24 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കണ്ണവം പൊലീസിന് സ്റ്റേഷനായി; പക്ഷേ...

Mail This Article
ചിറ്റാരിപ്പറമ്പ്∙ 24 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കണ്ണവം പൊലീസിന് സ്റ്റേഷനായി. കുറച്ചു മിനുക്കുപണികളുണ്ടെന്നത് ഒഴിച്ചുനിർത്തിയാൽ പൊലീസ് സ്റ്റേഷൻ പ്രവർത്തനസജ്ജമാണ്. എന്നിട്ടും സ്റ്റേഷൻ ഉദ്ഘാടനം എന്നു നടക്കുമെന്ന കാര്യത്തിൽ മാത്രം തീരുമാനമായിട്ടില്ല. ഇനി ഉദ്ഘാടനം നടത്തിയാലും സ്റ്റേഷനിലേക്കു വഴി കിട്ടാൻ എത്ര നാൾ കാത്തിരിക്കണമെന്നും അറിയില്ല.

മറികടന്നത് ഒട്ടേറെ പ്രതിസന്ധികൾ
സംസ്ഥാനത്തെ മറ്റ് പൊലീസ് സ്റ്റേഷനുകൾ ഹൈടെക്കാകുമ്പോഴും കണ്ണവം പൊലീസ് സ്റ്റേഷൻ കെട്ടിടം തകർച്ചാഭീഷണിയിലാണെന്നു ചൂണ്ടിക്കാട്ടി മലയാള മനോരമ വാർത്ത നൽകിയിരുന്നു. വാർത്തയുടെ ചിത്രം ഉൾപ്പെടെ നൽകിയാണു കണ്ണവം നിവാസികൾ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.സുധാകരൻ എംപി, കെ.കെ.ശൈലജ എംഎൽഎ, ചീഫ് സെക്രട്ടറി എന്നിവർക്കു പരാതി നൽകിയത്. കണ്ണൂരിൽ നടന്ന പൊലീസിന്റെ ജില്ലാതല പരാതിപരിഹാര അദാലത്തിലും കണ്ണവം പൗരസമിതി പ്രവർത്തകർ മലയാള മനോരമ നൽകിയ വാർത്തകൾ ഉൾപ്പെടുത്തിക്കൊണ്ടു കണ്ണവം സ്റ്റേഷന്റെ ചോർന്നൊലിക്കുന്ന അവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകി. ഈ പരാതികളുടെ അടിസ്ഥാനത്തിലാണു മുൻ ഡിജിപി അനിൽ കാന്ത് വനംവകുപ്പിൽ നിന്ന് വിട്ടുകിട്ടിയ 27 സെന്റിൽ സ്റ്റേഷൻ കെട്ടിടം നിർമിക്കാൻ നിർദേശം നൽകിയത്. കണ്ണവം വില്ലേജ് ഓഫിസിന് സമീപത്തുള്ള 27 സെന്റാണ് വനംവകുപ്പ് പൊലീസിന് വിട്ടു നൽകിയത്.
ഇനി വഴി വേണം
വനം വകുപ്പിൽനിന്ന് സ്ഥലം വിട്ടു കിട്ടിയപ്പോഴാകട്ടെ സ്റ്റേഷനിലേക്കുള്ള വഴി കണ്ടെത്താനായില്ല. റോഡ് നിർമിക്കേണ്ട സ്ഥലത്തിന്റെ ഫയലുകൾ ചുവപ്പു നാടയ്ക്കുള്ളിൽ ഇപ്പോഴും കുരുങ്ങിക്കിടപ്പാണ്. നിലവിൽ, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെയാണ് സ്റ്റേഷന്റെ പിറകിലേക്ക് റോഡ് നിർമിച്ചത്. അതും താൽക്കാലികം മാത്രം. പുതിയ റോഡ് നിർമിക്കാനായില്ലെങ്കിൽ സ്റ്റേഷനിലേക്കു പ്രവേശിക്കാനാവില്ല.
