ചെമ്പല്ലിക്കുണ്ടിൽ കടൽമണൽ കൂട്ടിയിടുന്നു; ഉപ്പിറങ്ങി കൃഷി നശിക്കുമെന്ന് ആശങ്ക
Mail This Article
പഴയങ്ങാടി∙ പാലക്കോട് അഴിമുഖത്തുനിന്ന് ഡ്രജിങ് നടത്തിയെടുത്ത മണൽ ചെറുതാഴം പഞ്ചായത്തിലെ ചെമ്പല്ലിക്കുണ്ട് പുഴയോരത്തെ കുന്നിൻചെരിവിൽ കൂട്ടിയിടുന്നത് ദുരിതമാകുന്നു. ഒരു മാസത്തിലധികമായി മണ്ണ് കൂട്ടിയിടുന്നു. പുഴയോരത്തെ കുന്നിൻചെരിവ് ഉൾപ്പെടുന്ന സ്ഥലം കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് കമ്പനിയുടേതാണ്. ഇവിടെ ഒരേക്കറിലധികം സ്ഥലത്താണ് ഇപ്പോൾ കടൽ മണൽ കൂമ്പാരം. ദിനം പ്രതി ഒട്ടേറെ ലോറികളിലാണ് മണൽ ഇവിടെ എത്തിക്കുന്നത്.
പൊതുമേഖല സ്ഥാപനമായ കെംഡെൽ ആണ് പാലക്കോടുനിന്ന് മണൽ ഡ്രജ് ചെയ്യുന്നത്. കരാറെടുത്ത കമ്പനി മണൽ പിന്നീട് വിൽക്കും. പാലക്കോട് ഭാഗത്താണ് ആദ്യം മണ്ണ് കൂട്ടിയിട്ടത്. ജനരോഷം ശക്തമായതോടെയാണ് ചെമ്പല്ലിക്കുണ്ട് പുഴയോരത്തെ കുന്നിൻ ചെരിവിലേക്ക് മാറ്റാൻ തുടങ്ങിയത്. മഴക്കാലം ആകുന്നതിന് മുൻപേ മണൽ ഇവിടെ നിന്ന് നീക്കിയില്ലെങ്കിൽ കടൽ മണലിലെ ഉപ്പ് പ്രദേശത്തെ വലയുകളിലേക്കും വ്യാപിക്കും.
രണ്ട് വിളവെടുക്കുന്ന പാടശേഖരത്തിൽ സമീപകാലത്തായി ഉപ്പുവെള്ളം കയറുന്നത് കാരണം ഒരു വിള നെൽക്കൃഷി മാത്രമേ ഇറക്കാൻ കഴിയുന്നുള്ളൂ. കൂട്ടിയിട്ട മണ്ണ് മഴക്കാലത്തിന് മുൻപ് മാറ്റിയില്ലെങ്കിൽ പ്രദേശത്താകെ ഉപ്പുവെളളം വ്യാപിക്കുകയും കൃഷി ഭൂമി നശിക്കാൻ കാരണമാവുകയും ചെയ്യുമെന്നാണ് പരാതി ഉയർന്നിട്ടുളളത്. വയലപ്രയിലെ ടൂറിസം കേന്ദ്രത്തിലേക്ക് പോകുന്ന റോഡരികിലാണ് മണൽ കൂമ്പാരം. മഴക്കാലത്ത് ഇത് റോഡിലേക്കും വ്യാപിക്കും.