കൊല്ലം പുസ്തകോത്സവത്തിന് തുടക്കം
Mail This Article
കൊല്ലം∙ നാലു കോടിയോളം രൂപയുടെ പുസ്തകങ്ങളുമായി കൊല്ലം പുസ്തകോത്സവത്തിനു തേവള്ളി ബോയ്സ് സ്കൂൾ അങ്കണത്തിൽ തുടക്കം. കനത്ത മഴയെ അവഗണിച്ചു പുസ്തക പ്രേമികളുടെ വൻ തിരക്കാണ് സുഗതകുമാരിയുടെ പേരിലുള്ള നഗറിൽ അനുഭവപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം നടക്കുന്ന മേളയിൽ 63 പ്രസാധകർ എത്തിയിട്ടുണ്ട്. 17,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുസ്തകം നിരത്തിയിട്ടുള്ളത്. കഥ, നോവൽ ബാലസാഹിത്യം,സഞ്ചാര സാഹിത്യം, വൈജ്ഞാനിക ഗ്രന്ഥങ്ങൾ, മൊഴിമാറ്റം തുടങ്ങിയവയിൽ പതിനായിരത്തോളം ടൈറ്റിലുകൾ ഉണ്ട്.
ഗ്രന്ഥശാലകൾക്കും വ്യക്തികൾക്കും വിലക്കിഴിവ് ലഭിക്കും. ഗ്രന്ഥശാലകൾ മാത്രം 2 കോടിയിലേറെ രൂപയുടെ പുസ്തകം വാങ്ങുമെന്നാണു കരുതുന്നത്. 1.75 കോടി രൂപ ഗ്രന്ഥശാലകൾക്ക് ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. ഗ്രന്ഥശാലകളുടെ ഗ്രേഡ് അനുസരിച്ചു 12,000 മുതൽ 50,000 രൂപ വരെയാണ് നൽകിയത്. ഗ്രാന്റിനെക്കാൾ 35% അധികം തുകയ്ക്കു പുസ്തകം വാങ്ങണം എന്നാണ് നിർദേശം.പുസ്തകോത്സവം സാഹിത്യകാരൻ ജി.ആർ.ഇന്ദുഗോപൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ ആദ്യ വിൽപന നടത്തി.വായനോത്സവ വിജയികൾക്ക് എസ്.നാസർ സമ്മാനവിതരണം നടത്തി. കൂടുതൽ അംഗങ്ങളെ ചേർത്ത ഗ്രന്ഥശാലകൾക്കുള്ള പുരസ്കാരസമർപ്പണം ഡപ്യൂട്ടി മേയർ കൊല്ലം മധു നിർവഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.സുകേശൻ, ഡോ.പി.കെ.ഗോപൻ, എൻ.ഷൺമുഖദാസ്, സി.ബാൾഡുവിൻ എം.സലിം എന്നിവർ പ്രസംഗിച്ചു. പുസ്തകോത്സവം 31നു സമാപിക്കും.