തിരഞ്ഞെടുപ്പ് പ്രചാരണരംഗം ചൂടുപിടിപ്പിച്ച് പൗരത്വ നിയമം
Mail This Article
മലപ്പുറം ∙ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ അപ്രതീക്ഷിതമായി ചൂടുപിടിപ്പിച്ച വിഷയമായി പൗരത്വ നിയമവും. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളായ ഇ.ടി.മുഹമ്മദ് ബഷീറും എം.പി.അബ്ദുസ്സമദ് സമദാനിയും പ്രചാരണം നിർത്തിവച്ച് രാവിലെ പാണക്കാട്ട് ഈ വിഷയത്തിൽ നടന്ന ലീഗ് അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുത്തു. തുടർന്ന് ഇ.ടി.കൊണ്ടോട്ടിയിലെയും സമദാനി തിരൂരിലെയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ യോഗങ്ങളിലും പങ്കെടുത്തു. റമസാനിലെ ആദ്യ ദിനമായ ഇന്നലെ ഇരുവരും അവരവരുടെ വീടുകളിലെത്തിയാണ് നോമ്പ് തുറന്നത്.
മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർഥി വി.വസീഫിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിലും പൗരത്വ നിയമം വിഷയമായി. വ്യക്തികൾക്കു പുറമേ പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിലും ആരോഗ്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളുമായി സംവദിച്ചു. കുന്നപ്പള്ളിയിലെ ഗ്രാൻഡ് ലിഡോ ക്ലബ്ബിലായിരുന്നു പ്രവർത്തകർക്കൊപ്പം ഇഫ്താർ. കോട്ടയ്ക്കലിലായിരുന്നു പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയുടെ പ്രചാരണം. ചങ്ങരംകുളം കാഞ്ഞൂർ ജുമാ മസ്ജിദിലാണ് അദ്ദേഹം നോമ്പുതുറന്നത്.
പൗരത്വ വിഷയത്തിലടക്കം പ്രതികരിച്ചുകൊണ്ടായിരുന്നു മലപ്പുറത്തെ എൻഡിഎ സ്ഥാനാർഥി ഡോ.എം.അബ്ദുൽ സലാമിന്റെ പര്യടനം. പൗരത്വ വിഷയത്തിൽ ഇല്ലാത്ത അധികാരം കാണിക്കുകയാണ് മുഖ്യമന്ത്രിയെന്നും മുസ്‌ലിംകളെ ഒരു തരത്തിലും ബാധിക്കുന്ന വിഷയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കൊണ്ടോട്ടി റഹ്മാൻ തങ്ങളെ കണ്ടു പിന്തുണ തേടിയ അദ്ദേഹം ജാമിഅ സലഫിയ്യ അടക്കമുള്ള സ്ഥാപനങ്ങളിൽ വിദ്യാർഥികളുമായി സംവദിക്കുകയും ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. പെരിങ്ങാവിലെ പ്രവർത്തകന്റെ വീട്ടിലായിരുന്നു നോമ്പുതുറ. പൊന്നാനിയിലെ എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ കുറ്റിപ്പുറം കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.