ലാഭമെടുപ്പ് തകൃതി; ഡോളറും വീണു, എന്നിട്ടും ഇന്നും ഉയർന്ന് കേരളത്തിലെ സ്വർണവില; പണിക്കൂലിയടക്കം വില ഇങ്ങനെ

Mail This Article
സ്വർണത്തിൽ രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് തകൃതിയായിട്ടും കേരളത്തിൽ ഇന്നും വില ഉയർന്നു. ഇതിനു വഴിവച്ചതാകട്ടെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നയങ്ങളും ഡോളറിന്റെ വീഴ്ചയും. സംസ്ഥാനത്ത് ഗ്രാമിന് 10 രൂപ വർധിച്ച് വില ഇന്ന് 8,055 രൂപയായി.
80 രൂപ ഉയർന്ന് 64,440 രൂപയാണ് പവന് വില. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 5 രൂപ വർധിച്ച് 6,625 രൂപയിലെത്തി. വെള്ളിക്ക് മാറ്റമില്ല; വില ഗ്രാമിന് 107 രൂപ. കഴിഞ്ഞ ശനിയാഴ്ചയും കേരളത്തിൽ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്നിരുന്നു. ഈ മാസം 20ന് കുറിച്ച ഗ്രാമിന് 8,070 രൂപയും പവന് 64,560 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.
എന്തുകൊണ്ട് സ്വർണവില കൂടുന്നു?
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് രണ്ടുമാസത്തെ താഴ്ചയായ 106.16 വരെ ഇടിഞ്ഞു; ഇപ്പോഴുള്ളത് 106.18ൽ. കഴിഞ്ഞമാസം ഡോളർ ഇൻഡക്സ് 109.96 വരെ എത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ കൂട്ടൽ നടപടി, രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുകയറാൻ വഴിയൊരുക്കും എന്നതിനാൽ, ഉപഭോക്തൃസംതൃപ്തി സൂചിക 15 മാസത്തെ താഴ്ചയിലേക്ക് ഇടിഞ്ഞിട്ടുണ്ട്.

മാത്രമല്ല, ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ട്രംപ് ഗവൺമെന്റ് പദ്ധതിച്ചെലവുകൾ വെട്ടിക്കുറയ്ക്കുമെന്ന സൂചനകളും ഡോളറിനും ഗവൺമെന്റിന്റെ ട്രഷറി ബോണ്ട് ആദായനിരക്കിനും (ബോണ്ട് യീൽഡ്) ക്ഷീണമായി. ജനുവരിയിൽ 4.79 ശതമാനമായിരുന്ന 10-വർഷ ട്രഷറി ബോണ്ട് യീൽഡ് ഇപ്പോഴുള്ളത് 4.43 ശതമാനത്തിൽ. ഇതെല്ലാം സമ്പദ്‍വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന സമ്മർദം മൂലം ഗോൾഡ് ഇടിഎഫ് പോലുള്ള ‘സുരക്ഷിത’ നിക്ഷേപ പദ്ധതികൾക്ക് പ്രിയമേറുകയും സ്വർണവില കൂടുകയുമാണ്.
രാജ്യാന്തര സ്വർണവില ഔൺസിന് 2,922 ഡോളറിൽ നിന്നുയർന്ന് 2,943 ഡോളറിലെത്തി. ഡോളറിന്റെ തളർച്ച മുതലെടുത്ത് ഇന്ത്യൻ റുപ്പി ഇന്ന് 10 പൈസ മുന്നേറി 86.58ലാണ് വ്യാപാരം ആരംഭിച്ചത്. ഇതു ഇന്ത്യയിൽ ഇന്ന് സ്വർണവിലക്കുതിപ്പിന്റെ ആക്കം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. അല്ലായിരുന്നെങ്കിൽ വില ഇതിലും കൂടുമായിരുന്നു ഇന്ന്.
ജിഎസ്ടിയും പണിക്കൂലിയും ചേർന്നാൽ
മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ ചേർന്നാൽ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 69,747 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,718 രൂപയും. ഇതു സ്വർണാഭരണം വാങ്ങാവുന്ന ഏറ്റവും കുറഞ്ഞവില മാത്രമാണ്.

പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 30% വരെയൊക്കെ ആകാം. അങ്ങനെയെങ്കിൽ വാങ്ങൽവില ഇതിലും കൂടുതലായിരിക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business