മാവോയിസ്റ്റ് ഭീഷണിയും
ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി പ്രദേശങ്ങളിലെ രാഷ്ട്രീയ അക്രമങ്ങൾക്ക് പരിഹാരം കാണുന്നതിനായി 2002ലാണ് കണ്ണവത്ത് പൊലീസ് സ്റ്റേഷൻ ആരംഭിച്ചത്. ത്യക്കടാരിപൊയിൽ കോളയാട്, ചെറുവാഞ്ചേരി, ചിറ്റാരിപ്പറമ്പ്, മാനന്തേരി എന്നിവിടങ്ങളിലേക്ക് ഏറ്റവും പെട്ടെന്ന് എത്തിപ്പെടാൻ പറ്റിയ നിലയ്ക്കാണ് കണ്ണവം ടൗണിൽ തന്നെ പൊലീസ് സ്റ്റേഷന് കെട്ടിടം കണ്ടെത്തിയത്. ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന 6 പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് കണ്ണവം സ്റ്റേഷൻ. എന്നാൽ, സ്റ്റേഷന് ഇതുവരെ ചുറ്റുമതിൽ കെട്ടാനായിട്ടില്ല.
കെട്ടിടം 8000 ചതുരശ്രയടിയിൽ
സംസ്ഥാനത്ത് ആദ്യമായി ജനകീയ സഹകരണത്തോടെ പൊതുസ്ഥലങ്ങളിൽ 100 ഓളം ക്യാമറകൾ സ്ഥാപിച്ച സ്റ്റേഷനാണ് കണ്ണവം. ഇതിൽ എഐ ക്യാമറയും ഉൾപ്പെടുന്നു. സ്റ്റേഷന് മുന്നിലാണ് അന്ന് എഐ ക്യാമറ സ്ഥാപിച്ചത്.8000 ചതുരശ്രയടിയിൽ രണ്ടു നിലകളായാണു പുതിയ സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. വേണമെങ്കിൽ രണ്ടാം നിലയിലും നിർമാണം നടത്താം. സേവനങ്ങൾ തേടി വരുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം കാത്തിരിപ്പു കേന്ദ്രം, ഹെൽപ് ഡെസ്ക്, കേസ് അന്വേഷണത്തിന് ശാസ്ത്രീയ സൗകര്യങ്ങൾ ഉൾപ്പെടെ ജന സൗഹൃദ പൊലീസ് സ്റ്റേഷനാകും പുതിയ കണ്ണവം പൊലീസ് സ്റ്റേഷൻ.കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷനായിരുന്നു നിർമാണച്ചുമതല. 2.20 കോടി രൂപ ചെലവിലാണു നിർമാണം.
അവസ്ഥ പരിതാപകരം
ടാർപായ വലിച്ചുകെട്ടിയ പൊളിഞ്ഞുവീഴാറായ ഇരുനില കെട്ടിടത്തിൽ 44 ജീവനക്കാരാണു നിലവിൽ ജോലി ചെയ്യുന്നത്. പ്രതികൾ സ്റ്റേഷൻ വരാന്തയിലെ ബെഞ്ചിലാണ് ഇരിക്കുന്നത്. സുരക്ഷിതമായ ലോക്കപ്പോ പ്രതികളെ ചോദ്യം ചെയ്യാനോ സ്ഥലമില്ല. തൊണ്ടി മുതൽ സൂക്ഷിക്കാൻ പോലും സ്ഥലമില്ല. വലിയ കേസുകളിലെ പ്രതികളെ കൂത്തുപറമ്പ് സ്റ്റേഷനിലെ ലോക്കപ്പിലാണു താമസിപ്പിക്കുന്നത്.വൃത്തിയുളള വനിതാ ശുചിമുറിയോ പൊലീസുകാർക്ക് വിശ്രമിക്കാനുള്ള സൗകര്യമോ ഇല്ല. പരാതിയുമായി വരുന്ന നാട്ടുകാർ കുടയും ചൂടി സ്റ്റേഷന്റെ വളപ്പിലെ മരച്ചുവടുകൾ തേടണം.