"ഇതൊക്കെ അർഹരായവർക്ക് കൊടുക്കണം സാർ": വലിയ മനസ്സു ൃള്ള കൊച്ചു കൂട്ടുകാർ

Mail This Article
തന്നെ കാണാനെത്തിയ വലിയ മനസ്സുള്ള കുറച്ച് കൊച്ചു കുട്ടികളെ പരിചയപ്പെടുത്തുകയാണ് ആലപ്പുഴ കലക്ടർ വി.ആര്‍ കൃഷ്ണ തേജ ഐഎഎസ്. കുട്ടികൾ തന്നെ മുൻകൈ എടുത്ത് അവരുടെ വീടുകളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യധാന്യങ്ങളുെട പൊതിയുമായെത്തിയ ആ കുഞ്ഞുമക്കളെ ചേർത്തു നിർത്തുകയാണ് കലക്ടർ.
ആലപ്പുഴ കലക്ടർ വി ആര്‍ കൃഷ്ണ തേജ ഐഎഎസ് പങ്കുവച്ച കുറിപ്പ്
വലിയ മനസുള്ള കുറച്ച് കൊച്ചു കുട്ടികളെ നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്താം,
ഇന്ന് രാവിലെ വളരെ തിരക്കുകൾക്കിടയിലാണ് ഈ കുഞ്ഞ് മക്കൾ എന്റെയടുത്തേക്ക് വരുന്നത്. പയറിന്റെയും കടലയുടേയുമൊക്കെ പൊതികൾ കൈയ്യിൽ പിടിച്ചു വന്ന മക്കളെ കണ്ടപ്പോൾ ഞാൻ അമ്പരന്നു. പറയകാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിൽ എൽ.കെ.ജി. മുതൽ പഠിക്കുന്ന കുഞ്ഞ് മക്കളാണ് അവരേക്കാൾ വലുപ്പമുള്ള സഞ്ചി നിറയെ ഭക്ഷ്യധാന്യങ്ങളുമായി വന്നത്.
"ഈ ഭക്ഷ്യധാന്യങ്ങളെല്ലാം അർഹരായവർക്ക് കൊടുക്കണം സാർ" എന്ന് പറഞ്ഞ് കൂട്ടത്തിൽ വന്ന ഒന്നാം ക്ലാസുകാരനായ കൊച്ച് മിടുക്കനാണ് ആദ്യം മുന്നോട്ട് വന്നത്. ഞാൻ വളരെ ആശ്ചര്യപ്പെട്ടു നിന്നു പോയി. ഈ കൊണ്ടു വന്ന സാധനങ്ങളൊക്കെ എവിടുന്നാണെന്ന് ചോദിച്ചപ്പോൾ ഈ മക്കൾ പറഞ്ഞ മറുപടി എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ഈ കുഞ്ഞ് മക്കൾ മുൻകൈ എടുത്ത് അവരുടെ വീടുകളിൽ നിന്ന് ശേഖരിച്ചവയാണ് ഓരോ ധാന്യപ്പൊതികളും. ഈ കുഞ്ഞ് പ്രായത്തിൽ തന്നെ ഇത്രയും വലിയ പ്രവൃത്തി ചെയ്ത ഈ മക്കൾ എത്ര വലിയ മാതൃകയാണല്ലേ... തുടർന്നും ഇത്തരത്തിൽ ഭക്ഷ്യധാന്യങ്ങൾ മുടക്കമില്ലാതെ അർഹർക്ക് എത്തിച്ചു നൽകുമെന്ന് ഇവർ എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്.
ഈ കുഞ്ഞുങ്ങൾ എന്നോട് ആവശ്യപ്പെട്ടത് പോലെ തന്നെ ഇവർ കൊണ്ടുന്ന ഭക്ഷ്യധാന്യങ്ങൾ അർഹരായ കുടുംബത്തിന് കൈമാറിയിട്ടുണ്ട്.
എന്റെയീ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്കും അവർക്ക് പിന്തുണയേകി കൂടെ നിൽക്കുന്ന അധ്യാപകർക്കും രക്ഷിതാക്കൾക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ.
Content Summary : Alappuzha district collector Krishna Teja's social media post