ഡെഡ് ആസ് എ ഡോഡോ’നീ തിരികെ വരുമോ?

Mail This Article
‘ഡീ എക്സ്റ്റിങ്ഷൻ’ അഥവാ ‘റീസറക്‌ഷൻ ബയോളജി’ ഇന്നത്തെ ജൈവസാങ്കേതികവിദ്യകളിൽ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ്. വംശനാശം സംഭവിച്ചു ഭൂമിയിൽനിന്ന് അപ്രത്യക്ഷരായ ജീവജാലങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണിത്. മാമ്മത്ത്, ടാസ്മാനിയൻ ടൈഗർ, മക്ലിയേഴ്സ് റാറ്റ് തുടങ്ങി അനേകം ജീവികളെ തിരികെയെത്തിക്കാൻ ഗവേഷണം തകൃതിയാണ്. ഡോഡോ എന്നൊരു പക്ഷിക്കുവേണ്ടിയും ശ്രമമുണ്ട്. ഒരു കദനകഥയാണു ഡോഡോയുടേത്. പോർച്ചുഗീസ് ഭാഷയിൽ ഡോഡോ എന്ന വാക്കിനർഥം വിഡ്ഢിയെന്നാണ്. ആൾപ്പാർപ്പില്ലാത്ത മൊറീഷ്യസ് ദ്വീപുകളിൽ വേട്ടക്കാരൊന്നുമില്ലാതെ നൂറ്റാണ്ടുകളോളം സുഭിക്ഷമായി ജീവിച്ച പക്ഷികളായിരുന്നു ഡോഡോ.
മൊറീഷ്യസിലേക്ക് യൂറോപ്യൻ കൊളോണിയൽ സംഘങ്ങൾ എത്തിയതോടെ ഡോഡോയുടെ കഷ്ടകാലം തുടങ്ങി. മൂന്നടിയോളം പൊക്കവും മാംസളമായ ശരീരവുമുള്ള ഈ പക്ഷികൾ താമസിയാതെ വന്നവരുടെ പ്രധാന ഭക്ഷണമായി. വേട്ട അഭിമുഖീകരിക്കാത്തവരായതിനാൽ ഈ പക്ഷികൾക്ക് മനുഷ്യരുടെ അടുത്തുവരാൻ ഭയമില്ലായിരുന്നു. അതു മൂലം അവ എളുപ്പത്തിൽ പിടിക്കപ്പെട്ടു. യൂറോപ്യൻമാരുടെ കപ്പലുകളിലെത്തിയ പൂച്ചകളും നായ്ക്കളും ഡോഡോകളെ വെറുതെ വിട്ടില്ല. പൊടുന്നനെയുള്ള ഈ വമ്പൻ വേട്ടയാടൽ മൂലം ഈ സാധുപക്ഷികൾ ഭൂമിയിൽ നിന്നു മൺമറഞ്ഞു. 1662ൽ അവസാന ഡോഡോയും വിടവാങ്ങി. ദുഖകരമായ പര്യവസാനം മൂലം ലോകമെങ്ങും പ്രശസ്തമാണ് ഡോഡോ. ‘ഡെഡ് ആസ് എ ഡോഡോ’ എന്നൊരു പ്രയോഗം തന്നെയുണ്ട്. ഡീഎക്സ്റ്റിങ്ഷൻ മേഖലയിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. അതിനാൽ തന്നെ ഡോഡോ തിരിച്ചുവരുമെന്നാണ് പലരുടെയും പ്രതീക്ഷ.