ADVERTISEMENT

മാതാപിതാക്കൾക്ക് മക്കൾക്കായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച രണ്ട് കാര്യങ്ങൾ ഒന്ന്  അവരെ സ്വപ്നം കാണാൻ പഠിപ്പിക്കുക എന്നതും രണ്ട് ആ സ്വപ്നം കയ്യെത്തി പിടിക്കാൻ അവർക്കൊപ്പം സഞ്ചരിക്കുക എന്നതുമാണ്. കൊച്ചിയിൽ താമസമാക്കിയ തമിഴ്‌നാട് സ്വദേശി ജെബരാജും ഭാര്യയും തങ്ങളുടെ മക്കളുടെ കൂടെ ഇത്തരത്തിൽ സഞ്ചരിച്ചവരാണ്. ജീവിതത്തിൽ ആഗ്രഹങ്ങളുണ്ടാകണം, ആഗ്രഹങ്ങൾ സ്വപ്നങ്ങളാകണം, ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ പ്രയത്നിക്കുകയും വേണം എന്ന മാതാപിതാക്കളുടെ ഉപദേശത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ടാണ് മകൻ നിരൺ രാജ് റോളർ സ്‌കേറ്റിങ് എന്ന കായിക ഇന്നത്തെ സ്നേഹിച്ചു തുടങ്ങിയത്. 

തന്റെ ആറാം വയസിൽ തുടങ്ങിയ റോളർ സ്‌കേറ്റിങ് പഠനം നിരൺ രാജിന് ഒരു ഹോബിയോ വ്യായാമമോ അല്ലെന്നും മറിച്ച് പാഷനാണെന്നും മനസിലാക്കാൻ മാതാപിതാക്കൾക്ക് അധിക നാൾ വേണ്ടി വന്നില്ല. ആ മനഃസാന്നിധ്യത്തിന്റെ ഫലമായാണ് ഒൻപത് വയസ്സുകാരൻ നിരൺ രാജ് അഖിലേന്ത്യാ തലത്തിൽ റോളർ സ്കേറ്റിങ്ങിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് സ്വർണ മെഡൽ നേടി ചമ്പ്യാനായത്. വാസ്തവത്തിൽ ചേട്ടൻ നിഷാൽ രാജിനെ കണ്ടാണ് നിരൺ രാജ് റോളർ സ്കേറ്റിങ്ങിലേക്ക് വന്നതെങ്കിലും മെല്ലെ ചേട്ടനേക്കാൾ വേഗത്തിൽ സ്‌കേറ്റിങ് ട്രാക്കുകളെ പിന്നിലാക്കി കുതിക്കുകയായിരുന്നു. അതിൽ ഏറ്റവും സന്തോഷമുള്ളതും ചേട്ടൻ നിഷാൽ രാജിന് തന്നെയാണ്. 

inspiring-journey-of-niran-raj-from-dreams-to-roller-skating-success4
നിരൺ രാജ്

കൊച്ചി ടോക് എച്ച് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് നിരൺ രാജ്. നിഷാൽ രാജ് അതേ സ്‌കൂളിൽ ഏഴാം ക്ലാസിലും പഠിക്കുന്നു. പഠനത്തിലും കായിക ഇനങ്ങളിലും ഒരേ പോലെ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന നിരൺ രാജ് സ്‌കൂളിലെ അധ്യാപകരുടെയും പ്രിയപ്പെട്ട വിദ്യാർഥിയാണ്. 

റോളർ സ്‌കേറ്റിങ് സ്വപ്നം കണ്ട കൊറോണ കാലം 
2019  അവസാനം, കൊറോണ വൈറസ് ബാധയെത്തുടർന്ന് ലോക്ക്ഡൗണും മറ്റുമായി ലോകം വീടിനുള്ളിലേക്ക് ചുരുങ്ങിയ സമയം, എങ്ങനെ പരമാവധി എൻഗേജഡായി, ആക്റ്റിവായി ഇരിക്കാമെന്ന് ആലോച്ചിരിക്കുമ്പോഴാണ് നിരൺ റോളർ സ്കേറ്റിങ്ങിനെപ്പറ്റി ചിന്തിക്കുന്നത്. അതിനുള്ള കാരണം ചേട്ടൻ നിഷാലിന്റെ കയ്യിലെ സ്‌കേറ്റിങ് ഷൂസ് തന്നെയായിരുന്നു. മാതാപിതാക്കളോട് റോളർസ്‌കേറ്റിങ് പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അവരും പൂർണ പിന്തുണ നൽകി. 

inspiring-journey-of-niran-raj-from-dreams-to-roller-skating-success3
നിരൺ രാജ് മാതാപിതാക്കൾക്കും സഹോദരനുമൊപ്പം

അങ്ങനെ റോളർ സ്‌കേറ്റിങ് പഠനം ആരംഭിച്ചു. കേരളത്തിലല്ല, അങ്ങ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ. കേരളത്തിൽ റോളർ സ്‌കേറ്റിങ് മികച്ച രീതിയിൽ അഭ്യസിക്കുന്നതിനു ആവശ്യമായ സ്‌കേറ്റിങ് ട്രാക്കുകൾ ഇല്ലെന്ന തിരിച്ചറിവാണ് തമിഴ്‌നാട്ടിൽ പഠനം തുടങ്ങുവാനുള്ള കാരണം. അച്ചീവേഴ്സ് സ്‌കേറ്റിങ് അക്കാദമിയിൽ തങ്കദുരൈ എന്ന കോച്ചിന് കീഴിലാണ് നിരൺ രാജെയും ചേട്ടനും പ്രാക്ടീസ് നടത്തുന്നത്. 

