ഭദ്രേഷ് പട്ടേൽ: യുഎസിന്റെ ‘സുകുമാരക്കുറുപ്പ്’, മോസ്റ്റ് വാണ്ടഡ് പട്ടികയിലെ ഏക ഇന്ത്യൻ
Mail This Article
കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ ക്രിമിനൽ ആരെന്നു ചോദിച്ചാൽ ഉത്തരം സുകുമാരക്കുറുപ്പെന്നു തന്നെയാകും മിക്കവരും ആദ്യം പറയുക. സിനിമാക്കഥകളെ വെല്ലുന്ന കൊടുംക്രൂരകൃത്യത്തിലൂടെ രാജ്യത്തെ തന്നെ ഞെട്ടിച്ച കൊലപാതകം നടത്തിയ കുറുപ്പ് പതിറ്റാണ്ടുകൾ അന്വേഷണ ഏജൻസികളെ വെട്ടിച്ചു പിടികിട്ടാപ്പുള്ളിയായി നടന്നു. സുകുമാരക്കുറുപ്പിന് എന്തു സംഭവിച്ചെന്നത് ഇന്നും ചുരുളഴിയാ രഹസ്യം.
ഫ്യുജിറ്റീവ് എന്ന് ഇംഗ്ലിഷിൽ പറയപ്പെടുന്ന പിടികിട്ടാപ്പുള്ളികൾ എല്ലാ രാജ്യത്തെ അന്വേഷണ ഏജൻസികളുടെയും തലവേദനയാണ്. ലോകത്തെ ഏറ്റവും ശക്തമായ കുറ്റാന്വേഷണ സംഘടനകളുള്ള യുഎസിൽ പോലും ഇനിയും പിടികിട്ടാത്ത ഒട്ടേറെ കുറ്റവാളികളുണ്ട്. ഇക്കൂട്ടത്തിൽ പലരെയും കുറ്റാന്വേഷണ സംഘടനയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) തങ്ങളുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയിൽ നിലവിൽ ഉൾപ്പെട്ട ഒരേയൊരു ഇന്ത്യക്കാരനാണു ഗുജറാത്തുകാരനായ ഭദ്രേഷ്കുമാർ ചേതൻഭായ് പട്ടേൽ എന്ന ഭദ്രേഷ് പട്ടേൽ. ഇയാളെ പിടികൂടുകയോ വിവരങ്ങൾ നൽകുകയോ ചെയ്യുന്നവർക്ക് ഒരു ലക്ഷം യുഎസ് ഡോളർ പാരിതോഷികമാണ് എഫ്ബിഐ വാഗ്ദാനം ചെയ്തിരിക്കുന്നത്. 2017 മുതൽ 4 വർഷമായി ഭദ്രേഷ് പട്ടേൽ എഫ്ബിഐ പട്ടികയിലുണ്ട്. എന്നാൽ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഗുജറാത്തിൽ വിരാംഗം എന്ന സ്ഥലത്ത് 1990ലാണ് ഭദ്രേഷ് ജനിച്ചത്. ഇരുപത്തിനാലാം വയസ്സിൽ പാലക് എന്ന 21കാരിയെ ഭദ്രേഷ് വിവാഹം കഴിച്ചു. തുടർന്ന് 2015ൽ ഇവർ ഒരുമിച്ച് യുഎസിലേക്കു പോയി. അവിടെയുള്ള ബന്ധുക്കളുടെയും പരിചയക്കാരുടെയും സഹായത്തോടെ ജോലി സംഘടിപ്പിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം.
യുഎസിലെ മേരിലാൻഡിലുള്ള ഹാനോവറിലെ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്ററന്റിൽ ഇരുവരും താമസിയാതെ ജോലി ചെയ്യാൻ തുടങ്ങി. ഭദ്രേഷിന്റെ ഒരു ബന്ധുവിന്റെ ഭക്ഷണശാലയായിരുന്നു അത്. 2015 ഏപ്രിൽ 12ന് റെസ്റ്ററന്റിന്റെ കിച്ചനിൽ നിന്ന് ഭദ്രേഷ് ഇറങ്ങിപ്പോയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ പാലക് കൂടെയുണ്ടായിരുന്നില്ല. റെസ്റ്ററന്റിലെത്തിയ ഉപഭോക്താക്കൾ പിന്നീട് പാലക്കിന്റെ മൃതശരീരം അടുക്കളയിൽ നിന്നുകണ്ടെത്തി. താമസിയാതെ പൊലീസ് സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട പ്രാഥമിക അന്വേഷണത്തിനൊടുവിൽ ഭദ്രേഷാണ് ഈ കൊലപാതകത്തിനുത്തരവാദി എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ഇന്ത്യയിലേക്കു തിരികെ പോകണമെന്നായിരുന്നു പാലക്കിന്റെ ആഗ്രഹം. എന്നാൽ ഭദ്രേഷിന് യുഎസിൽ തുടരാനായിരുന്നു താൽപര്യം. ഇതെച്ചൊല്ലിയുള്ള വാഗ്വാദം അതിക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചെന്നാണു കരുതപ്പെടുന്നത്. തുടർന്ന് ഭദ്രേഷിനെ പിടികൂടാനായി അന്വേഷണ ഉദ്യോഗസഥർ ശ്രമം നടത്തി. എന്നാൽ ആ സമയം കൊണ്ട് ഭദ്രേഷ് മുങ്ങിയിരുന്നു.
പിന്നീട് ഭദ്രേഷ് ന്യൂ ജഴ്സിയിലേക്ക് ഒരു ടാക്സി പിടിച്ചതായും നേവാർക്കിൽ ഒരു ഹോട്ടലിൽ മുറിയെടുത്തതായും റിപ്പോർട്ടുകളുണ്ട്. കൊലപാതകത്തിന്റെ പിറ്റേ ദിവസം ന്യൂജഴ്സിയിലെ നേവാർക് പെൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ഭദ്രേഷിന്റെ ദൃശ്യങ്ങളും പിന്നീട് ലഭിച്ചു. ഇതായിരുന്നു അവസാന ദൃശ്യങ്ങൾ. പിന്നീട് ഭദ്രേഷിനെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചില്ല. എഫ്ബിഐ ബൃഹത്തായ അന്വേഷണം ഇയാളെപ്പറ്റി നടത്തിയെങ്കിലും ഒന്നും എവിടെയുമെത്തിയില്ല. ഒന്നുകിൽ ഭദ്രേഷ് രാജ്യം വിട്ടിരിക്കാം, അല്ലെങ്കിൽ ബന്ധുക്കളോ പരിചയക്കാരോ ആയ ആർക്കെങ്കിലുമൊപ്പം ഒളിച്ചിരിക്കുകയാകാം എന്നാണ് എഫ്ബിഐ ഒടുവിലെത്തിയ നിഗമനം.
English Summary : Indian origin Bhadreshkumar Chetanbhai Patel in FBI 10 most wanted list