‘ഒരു പോറല്‍ പോലും ഏല്‍ക്കാതെ അവനെയവര്‍ ചേര്‍ത്തുപിടിക്കും, കുസൃതി കാട്ടിയാലും ആര്‍ക്കും പരിഭവമില്ല’
Mail This Article
ഭിന്നശേഷിക്കാരനായ ആദിഷിനെ പൊന്നുപോലെ കരുതുന്ന കൂട്ടുകാരുെട ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കാസര്‍കോട് ചാലിങ്കാല്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ നല്ല മനസ്സിന്റെ ഈ സൂന്ദര നിമിഷങ്ങൾ നിറഞ്ഞ വിഡിയോയ്ക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമെത്തി. ക്ലാസ് ടീച്ചർ പകർത്തിയ വിഡിയോ മന്ത്രി തന്റെ ഫെയ്സ്ബുക് പേജിലും പങ്കുവച്ചു.
സ്കൂളിലെത്തിയാല്‍ ആദി ഡബിള്‍ ഹാപ്പിയാണ്. ആദിയേയും കാത്ത് അവന്റെ പ്രിയപ്പെട്ട കൂട്ടുകാരുണ്ട്. ഒരു പോറല്‍ പോലും ഏല്‍ക്കാതെ അവനെയവര്‍ ചേര്‍ത്തുപിടിക്കും, കൂടെക്കൂട്ടും. ഭക്ഷണം കഴിക്കുമ്പോള്‍ യൂണിഫോമില്‍ വീഴാതിരിക്കാന്‍ ഏപ്രണ്‍ കെട്ടി നല്‍കാനും കൈ കഴുകിക്കാനും ചെരിപ്പിട്ട് കൊടുക്കാനുമെല്ലാം കൂട്ടുകാര്‍ തമ്മില്‍ മത്സരമാണ്. ഇടയ്ക്കവന്‍ കുസൃതി കാട്ടിയാലും ഇവര്‍ക്കാര്‍ക്കും പരിഭവമില്ല, ഇതവരുടെ ആദിയാണ്. മറ്റാരെക്കാളും അവര്‍ക്കവനെ അറിയാം.
ക്ലാസ് ടീച്ചറായ സഹാദിയയാണ് കുട്ടികളുടെ കളിചിരികള്‍ പകര്‍ത്തി ഫെയ്സ്ബുക്കിലിട്ടത്. അത് കേരളം മുഴുവന്‍ കണ്ടു. വിദ്യാഭ്യാസ മന്ത്രി വിഡിയോ പങ്കുവച്ചു കൊണ്ട് ഇങ്ങനെ കുറിച്ചു ‘‘കാസർഗോഡ് ചാലിങ്ങൽ ജി എൽ പി എസിലെ ഈ ദൃശ്യങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്ന സ്നേഹവും ആത്മവിശ്വാസവും മനുഷ്യരിൽ ഉള്ള വിശ്വാസവും ചെറുതാകില്ല. ആദിഷിന് കൂട്ടാകുന്നത് ദൃശ്യ മാത്രമല്ല,ഒരു സ്കൂൾ മുഴുവനുമാണ്. ഇത് മുതിർന്നവർക്ക് കൂടിയുള്ള ജീവിതപാഠമാണ്.കേരളത്തിലെ വിദ്യാഭ്യാസ ക്രമത്തിന്റെ ഗുണത എന്ന് പറയുന്നത് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കലിൽ മാത്രമല്ല ഉൾക്കൊള്ളുന്നതും ഉൾച്ചേർന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷം സ്കൂളുകളിൽ ആകമാനം കൊണ്ട് വന്നതിലുമാണ്.’’