ഒറ്റ എക്കിൾ! നീണ്ടു നിന്നത് 68 വർഷം, ആന്റണി ചാൾസിന്റെ വിചിത്ര ജീവിതം

Mail This Article
നമ്മൾക്കെല്ലാം എക്കിൾ വരാറുണ്ട്. എന്നാൽ അൽപം വെള്ളം കുടിക്കുമ്പോഴോ അല്ലെങ്കിൽ തനിയെയോ അത് പോകാറുമുണ്ട്. എന്നാൽ യുഎസിലെ അയോവ സ്വദേശി ആന്റണി ചാൾസ് ഓസ്ബോണിന്റെ കാര്യത്തിൽ ഇങ്ങനെയായിരുന്നില്ല. ചാൾസിന് ഒരൊറ്റ എക്കിൾ വന്നശേഷം അതു നീണ്ട് നിന്നത് 68 വർഷമാണ്. ഒടുവിൽ മരിക്കുന്നതിന് ഒരു വർഷം മുൻപ് അതു മാറുകയും ചെയ്തു.
1922ൽ 28 വയസ്സുകാരനായ ചാൾസ് അറവുശാലയിലേക്കുള്ള ഒരു പന്നിയുടെ തൂക്കം നോക്കുകയായിരുന്നു. 150 കിലോ ഭാരമുള്ള ആ പന്നിയെ ഉയർത്തുന്നതിനിടെ ചാൾസ് ഉരുണ്ടുവീണു. വേറെ കുഴപ്പമൊന്നുമുണ്ടായില്ല. പക്ഷേ ചാൾസിന്റെ തലച്ചോറിൽ ഒരു ചെറിയ ക്ഷതം പറ്റി. എക്കിളുകൾ വന്നാൽ അതു നിയന്ത്രിക്കാനാവശ്യമായ നിർദേശങ്ങൾ നൽകുന്ന ഭാഗത്തിനായിരുന്നു ആ കുഴപ്പം. അതിന്റെ പ്രത്യാഘാതമായി അന്തമില്ലാത്ത എക്കിളുകൾ ചാൾസിനു വന്നു തുടങ്ങി.
ആദ്യകാലത്ത് മിനിറ്റിൽ 40 എണ്ണം എന്ന തോതിലായിരുന്നു എക്കിളുകൾ. എന്നാൽ കുറേവർഷം കഴിഞ്ഞപ്പോൾ ഈ തോത് പകുതിയായി, മിനിറ്റിൽ 20 എണ്ണം എന്ന കണക്കിൽ. ഒടുവിൽ ചാൾസ് മരിക്കുന്നതിനു ഒരു വർഷം മുൻപ് എക്കിളുകൾ പെട്ടെന്നു നിന്നു. 1991ൽ 97ാം വയസ്സിലായിരുന്നു ചാൾസിന്റെ മരണം. അതുവരെ 43 കോടി എക്കിളുകൾ ചാൾസിനുണ്ടായിട്ടുണ്ടെന്നു ഡോക്ടർമാർ പറയുന്നു.
നമുക്ക് എക്കിൾ വന്നാൽ എന്തൊരു അസ്വസ്ഥതയാണ്. എങ്ങനെയെങ്കിലും അതു മാറ്റാൻ നമ്മൾ ശ്രമിക്കാറുണ്ട്. അപ്പോൾ ഏകദേശം ജീവിതത്തിന്റെ മുക്കാൽ ഭാഗവും എക്കിളുകൾ വരുകയെന്നത് എന്തൊരു ബുദ്ധിമുട്ടായിരിക്കും. ഈ ബുദ്ധിമുട്ട് സഹിച്ചയാളാണു ചാൾസ്. ഇതിനവിടെ യുഎസിലെ പ്രശസ്ത ചികിത്സാകേന്ദ്രമായ മയോ ക്ലിനിക്കിലെത്തിയ ചാൾസിന് എക്കിളുകൾ നിയന്ത്രിക്കാനുള്ള ചില്ലറ മാർഗങ്ങൾ അവിടത്തെ ഡോക്ടർമാർ പഠിപ്പിച്ചുകൊടുത്തിരുന്നു.
ഈ ദുരവസ്ഥയ്ക്കിടയിലും സാധാരണ ജീവിതം നയിക്കാൻ ചാൾസ് ശ്രമിച്ചിരുന്നു. വിവാഹിതനായിരുന്ന അദ്ദേഹത്തിന് എട്ടു മക്കളുണ്ടായിരുന്നു. എക്കിൾ കാരാണം സാധാരണഗതിയിൽ ഭക്ഷണം കഴിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അതു മൂലം ബ്ലെൻഡറിലടിച്ച് ദ്രാവകരൂപത്തിലാക്കിയായിരുന്നു അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്.
ആന്റണി ചാൾസിനു മാത്രമല്ല ഇത്തരം ദീർഘ എക്കിളുകൾ വന്നിട്ടുള്ളത്. 2006ൽ ക്രിസ്റ്റഫർ സാൻഡ്സ് എന്ന ഒരു യുവ സംഗീതജ്ഞനെയും ഇത്തരം എക്കിളുകൾ വേട്ടയാടി. ചാൾസിനേക്കാൾ ശക്തമായ തോതിലുള്ളതായിരുന്നു ക്രിസ്റ്റഫറിന്റെ എക്കിളുകൾ. ശ്വാസം കഴിക്കാനും ഉറങ്ങാനുമൊക്കെ ബുദ്ധിമുട്ടായി. സംഗീതജ്ഞനെന്ന നിലയിൽ തന്റെ കരിയറും അവസാനിക്കാൻ പോകുകയാണെന്നു ക്രിസ്റ്റഫറിനു തോന്നി. തുടർന്നാണു വിദഗ്ധ ചികിത്സ തേടാൻ തീരുമാനിച്ചത്. തലച്ചോറിനുള്ളിൽ ഒരു ട്യൂമർ വളർന്നതാണ് ഈ എക്കിളിനു കാരണമായതെന്നു കണ്ടെത്തിയ ഡോക്ടർമാർ അതു ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു. ഇതോടെ മൂന്നു വർഷത്തോളം നീണ്ട എക്കിൾ പ്രശ്നം ക്രിസ്റ്റഫറിനെ ഒഴിഞ്ഞുപോയി. തന്റെ സംഗീത കരിയറിൽ പൂർവാധികം ഭംഗിയോടെ ശോഭിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
English summary : Charles Osborne had the Hiccups for 68 Years