കോവിഡാനന്തര കാലഘട്ടം മുഴുവൻ ഓൺലൈൻ ക്ലാസുകൾ ആയിരുന്നതിനാൽ തമിഴ്‌നാട്ടിൽ അച്ഛന്റെ സഹോദരന് ഒപ്പം നിന്നായിരുന്നു പഠനം. എന്നാൽ പിന്നീട് ക്ലാസുകൾ ആരംഭിച്ചതോടെ കേരളത്തിലേക്ക് മടങ്ങിയെത്തി. നിലവിൽ എല്ലാ ആഴ്ചയും ശനിയും ഞായറും പ്രാക്ടീസിനായി കോയമ്പത്തൂരിലേക്ക് പോകും. മറ്റ് ദിവസങ്ങളിൽ അച്ഛനൊപ്പം വെല്ലിംഗ്ടൺ ഐലൻഡിൽ പോയാണ് പ്രാക്ടീസ്. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് പ്രാക്ടീസിനായി വെല്ലിംഗ്ടൺ ഐലൻഡിൽ എത്തും. പിന്നീട് രണ്ട് മണിക്കൂറോളം സ്പീഡ് കൂട്ടിയും കുറച്ചും കോച്ച് പറഞ്ഞു തന്നിരിക്കുന്ന വ്യായാമ രീതികൾ പിന്തുടർന്നുമെല്ലാം പ്രാക്ടീസ് നടത്തും. എത്ര തിരക്കുള്ള ദിവസമാണെങ്കിലും രണ്ടര മണിക്കൂർ പ്രാക്ടീസ് ഉറപ്പാണ്. 

ഇത്തരത്തിലുള്ള പരിശ്രമത്തിന്റെ ഫലമായാണ് നിരൺ രാജ് 2022 ലെ റോളർ സ്‌കേറ്റിങ് നാഷ്ണൽ മെഡൽ കേരളത്തിനായി നേടിയത്.റോളർ സ്‌കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഈ ചാമ്പ്യൻഷിപ്പിന് പുറമെ, നിരവധി ഓപ്പൺ മീറ്റ് ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്ത് നിരൺ വെള്ളിയും വെങ്കലും സ്വന്തമാക്കിയിട്ടുണ്ട്.  

inspiring-journey-of-niran-raj-from-dreams-to-roller-skating-success2
നിരൺ രാജ് മാതാപിതാക്കൾക്കും സഹോദരനുമൊപ്പം

ഒരേയൊരു സ്വപ്നം 
ഇത്ര ചെറിയ പ്രായത്തിൽ ഇത്രയേറെ കഷ്ടപ്പാടുകൾ സഹിച്ച് ചക്ര ഷൂസുകളെ സ്നേഹിക്കുന്നതിനു പിന്നിൽ കുഞ്ഞു  നിരൺ രാജിന് ഒരേ ഒരു ലക്ഷ്യമേയുള്ളൂ, റോളർ സ്കേറ്റിങ്ങിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകുക. ദേശീയ തലത്തിൽ ഈ ചെറിയ പ്രായത്തിൽ സ്വർണവും വെള്ളിയും വെങ്കലവും നേടിയിട്ടുണ്ടെങ്കിലും 11  വയസ് മുതൽ 14 വയസ് വരെയും 14  മുതൽ 17  വരെയുമുള്ള കാറ്റഗറിയിൽ സ്വർണം നേടിയാൽ മാത്രമേ ദേശീയ ടീമിന്റെ ഭാഗമാകാനുള്ള സെലെക്ഷൻ വർഷാവർഷം നടക്കുമ്പോൾ അതിൽ പങ്കെടുക്കാൻ കഴിയൂ. അതിന്റെ ആദ്യ കടമ്പ കടക്കുന്നതിനായി ഇനിയും രണ്ട് വർഷം കൂടി കാത്തിരിക്കണം.  അതിൽ നിരൺ രാജിന് യാതൊരു വിഷമവും ഇല്ല. കൂടുതൽ കരുത്തോടെ ട്രാക്കിലെ മിന്നും താരമാകാൻ തയാറെടുക്കുകയാണ് ഈ മിടുക്കൻ. 

മകന്റെ സ്വപ്‌നങ്ങൾക്ക് ചിറകും ആകാശവും ആയി മാതാപിതാക്കൾ കൂടെയുണ്ട്. തന്റെ ജോലി പോലും രാജി വച്ചാണ് നിരൺ രാജിന്റെ അമ്മ മകനൊപ്പം പ്രാക്ടീസിനായി കോയമ്പത്തൂരിലേക്ക് ഇടയ്ക്കിടെ പോകുന്നത്. ഇച്ഛാശക്തിയും പരിശ്രമവുമാണ് ഈ മിടുക്കന്റെ കൈ മുതൽ എന്നതിനാൽ തന്നെ നിരൺ തന്റെ ലക്ഷ്യത്തിലെത്തും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. 

റോളർ സ്കേറ്റിങ്ങിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകുക എന്നതാണ് സ്വപ്നം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com