തൃക്കാക്കരയിലെ കേന്ദ്രീയ വിദ്യാലയം: ജനപ്രതിനിധികൾ സ്ഥലം പരിശോധിച്ചു

Mail This Article
കാക്കനാട്∙ കേന്ദ്രീയ വിദ്യാലയത്തിനായി തെങ്ങോട് പഴങ്ങാട്ടുചാലിൽ കണ്ടെത്തിയ സ്ഥലം നികത്തി കെട്ടിട നിർമാണത്തിന് അനുയോജ്യമാക്കാനുള്ള നടപടി വേഗത്തിലാക്കുന്നു. ഹൈബി ഈഡൻ എംപിയും ഉമ തോമസ് എംഎൽഎയും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇന്നലെ സ്ഥലം പരിശോധിച്ച ശേഷം കലക്ടർ രേണുരാജുമായി ചർച്ച നടത്തി.
സ്ഥലം നികത്താനുള്ള 4 കോടി രൂപ തൃക്കാക്കര നഗരസഭ നേരത്തെ അനുവദിച്ചിട്ടുണ്ട്. നികത്തൽ അനുമതി സർക്കാരിൽ നിന്നു ലഭ്യമാക്കലാണ് അടുത്ത ഘട്ടം. മുന്നോടിയായി നിർദിഷ്ട സ്ഥലം സർക്കാരിന്റെ ഉടമസ്ഥതയിലാക്കും വിധം രേഖകൾ ക്രമപ്പെടുത്താൻ കലക്ടർ തൃക്കാക്കര നഗരസഭയ്ക്കു നിർദേശം നൽകി. സ്ഥലം സർക്കാർ രേഖകളിൽ ഇല്ലാത്തതിനാൽ നികത്താനുള്ള ശുപാർശ നൽകാൻ കഴിയുന്നില്ല. പ്രദേശത്തേക്കു വഴിയൊരുക്കാനുള്ള നടപടികളും ചർച്ച ചെയ്തു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ നൗഷാദ് പല്ലച്ചി, മുൻ ചെയർമാൻ ഷാജി വാഴക്കാല, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സേവ്യർ തായങ്കേരി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. കേന്ദ്രീയ വിദ്യാലയത്തിനായി ഇവിടെ സ്ഥിരം കെട്ടിടം നിർമിക്കുന്നതുവരെ താൽക്കാലികാടിസ്ഥാനത്തിൽ ക്ലാസ് തുടങ്ങാൻ സമീപത്തെ നഗരസഭ വ്യവസായ പാർക്കും മന്ദിരവും വിട്ടു കൊടുക്കാമെന്നു നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.