മലക്കുതാഴെ മേഖലയിൽ വെള്ളക്കെട്ട് കുറഞ്ഞിട്ടും കുറയാതെ ദുരിതം

Mail This Article
മുഴപ്പിലങ്ങാട് ∙ കനത്ത മഴയെ തുടർന്ന് മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മലക്കുതാഴെ പ്രദേശത്ത് രൂപപ്പെട്ട വെള്ളക്കെട്ട് കുറഞ്ഞെങ്കിലും പ്രതിസന്ധി തുടരുകയാണ്. വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിട്ടില്ല. വെള്ളക്കെട്ടുള്ള ഇടങ്ങളിലെ ചില വൈദ്യുതി തൂണുകൾ കടപുഴകി വീണിരുന്നു. വെള്ളക്കെട്ട് പൂർണമായും മാറാതെ വൈദ്യുതി തൂണുകൾ മാറ്റാനും ലൈൻ വലിക്കാനും നടത്താൻ കഴിയില്ലെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.
വീടുകൾക്കുള്ളിൽ വെള്ളം കയറിയതും ചുമരുകൾക്കും മറ്റും ഉണ്ടായിട്ടുള്ള നനവ് മാറാതെയും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനും പറ്റില്ല. ഇതു കാരണം വെള്ളക്കെട്ടിനെ തുടർന്ന് ബന്ധു വീടുകളിലേക്ക് മാറിയവരിൽ ഭൂരിഭാഗം പേരും മടങ്ങി വന്നിട്ടില്ല. 32 വീടുകളിലാണ് പൂർണമായും വെള്ളം കയറിയത്. 52 വീടുകളിൽ ഭാഗികമായി വെള്ളം കയറി. നൂറോളം പേർ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരുന്നു. ഇന്നലെ ഉച്ചയോടെ വെള്ളക്കെട്ട് കുറഞ്ഞതോടെ വീട്ടുടമകൾ സ്ഥലത്തെത്തി വീടുകൾ ശുചീകരിക്കുന്ന പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്.
മഴയുടെ ശക്തി കുറഞ്ഞ സ്ഥിതി നില നിൽക്കുകയാണെങ്കിൽ ഇന്നു വൈകിട്ടോടെ കൂടുതൽ കുടുംബങ്ങൾ തിരിച്ചെത്തും. പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള പണികൾ ദേശീയപാത അതോറിറ്റി ഇന്നലെയും ഊർജിതമായി നടത്തി. എടക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തെ വെള്ളക്കെട്ട് ഒഴുക്കി വിടാൻ വലിയ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു മാറ്റുന്നതും തുടരുന്നുണ്ട്.