കാട് വെട്ടുന്നു, ഓടകൾ വൃത്തിയാക്കുന്നു, സീബ്ര ലൈനുകൾ പുതുക്കി വരയ്ക്കുന്നു; എംസി റോഡിൽ പുതുകാഴ്ചകൾ..

Mail This Article
കുറവിലങ്ങാട് ∙ കാട് വെട്ടുന്നു. ഓടകൾ വൃത്തിയാക്കുന്നു. സീബ്ര ലൈനുകൾ പുതുക്കി വരയ്ക്കുന്നു. അപകടക്കെണി ഒരുക്കിയ വെമ്പള്ളിയിലെ വേഗത്തടകളിൽ ഒരെണ്ണം നീക്കം ചെയ്യുന്നു. കാട് കയറിയ ദിശാബോർഡുകൾ തെളിച്ചെടുത്ത് പ്രയോജനപ്പെടുത്തുന്നു. ഇപ്പോൾ ഇതാ നടപ്പാതകൾ സുരക്ഷിതമാക്കുന്നതിനു ഓടകൾക്കു മുകളിലെ പൊട്ടിയ സ്ലാബുകൾ മാറ്റി സ്ഥാപിക്കുന്നു. എംസി റോഡരികിലെ കാഴ്ചകൾ മാറുന്നു.
കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപം ഒ ന്നര വർഷമായി നടപ്പാതയിൽ സ്ലാബ് ഇളകി കുഴി രൂപപ്പെട്ട അവസ്ഥയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം കരാർ തൊഴിലാളികൾ ഈ ഭാഗം സുരക്ഷിതമാക്കി. ബാക്കി സ്ഥലങ്ങളിലും ഇതേ മാതൃക പിന്തുടരുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.
പുതുവേലി മുതൽ പട്ടിത്താനം വരെ റോഡിന്റെ വശങ്ങൾ കാട് വെട്ടിത്തെളിച്ചു ദിശാബോർഡുകൾ കാണാൻ സാധിക്കുന്ന അവസ്ഥയിൽ ആക്കി. ഔട്ട്പുട്ട് ആൻഡ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് (ഒപിബിആർസി) പ്രകാരം 7 വർഷത്തേക്കു കരാറുകാർ ഏറ്റെടുത്തതോടെയാണ് എംസി റോഡിനു നല്ല കാലം. ആരംഭിച്ചത്. അടുത്ത ഘട്ടത്തിൽ റോഡിന്റെ അറ്റകുറ്റപ്പണി നടത്തും. കാത്തിരിപ്പിനു ഒടുവിലാണ് എംസി റോഡിൽ കോടിമത മുതൽ അങ്കമാലി വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് റോഡ് പരിപാലന വിഭാഗം ഏറ്റെടുത്തത്.