ഗുജറാത്ത്, മുംബൈ സമാന്തര എക്സ്ചേഞ്ചുകൾക്കു കേരള ബന്ധം
Mail This Article
കോഴിക്കോട്∙ സമാന്തര ഫോൺ എക്സ്ചേഞ്ച് നടത്തിയതിനു ഗുജറാത്തിൽ കഴിഞ്ഞ ദിവസം പിടിയിലായതു കേരളം കേന്ദ്രീകരിച്ചുള്ള സമാന്തര എക്സ്ചേഞ്ച് സംഘത്തിലെ കണ്ണികൾ. മലപ്പുറം സ്വദേശി കെ.നജീബ് ഉൾപ്പെടെ 3 പേരെയാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
മറ്റു രണ്ടുപേർ പുണെ, ഗോവ സ്വദേശികളാണ്.അഹമ്മദാബാദ് ജുഹാപുരയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവർ സമാന്തര എക്സ്ചേഞ്ച് നടത്തിയത്. ഇതേ സംഘം മുംബൈയിൽ നടത്തിയിരുന്ന എക്സ്ചേഞ്ച് മുംബൈ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി. ബഹ്റൈനിൽ നജീബിന്റെ ഉടമസ്ഥതയിലുള്ള കോൾ സെന്ററിന്റെ മറവിലായിരുന്നു സമാന്തര എക്സ്ചേഞ്ചുകളുടെ പണമിടപാടുകളും കോളിങ് കാർഡ് വിൽപനയും നടത്തിയിരുന്നതെന്നും ഗുജറാത്ത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ സമാന്തര എക്സ്ചേഞ്ച് കേസുകൾ അന്വേഷിക്കുന്ന സംഘം ഗുജറാത്ത്, മുംബൈ എക്സ്ചേഞ്ച് കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. എസ്പി ചൈത്രാ തെരേസാ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെ കേസുകൾ അന്വേഷിക്കുന്നത്.
കേരളം, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ സമാന്തര എക്സ്ചേഞ്ചുകളിൽ നിന്ന് കണ്ടെത്തിയതിനു സമാനമായ ഉപകരണങ്ങളാണ് ഗുജറാത്തിലെയും മുംബൈയിലെയും എക്സ്ചേഞ്ചുകളിൽ നിന്നു ലഭിച്ചത്. ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലെയും സമാന്തര എക്സ്ചേഞ്ചുകൾക്കു പിന്നിൽ ഒരേ സംഘമാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിലാണ് സമാന്തര എക്സ്ചേഞ്ചുകൾ പിടികൂടിയത്.