ADVERTISEMENT

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ (എൻഎച്ച്–275) പ്രധാന പാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയ നിരോധനം കർശനമായി നടപ്പിലാക്കാൻ ട്രാഫിക് പൊലീസ്. നിരോധനം നിലവിൽ വന്നതിനു ശേഷം ആദ്യദിനമായ ഇന്നലെ നഗര അതിർത്തിയായ കുമ്പൽഗോഡിൽ ട്രാഫിക് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചാണ് വിലക്കുള്ള വാഹനങ്ങളെ സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിട്ടത്.

ബിഡദി കണമിണിക്കെ ടോൾ പ്ലാസയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചപ്പോൾ
ബിഡദി കണമിണിക്കെ ടോൾ പ്ലാസയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചപ്പോൾ

ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ, മൈസൂരു റിങ് റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിലും മുന്നറിയിപ്പു ബോർഡുകളുമായി ട്രാഫിക് പൊലീസ് പരിശോധന ഊർജിതമാക്കി. മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ അപകടങ്ങൾ വർധിച്ചതോടെയാണ് ഇരുചക്രവാഹനങ്ങൾക്കു നിരോധനം ഏർപ്പെടുത്താൻ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) തീരുമാനിച്ചത്. 

അപകടക്കുഴി നിറഞ്ഞ് പഴയ ദേശീയപാത 

എക്സ്പ്രസ് വേ വന്നതോടെ അവഗണിക്കപ്പെട്ട് കിടക്കുന്ന ബെംഗളൂരു–മൈസൂരു പഴയ ദേശീയപാത നവീകരി‌ക്കണമെന്ന ആവശ്യം ശക്തം. മഴയ്ക്കു പിന്നാലെ പാതയിൽ കുഴികൾ രൂപപ്പെട്ടത് അപകടഭീഷണി ഉയർത്തുന്നുണ്ട്. ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ ടൗണുകളെ ബന്ധിപ്പിച്ചാണ് ഈ പാത കടന്നുപോകുന്നത്.

ബെംഗളൂരു–മൈസൂരു റൂട്ടിൽ സർവീസ് നടത്തുന്ന കർണാടക ആർടിസിയുടെ ഓർഡിനറി, എക്സ്പ്രസ് ബസുകൾ പലതും ഈ പാതയിലൂടെയാണ് സർവീസ് നടത്തുന്നത്. നേരത്തെ ബെംഗളൂരു–മൈസൂരു സംസ്ഥാന പാതയായിരുന്ന റോഡ് 2014ലാണ് ദേശീയപാതയായി ഉയർത്തിയത്. 

പരിശീലനവുമായി കർണാടക ആർടിസി 

എക്സ്പ്രസ് വേയിലെ അപകടങ്ങൾ കുറയ്ക്കാൻ ഡ്രൈവർമാർക്ക് പരിശീലനവുമായി കർണാടക ആർടിസി. പ്രധാന പാതയിൽ ലെയ്ൻ തെറ്റാതെ ബസ് ഓടിക്കുന്നതിനും പരമാവധി വേഗം 80 കിലോമീറ്ററായി പരിമിതപ്പെടുത്തുന്നതിനുമുള്ള പരിശീലനമാണ് നൽകുന്നത്.

ടോൾ നൽകാതിരിക്കാൻ പ്രധാന പാതയിൽ ഉൾപ്പെടെ തെറ്റായ ദിശയിൽ കെഎസ്ആർടിസി ബസുകൾ ഓടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബെംഗളൂരു–മൈസൂരു റൂട്ടിൽ മാത്രം പ്രതിദിനം 150–180 ബസുകളാണ് സർവീസ് നടത്തുന്നത്. 

പ്രധാന പാതയിൽ നിരോധിച്ച വാഹനങ്ങൾ 

സ്കൂട്ടർ, ബൈക്ക്, ഓട്ടോറിക്ഷ, ട്രാക്ടർ, സൈക്കിൾ, ഇലക്ട്രിക് റിക്ഷകൾ, നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന മൾട്ടി ആക്സിൽ ഹൈഡ്രോളിക് വാഹനങ്ങൾ, ക്വാഡ്രിസൈക്കിളുകൾ. 

വിലക്ക് ലംഘിച്ചാൽ തൽക്കാലം പിഴയില്ല

വിലക്ക് ലംഘിച്ച് എക്സ്പ്രസ് വേയിലെ പ്രധാന പാതയിലേക്കു പ്രവേശിക്കുന്ന വാഹന ഉടമകളിൽ നിന്ന് തൽക്കാലം പിഴ ഈടാക്കില്ലെന്നു ട്രാഫിക് പൊലീസ്. 500 രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ആദ്യദിനങ്ങളിലെ ബോധവൽക്കരണത്തിനു ശേഷം പിന്നീട് വിലക്ക് ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് റോഡ് സുരക്ഷ ചുമതലയുള്ള എഡിജിപി അലോക് കുമാർ പറഞ്ഞു. 

ആറുവരി പ്രധാനപാതയിലെ വേഗപരിധി 

പാതയുടെ ഇടതുവശത്തെ ലെയ്നിൽ 60 കിലോമീറ്ററും മധ്യഭാഗത്ത് 80 കിലോമീറ്ററും വലതുഭാഗത്ത് 100 കിലോമീറ്ററുമാണ് വേഗപരിധി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com