം 2000 ചതുരശ്ര മീറ്ററിലേറെ മാത്രമെങ്കിൽ പിസിബിയുടെ പ്രാഥമിക അനുമതി (കൺസന്റ്) മതി. പക്ഷേ, ഇവിടെ 4–6 മാസം വരെയാണു താമസം. അപേക്ഷകൾക്കൊപ്പം പദ്ധതിയുടെ അടങ്കൽ തുക പ്രകാരമുള്ള മുഴുവൻ ഫീസും ആദ്യമേ നൽകണം. മുൻപേ ഫീസ് ലഭിക്കുന്നതിനാൽ സേവനം പതുക്കെയാവുകയാണെന്നാണു പരാതി.
അപേക്ഷകളുടെ ആധിക്യം കൊണ്ടാണ് കാലതാമസം. വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. പുതുതായി ചേർന്ന യുവ എൻജിനീയർമാർ പഠിച്ചു വരുന്നതേയുള്ളു. നടപടിക്രമങ്ങൾ ലഘൂകരിക്കാനും ആലോചിക്കുന്നുണ്ട്. ഫീൽഡിൽ പരിശോധന കഴിഞ്ഞ് വിശദീകരണം തേടുമ്പോൾ അപേക്ഷകന്റെ കൺസൽറ്റന്റ് മറുപടി നൽകാൻ താമസിക്കുന്നതും കാരണമാണ്.
എസ്.ശ്രീകല, പിസിബി ചെയർപഴ്സൻ