വയനാട് മണ്ഡലത്തിൽ പ്രചാരണം ചൂടുപിടിക്കുന്നു
Mail This Article
മലപ്പുറം ∙ വയനാട് മണ്ഡലവും തിരഞ്ഞെടുപ്പു ചൂടിലേക്ക്. യുഡിഎഫ് നിയോജക മണ്ഡലം കൺവൻഷനുകൾക്കു നാളെ തുടക്കമാകും. ഏറനാട് മണ്ഡലത്തിലെ കൺവൻഷൻ അരീക്കോട് സൺസിറ്റി ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. അന്നു തന്നെ തിരുവമ്പാടി മണ്ഡലത്തിലെ കൺവൻഷനും നടക്കും. എൽഡിഎഫ് സ്ഥാനാർഥി ആനി രാജ ഇതിനോടകം പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്.
എൻഡിഎ സ്ഥാനാർഥികളെയും ഉടൻ പ്രതീക്ഷിക്കുന്നു.യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലായതിനാലാണ് മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണം വൈകുന്നത്. 17ന് യാത്ര സമാപിച്ച ശേഷം അദ്ദേഹം വയനാട് മണ്ഡലത്തിലെത്തുമെന്നാണ് വിവരം. തുടർന്നാണ് ലോക്സഭാ മണ്ഡലം കൺവൻഷൻ നടക്കുക. അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ തന്നെ പോസ്റ്റർ, ചുവരെഴുത്തു പ്രചാരണങ്ങൾ ആരംഭിച്ചിരുന്നു.
എൽഡിഎഫിന്റെ സ്ഥാനാർഥിയെയാണ് ആദ്യം പ്രഖ്യാപിച്ചത്. ആനി രാജ ഇതിനോടകം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെത്തി പ്രചാരണം നടത്തിയിരുന്നു. വിവിധ സ്ഥലങ്ങളിൽ വോട്ടഭ്യർഥിച്ചു.എൻഡിഎയ്ക്ക് സസ്പെൻസ് സ്ഥാനാർഥിയുണ്ടാകുമോയെന്നതും മണ്ഡലം ഉറ്റു നോക്കുന്നു. ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളാണ് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്.