വന്യജീവിയെ കണ്ടതിനെ തുടർന്ന് ആശങ്ക
Mail This Article
പേരാമ്പ്ര ∙ കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളുടെ അതിർത്തിയായ എരംതോട്ടം പൂവാറ ഭാഗത്ത് പുലിയോടു സാദൃശ്യമുള്ള ജീവിയെ കണ്ടതായി വീട്ടമ്മ. കടിയങ്ങാട് മഹിമയ്ക്ക് സമീപം ഏരൻതോട്ടം ഭാഗത്ത് പൂവാറച്ചാലിൽ പത്മിനിയാണു വൈകിട്ട് 5.45ന് ജീവിയെ കണ്ടത്. വീടിന് സമീപം റോഡിൽ ജീവിയെ കണ്ട് ബഹളം വച്ചതിനെ തുടർന്ന് കുറ്റിക്കാട്ടിലേക്ക് ഓടി മറഞ്ഞതായി വീട്ടമ്മ പറയുന്നു. ജനപ്രതിനിധികളും പെരുവണ്ണാമൂഴി ഫോറസ്റ്റ് ബീറ്റ് ഓഫിസർ എൻ.ടി.ബിജേഷിന്റെ നേതൃത്വത്തിൽ വനപാലകരും സബ് ഇൻസ്പെക്ടർ ഹമീദിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിന്ദു, വൈസ് പ്രസിഡന്റ് വി.എം.അനൂപ് കുമാർ, പഞ്ചായത്ത് അംഗം വി.ഗോപി, ചങ്ങരോത്ത് പഞ്ചായത്ത് അംഗം ഇ.ടി.സരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാർ സംഭവ സ്ഥലത്ത് പരിശോധന നടത്തി. പുലിയുടെ കാൽപാടുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് വനപാലകർ പറഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്.